കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 42-ാമത് ദിദ്വിന ജനറല്‍ കൗണ്‍സില്‍ യോഗം എറണാകുളത്ത് ആശീര്‍ഭവനില്‍ ആരംഭിച്ചു. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍ നിന്നും മെത്രാന്മാരും വൈദിക, അല്മായ, സന്ന്യസ്ത പ്രതിനിധികളും അല്മായ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിലും സംസ്ഥാനത്തും ജനാധിപത്യ പാരമ്പര്യവും
പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നുവെന്ന് ഉദ്ഘാടന പ്രസംഗം നടത്തിയ ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ഹൃദയത്തില്‍ അഗ്നിയും കാലുകളില്‍ ചിറകും ഉള്ളവരായാലേ സമുദായ മുന്നേറ്റങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കഴിയുകയുള്ളൂ എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്നു. ബിഷപ് ഡോ. ക്രിസ്തുദാസ് രാജപ്പന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറിമാരായ പി.ജെ തോമസ്, ട്രഷറര്‍ എബി കുന്നേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പുഷ്പ ക്രിസ്റ്റി നന്ദിയും പറഞ്ഞു.
ഡോ. ഗ്രിഗറി പോള്‍, ഡോ. ജോബ് വാഴക്കൂട്ടത്തില്‍, ഡോ. ഷാജി ജര്‍മന്‍ എന്നിവര്‍ അനുബന്ധ പ്രഭാഷണങ്ങള്‍ നടത്തി. ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍ മോഡറേറ്റര്‍ ആയിരുന്നു. തുടര്‍ന്ന് കെആര്‍എല്‍സിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
ജനുവരി 14ന് ഞായറാഴ്ച സമാപന സമ്മേളനത്തില്‍ കെആര്‍എല്‍സിസിയുടെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. രാഷ്ട്രീയപ്രമേയം അവതരിപ്പിച്ച് അംഗീകരിക്കുകയും ചെയ്യും.
കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, രാഷ്ട്രീയകാര്യ സമിതിയുടെ ജോയിന്റ് കണ്‍വീനര്‍ അഡ്വ. ഷെറി ജെ തോമസ്, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.