ക്രിസ്തുവിൽ ഏറ്റവും സ്നേഹം നിറഞ്ഞ സി. ആർ. ഐ. എറണാകുളം യൂണിറ്റ് പ്രസിഡൻറ് ആൻറണി പൊൻവേലി അച്ചാ, പ്രൊവിൻഷ്യൽമരെ, ഡലഗേറ്റ്സ്, സുവർണ്ണ ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന അനുഗ്രഹീതരായ സഹോദരരെ, സ്നേഹംനിറഞ്ഞ സന്യാസ സഹോദരന്മാരെ സഹോദരിമാരെ,
സമർപ്പിത ജീവിത സമൂഹങ്ങൾക്കും അപ്പോസ്തലീക ജീവിത സംഘങ്ങൾക്കും വേണ്ടിയുള്ള തിരുസംഘം നൽകിയ ഒരു മാർഗ്ഗരേഖയുണ്ട് ‘പുതിയ വീഞ്ഞ് പുതിയ തോൽ കുടങ്ങളിൽ’ (Mk 2,22). ഈ മാർഗരേഖയുടെ ആദ്യത്തെ ഭാഗത്ത് തന്നെ പറയുന്നു “പുതിയ വീഞ്ഞ് പുതിയ തോൽകുടങ്ങളിൽ” എന്ന യേശുനാഥൻ്റെ വചനത്തിന് നമ്മുടെ കാലഘട്ടത്തിൻ്റെ വെല്ലുവിളികളുടെ പശ്ചാത്തലത്തിലും രണ്ടാംവത്തിക്കാൻ കൗൺസിൽ ആഹ്വാനം ചെയ്ത നവീകരണത്തിൻ്റെ ചൈതന്യത്തിലും സമർപ്പിത ജീവിതത്തിൻറെ പ്രയാണത്തെ പ്രകാശിതം ആക്കാൻ കഴിയും. സുവിശേഷത്തിൻ്റെ നൂതനമായ സമ്പന്നത സംരക്ഷിക്കുന്നതിനും സമർപ്പിത ജീവിതത്തിൻറെ മേന്മയും നന്മയും നിലനിർത്തുന്നതിനും പുതിയ തോൽ കൂട്ടങ്ങളായി വർത്തിക്കേണ്ട വരാണ് നിങ്ങൾ.
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് ഇടയിലും, സമർപ്പിതജീവിതം ഏറ്റവും ശ്രേഷ്ഠമായും ധന്യമായും നയിച്ചുകൊണ്ട് തങ്ങൾക്ക് ലഭിച്ച ദൈവാനുഭവം മറ്റുള്ളവർക്ക് വീര്യം ചോരാതെ പങ്കുവെച്ച് നൽകുന്ന ഓരോ സമർപ്പിതനും തീർച്ചയായും എരിഞ്ഞ തീരുന്ന മെഴുകുതിരികളാണ്. പുതിയ വീഞ്ഞ് പുതിയ തോൽകുടങ്ങളിൽ ശേഖരിച്ചു വെക്കുമ്പോൾ ആവുന്നത്ര അത് ഉൾക്കൊള്ളാവുന്ന രീതിയിൽ തോൽക്കുടങ്ങൾ വികസിക്കുകയും അത് കൂടുതലായി വീര്യമുള്ള വീഞ്ഞ് ഉൾക്കൊണ്ട് എത്രയും അധികമായി മറ്റുള്ളവർക്ക് പങ്കുവെച്ച് നൽകുകയും ചെയ്യുന്നത് ഉപകാരപ്രദമാണ്. ഓരോ സമർപ്പിതൻറെയും ജീവിത ലക്ഷ്യവും അതു തന്നെയാണ്. തൻറെ സുവിശേഷ വ്രതങ്ങളിലൂടെ സ്വീകരിച്ചിട്ടുള്ള ജീവിതശൈലി സ്വന്തം ആക്കാൻ സഹായിക്കുന്ന ദൈവാനുഭവം ഹൃദയത്തിൽ ആവോളം നിറച്ച് വിവിധ ശുശ്രൂഷ മേഖലകളിലൂടെ മറ്റുള്ളവർക്ക് പങ്കുവെച്ച് നൽകി എന്നും ഒരു തിരിനാളമായി ജ്വലിച്ചു നിൽക്കാൻ നിങ്ങളെല്ലാവരും എപ്പോഴും പരിശ്രമിക്കുന്നുണ്ട്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ ഇപ്രകാരമാണ് “പിതാവായ ദൈവം പരിശുദ്ധാത്മാവിലൂടെ സഭയ്ക്കു നൽകുന്ന ദാനമാണ് സമർപ്പിത ജീവിതം”. (Vita Consecrata No.3)
ആഗമന കാലത്തിലൂയാണല്ലോ നാമിപ്പോൾ കടന്നുപോകുന്നത്. പരിശുദ്ധ അമ്മയുടെ ഉദരത്തിൽ പരിശുദ്ധാത്മാവ് ആവസിച്ചപ്പോളാണ് പരിശുദ്ധ അമ്മയുടെ ഉദരത്തിൽ ദൈവപുത്രൻ ഉരുവായത്. ഇപ്രകാരം പരിശുദ്ധാത്മാ അഭിഷേകം ജീവിതത്തിൽ സ്വീകരിച്ച് ദൈവ വിളിയിലേക്ക് പ്രവേശിച്ച വരാണ് നാമെല്ലാവരും. പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ ജീവിതത്തിൽ ദൈവം തന്നിരിക്കുന്ന ഈ വിളിയും ഇവയോടൊപ്പം നമുക്ക് നൽകി അനുഗ്രഹിച്ചിരിക്കുന്ന വ്യത്യസ്തങ്ങളായ കൃപകളും ദൈവ പദ്ധതി പൂർത്തിയാക്കാൻ നൽകപ്പെട്ടവയാണ്. നിങ്ങളുടെ പ്രാർത്ഥന ജീവിതത്തിൽ സഹനങ്ങൾ ഏറ്റെടുത്ത നിമിഷങ്ങളിൽ നിങ്ങളുടെ ശുശ്രൂഷ മേഖലകളിൽ നാം നമ്മെ തന്നെ വിട്ടു കൊടുക്കാൻ മനസ്സ് കാണിച്ചതിനാൽ ദൈവമഹത്വം നമ്മിലൂടെ മറ്റുള്ളവർക്ക് ദൃശ്യമയി. അപ്രകാരം സമർപ്പിതർ എല്ലാവരും പരിശുദ്ധ അമ്മയോടൊപ്പം ഈശോയുടെ രക്ഷാകര പദ്ധതിയിലെ കൂട്ടു വേലക്കാരൻ തീർന്നു.
പ്രത്യേകിച്ച് എൻറെ മുൻപിലുള്ള സുവർണ്ണ ജൂബിലിയുടെ നിറവിൽ ആയിരിക്കുന്നവർ ജീവിതത്തിൽ നല്ല തോൽ കുടങ്ങളായും കഴിഞ്ഞകാലം ഒക്കെയും പരിശുദ്ധാത്മാവിനെ നിറവിൽ ഈ ലോകത്ത് വ്യാപരിച്ചവരുമാണ്. ഈ നിമിഷം ഇവരെ എല്ലാവരെയും ഹൃദയപൂർവ്വം ഞാൻ അഭിനന്ദിക്കുകയും അവർ സഭയ്ക്കും സമൂഹത്തിനും പരിപൂർണ്ണ സമർപ്പണത്തോടെ ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദി പറയുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു.
ഇപ്രകാരം ഒരു മീറ്റിംഗ് കോവിഡിനു ശേഷം സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്ത ആൻറണി പൊൻവെയിൽ അച്ചനും മറ്റ് ചുമതലകൾ വഹിക്കുന്ന ഭാരവാഹികൾക്കും ഞാൻ ആശംസകൾ നേരുന്നു. ആഗതമാകുന്ന ക്രിസ്തുമസിൻ്റെയും പുതുവത്സരത്തിൻ്റെയും മംഗളങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും നേരുന്നു. എനിക്കുവേണ്ടിയും നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കുക. ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.