വീഡിയോ സന്ദേശത്തിലൂടെ നമുക്കൊപ്പം ചേര്‍ന്ന അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവേ, ഈ സമ്മേളനത്തില്‍ അധ്യക്ഷപദം അലങ്കരിക്കുന്ന അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവേ, ബഹുമാനപ്പെട്ട മന്ത്രി ശ്രീ റോഷി അഗസ്റ്റിന്, അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയോഡേഷ്യസ് പിതാവേ, ശ്രീ അന്‍വര്‍ സാദത്ത് എം.എല്‍.എ., റവ. ഡോ. ജോജി കല്ലിങ്കല്‍, മുന്‍സിപ്പല്‍ ചെയര്മാന് ശ്രീ എം. ഒ. ജോണ്‍, പെരിയ ബഹുമാനപ്പെട്ട റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, കൗണ്‍സിലര്‍ ശ്രീ ജില്‍സ് (Ghylse) ദേവസി പയ്യപ്പിള്ളി, നവതി ആഘോഷ കമ്മിറ്റിയുടെ കണ്‍വീനര്‍ റവ. ഡോ. മാര്ട്ടിന് കല്ലിങ്കല്‍, പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗുരുശ്രേഷ്ഠരേ, ഇതര സ്റ്റാഫ് അംഗങ്ങളെ, പൂര്‍വ്വ വിദ്യാര്‍ത്ഥികളെ, ഗുണകാംക്ഷികളേ, വൈദികാര്‍ത്ഥികളെ, സുഹൃത്തുക്കളെ.
നിങ്ങള്‍ക്കേവര്‍ക്കും ധന്യമായ ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ, ഈ ചരിത്ര സ്മൃതിയുടെ മംഗളാശംസകള്‍ സസന്തോഷം ആദ്യമേതന്നെ നേര്‍ന്നു കൊള്ളട്ടെ. ചരിത്രം എന്ന അനുസ്യൂതിയില്‍ ഒരു സ്ഥാപനത്തിന്റെ 90 വര്‍ഷം എന്നത് നിര്‍ണായകമായ ഒരു കാലഘട്ടം തന്നെയാണ്. അതുകൊണ്ടുതന്നെ ഇത് വിലയിരുത്തപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും സര്‍വ്വോപരി അതിന്റെ അടിസ്ഥാനത്തില്‍ അടയാളപ്പെടുത്തപ്പെടുകയും വേണം.
മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയും കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയും ഉള്‍പ്പെട്ട പൊന്തിഫിക്കല്‍ ഇന്‍സ്റ്റ്യൂട്ട് ആഴമാര്‍ന്ന സുവിശേഷാധിഷ്ഠിത ആത്മീയതയുടെയും, വിമോചക ശേഷിയാര്‍ന്ന കര്‍മ്മ ധീരതയുടെയും, യുക്തിഭദ്രമായ തുറവിയുടെയും, പരിപക്വമായ യാഥാര്‍ഥ്യബോധത്തിന്റെയും, അടങ്ങാത്ത വിജ്ഞാനതൃഷ്ണയുടെയും, ഒടുങ്ങാത്ത മിഷന് ബോധ്യത്തിന്റെയും, സാഹോദരാധിഷ്ഠിതമായ സമന്വയാഭിമുഖ്യത്തിന്റെയും കൂടാരമായിട്ടാണ് ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടി കഴിഞ്ഞിട്ടുള്ളത്. അതിനു വളമായതും വഴിമരുന്നിട്ടതും വിദേശങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലെത്തി ഈ നാടിനെ കര്‍മ്മ ഭൂമിയായി വരിച്ച കര്‍മ്മലീത്താ മിഷനറിമാരുടെ ത്യാഗസുരഭിലമായ ആത്മസമര്‍പ്പണങ്ങളാണ്. രക്തസാക്ഷിത്വങ്ങളും അതില്‍ ഉള്‍ച്ചേര്‍ന്നുവെന്ന് നാം നന്ദിയോടെ ഓര്‍ക്കുന്നു! 1955 ല്‍ ആലുവ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി ഉദ്ഘാടന പ്രസംഗത്തില്‍ അന്നത്തെ അപ്പോസ്തോലിക്ക് ഇന്റര്നുന്ഷിയോ മോണ്‍. മാര്ട്ടിന് ലൂക്കാസ് എസ്.വി.ഡി. ഇപ്രകാരം പറയുകയുണ്ടായി ‘കര്‍മ്മലീത്ത മിഷനറിമാര്‍ ഭാരതസഭയ്ക്ക് ഒന്നും ചെയ്തില്ലെങ്കില്‍ പോലും, ആലുവായിലെ അതിമനോഹരവും ബ്രഹ്മാണ്ഡവുമായ സെമിനാരികളായ കാര്മ്മല്ഗിരിയും മംഗലപ്പുഴയും അവര്‍ സ്ഥാപിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഭാരതം കര്‍മ്മലീത്താ മിഷണറിമാരെ എന്നും ഓര്‍മ്മിക്കും.’
ആലുവായില്‍ പഠിച്ചിറങ്ങിയവരും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ ആയിരക്കണക്കിന് വൈദികരുടെ മുഖമുദ്രയായി ഞാന്‍ നേരത്തെ പരാമര്‍ശിച്ച ഗുണഗണങ്ങള്‍ ഇന്നും വാഴ്ത്തപ്പെട്ടു പോരുന്നു. സഭയെ മാത്രമല്ല, പൊതുസമൂഹത്തേയും ശാക്തികരിക്കുന്നതിലും വിശുദ്ധീകരിക്കുന്നതിലും, ഉദ്ഗ്രഥനത്തിലേക്ക് ഉത്തേജിപ്പിക്കുന്നതിലും അവര്‍ വഹിച്ച പങ്ക് അവിതര്‍ക്കിതവും, അവര്‍ സഹിച്ച ത്യാഗങ്ങള്‍ അവര്‍ണ്ണനീയവും എന്നു നിരീക്ഷിക്കാതെ വയ്യ. അതുകൊണ്ടാണ് മംഗലപ്പുഴയും കാര്മല്ഗിരിയും ഉള്‍പ്പെടുന്ന ഈ പൊന്തിഫിക്കല്‍ സെമിനാരികളുടെ നാള്‍വഴികളിലെ നാഴികകല്ലുകള്‍ ഓരോന്നും സഭയുടെ മാത്രമല്ല, പൊതു സമൂഹത്തിന്റെ കൂടി ആഘോഷമായി മാറുന്നത്. അങ്ങിനെ നമ്മുടെ നാടിന്റെ പൊതു പൈതൃകമായി പരിണമിക്കുന്നത്. ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ് ഈ ആഘോഷത്തില്‍ ബഹുമാനപ്പെട്ട മന്ത്രിയുടെയും ആദരണീയരായ മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യം.
വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഈ നവതി ആഘോഷത്തില്‍ പങ്കു ചേരുക എന്നത് എനിക്ക് ഇരട്ടി മധുരത്തിന്റെ അനുഭവമാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരവും അതുകൊണ്ടുതന്നെ വൈകാരികവുമാണ്. രണ്ടാമത്തേതാകട്ടെ ചരിത്രപരവും അതുകൊണ്ടുതന്നെ കുറെയൊക്കെ അക്കാദമികവുമാണ്.
ഈ വേദിയില്‍ സന്നിഹിതരായിരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരെപ്പോലെ ഞാനും മംഗലപ്പുഴയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണെന്ന വസ്തുത അനല്പമായ അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുന്നു. ട്രിച്ചി സെന്റ് പോള്‍സ് സെമിനാരിയില്‍ ഈശോസഭക്കാരുടെ ശിക്ഷണത്തില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ഞാന്‍ നാലുവര്‍ഷം നീണ്ട ദൈവശാസ്ത്ര പഠനം നിര്‍വ്വഹിച്ചത് ഇവിടെ മംഗലപ്പുഴ സെമിനാരിയിലാണ്. നിഷ്പാദുക കര്‍മലീത്താ സഭയുടെ സ്പെയിനിലെ നവാറാ പ്രൊവിന്‍സില്‍നിന്നുള്ള ഫാ. ഡോ. ഡോമിനിക് ഫെര്‍ണാണ്ടസ് ഒ.സി.ഡി. ആയിരുന്നു ഇവിടെ എന്റെ റെക്ടര്‍. കേരളത്തിലെ കത്തോലിക്കാ സഭയെ പ്രാണനുതുല്യം സ്നേഹിച്ച പണ്ഡിത ശിരോമണിയായ ആ മിഷനറി വര്യന് 2021 മെയ് 15 ന് ശനിയാഴ്ച 96-ാം വയസ്സില്‍ അന്തരിച്ചു. ഈ നവതി വര്‍ഷത്തില്‍ ഇങ്ങനെ നാം കടംകൊണ്ടവരായ എത്രയോ പേരെ കുറിച്ച് നമ്രശിരസ്കരായി ഓര്‍കേണ്ടിയിരിക്കുന്നു! മനുഷ്യന്റെ വികാരവിചാരങ്ങളെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്താന്‍ ശേഷിയുള്ള ഗോത്തിക്ക് വാസ്തു ശില്പകലയുടെ ഉദാത്ത മാതൃകയായ ഇവിടത്തെ കപ്പേളയില്‍ കാണുന്ന കര്‍മലീത്ത ലോഗോ അഥവാ സഭാ മുദ്ര, ആ പൂര്‍വ്വ സൂരികളെയും അവയോടുള്ള നമ്മുടെ തീര്‍ത്താല്‍ തീരാത്ത കടപ്പാടിനെയും നമ്മെ അനുസ്മരിപ്പിച്ചു കൊണ്ടേയിരിക്കുന്നു! ഈ കപ്പേളയില്‍ വച്ച് 1978 മാര്‍ച്ച് 13 നാണ് ഞാന്‍ തിരുപ്പട്ടം സ്വീകരിച്ചത്. ഇവിടെ വൈസ് റെക്ടര്‍ ആയിരിക്കെ 1971 ല്‍ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട ഭാഗ്യസ്മരണര്‍ഹനായ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്തറയാണ് നിത്യപുരോഹിതനായ യേശു ക്രിസ്തുവിന്റെ പ്രതിനിധിയായി എനിക്ക് പുരോഹിത പട്ടം നല്‍കിയത്.
ഇങ്ങനെ വൈകാരികവും വ്യക്തിപരവുമായ ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ടെങ്കിലും മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷവുമായി എന്നെ കൂടുതല്‍ ബന്ധിപ്പിക്കുന്നതും കൂടുതല്‍ ചാരിതാര്ത്ഥ്യത്തിന് വകനല്കുന്നതും ചരിത്രപരമായ കാരണങ്ങള്‍ തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. അതാണ് വസ്തുതയും. എന്നെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടകനായി പെരിയ ബഹുമാനപ്പെട്ട റെക്ടറച്ചന് ക്ഷണിക്കുകവഴി ഈ ചരിത്രയാഥാര്ഥ്യത്തെയും വരാപ്പുഴ മിഷന്റെ സേവനങ്ങളേയും അംഗീകരിച്ച് ആദരിക്കുകയാണ് സംഘാടകര്‍ ചെയ്തിട്ടുള്ളത്. ഈ സത്യാനന്തര കാലഘട്ടത്തില്‍ ഇത്തരം നടപടികള്‍ പ്രത്യേകം ശ്ലാഘിക്കപ്പെടേണ്ടതുതന്നെ.
ഭാരതത്തിന്റെ പ്രഥമ അപ്പോസ്തോലനായ നമ്മുടെ പിതാവായ മാര്‍ത്തോമ ശ്ലീഹായാല്‍ സ്ഥാപിതമായ ഈ സഭയില്‍ 1653 ല്‍ നടന്ന നിര്‍ഭാഗ്യകരമായ വേദവിപരീതത്തില്‍ ഈ നിമിഷം വരെ നാമെല്ലാവരും തീര്‍ത്തും ദുഃഖിതരാണ്. 1659 ഡിസംബര്‍ മൂന്നാം തീയതിയാണല്ലോ പരിശുദ്ധ പിതാവ് അലക്സാണ്ടര്‍ ഏഴാമന് പാപ്പാ ‘കൂനന്‍ കുരിശിന്’ പരിഹാരമായി മലബാര്‍ വികാരിയത്ത് സ്ഥാപിച്ചത്! 1656 മുതല്‍ 1663 വരെ കേരള സഭയില്‍ പുനരൈക്യത്തിന്റെ കാഹളമൂതിയ എന്റെ മുന്‍ഗാമി സെബസ്ത്യാനി മെത്രാനെ ഈ ധന്യ മുഹൂര്‍ത്തത്തില്‍ എങ്ങനെ സ്മരിക്കാതിരിക്കും? മോണ്‍. സെബസ്ത്യാനിയെ തുടര്‍ന്ന് വികാരിയത്തിനെ നയിച്ചത് കുറവിലങ്ങാട് സ്വദേശിയായ പറമ്പില്‍ ചാണ്ടി മെത്രാനാണല്ലോ. 1674 മാര്‍ച്ച് മൂന്നാം തീയതി ‘ഇന്ത്യയുടെ മുഴുവന്‍ മെത്രാപോലിത്ത’ എന്ന അഭിധാനത്താല്‍ തുല്യംചാര്‍ത്തിയ തന്റെ ലിഖിതത്താല്‍, തന്റെ രൂപതയില്‍ വടുതല എന്ന ദേശത്ത് (ചാത്തിയാത്ത്) പരിശുദ്ധ മാതാവിന്റെ നാമത്തില്‍ ഒരു കത്തോലിക്കാ ദേവാലയവും അതോടുചേര്‍ന്ന് കുരിശ് നാട്ടുവാനുമുള്ള പറമ്പില്‍ ചാണ്ടി മെത്രാന്റെ കല്‍പ്പന സഭാചരിത്രത്തില്‍ പ്രസിദ്ധമാണല്ലോ. വടുതല എന്ന ദേശത്ത് ജന്മം കൊണ്ട എനിക്ക് അദ്ദേഹത്തിന്റെ പിന്‍ഗാമി എന്ന നിലയില്‍, അതേ വികാരിയത്തില്‍ രൂപമെടുത്തതും മംഗലപ്പുഴയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടതുമായ ഈ സെമിനാരിയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ലഭിച്ച ദൈവപരിപാലനയുടെ മുന്പില് വിസ്മയം കൊള്ളാതിരിക്കാന്‍ സാധിക്കുന്നതെങ്ങനെ?
നിഷ്പാദുക കര്‍മലീത്താ സന്യാസിയും പുണ്യശ്ലോകനായ മിഷനറി വര്യനുമായ ആഞ്ചലോ ഫ്രാന്‍സിസ് 1682 ല്‍ വരാപ്പുഴയില്‍ സ്ഥാപിച്ച സെമിനാരിയാണ് കാലാന്തരത്തില്‍ മംഗലപ്പുഴ സെമിനാരിയായി പരിണമിച്ചത്. 1700 ല്‍ അദ്ദേഹം വികാരി അപ്പോസ്തോലിക്കയായി. മലയാളത്തിന് ആദ്യമായി വ്യാകരണഗ്രന്ഥം രചിച്ചതും അദ്ദേഹമത്രേ. പുനസ്ഥാപിക്കപ്പെട്ട വരാപ്പുഴ സെമിനാരി, ‘മഹാ മിഷനറി’ ബര്‍ണഡീന്‍ ബച്ചിനെല്ലി മെത്രാപോലീത്ത വരാപ്പുഴ ദേശത്തു തന്നെ പുത്തന്പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ച സെമിനാരി, ഒടുവില്‍ മംഗലപ്പുഴയിലേക്ക് പറിച്ചു നടപ്പെട്ട സെമിനാരി എന്നിവയുടെയൊക്കെ തുടക്കവും തുടര്‍ച്ചയും ആയിരുന്നു ആഞ്ചലോ ഫ്രാന്‍സിസിന്റെ വരാപ്പുഴ സെമിനാരി. ഇവയൊക്കെയും വിശുദ്ധ യൗസേപ്പിതാവിന്റെ പേരിലുമായിരുന്നു. 1890 ല്‍ പ്രൊപ്പഗാന്താ ഫീദേയ്ക്ക് അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്ത ലയനാര്ദ് മെല്ലാനോ കൈമാറുംവരെ പുത്തന്പള്ളിയടക്കമുള്ള വരാപ്പുഴ സെമിനാരികള്‍ പൂര്‍ണമായും വരാപ്പുഴ മിഷന്റെയും അതിരൂപതയുടെയും ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആയിരുന്നു. പരിശുദ്ധ സിംഹാസനത്തില്‍ നിന്നോ ഇതര വിദേശ സ്രോതസ്സുകളില്‍ നിന്നോ സാമ്പത്തികമായ കൈത്താങ്ങ് ലഭിക്കാന്‍ നിര്‍വാഹമില്ലാത്ത ദുര്‍ഘട സന്ധികള്‍ പലപ്രാവശ്യം ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും വലിയ ത്യാഗബുദ്ധിയോടെ ഞെരുക്കങ്ങള്‍ സഹിച്ച് വരാപ്പുഴ മിഷന്/അതിരൂപത, ഈ സെമിനാരിക്ക് സാമ്പത്തിക സഹായം നല്കി നിലനിര്‍ത്തി.
പ്രതിസന്ധികള്‍ക്കും ഞെരുക്കങ്ങള്‍ക്കും ഇടയിലും പുത്തന്‍പള്ളി അടക്കമുള്ള ‘വരാപ്പുഴ സെമിനാരികള്‍’ മികച്ച പഠനനിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പാക്കാന്‍ കര്‍മ്മലീത്തരും വരാപ്പുഴ മിഷനും ജാഗ്രത പുലര്‍ത്തിയിരുന്നു. അങ്ങിനെ ഇവിടെ പുലര്‍ത്തിയിരുന്ന നിലവാര മികവിനെപറ്റി സ്വദേശിയവും വിദേശീയവുമായ ഒട്ടേറെ സാക്ഷ്യങ്ങള്‍ ചരിത്രത്തില്‍ കാണാനാകും. അത്തരത്തില്‍ ഉജ്ജ്വലമായൊരു സാക്ഷ്യം സാക്ഷാല്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെതാണ്. താന്‍ അംഗമായ സന്യാസ സമൂഹത്തിന്റെ ‘അടിസ്ഥാനക്കാരനും’ രണ്ടാമത്തെ ശ്രേഷ്ഠനുമായ പോരൂക്കരെ തോമാ മല്‍പ്പാനച്ചന്റെ ജീവചരിത്രത്തിലാണ് വിശുദ്ധന് ഈ സാക്ഷ്യം നല്‍കുന്നത്.
മല്പ്പാന്റെ പിതാവായ ഇട്ടിക്കുരുവിളതരകന് മകന്റെ വൈദിക പഠനവുമായി ബന്ധപ്പെട്ട് കൈകൊണ്ട ധീരമായ നടപടിയെക്കുറിച്ച് പറയുമ്പോഴാണ് വിശുദ്ധ ചാവറയച്ചനില്നിന്ന് ഈ സാക്ഷ്യം ഉണ്ടാവുക. ‘അക്കാലത്തില്‍, സംബന്ധക്കാരും കീര്ത്തിപ്പെട്ടവരുമായ മല്പ്പാന്മാരായിരുന്നവരു പഠിപ്പിച്ചിരുന്ന വടയാറ്റു സിമിനാരി, കുമരകത്തു സിമിനാരി മുതലായതില്‍ മകനെ ചേര്‍ക്കാന്‍ പലതിന്നാലും ഇടയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ദൈവശുശ്രൂഷകള്ക്കടുത്ത സ്ഥിതിയില്‍ ആയിരിക്കണം പട്ടക്കാര്‍ എന്നുള്ള ആഗ്രഹത്താല്‍ പഴയ മുറവിട്ട് വരാപ്പുഴെ അപ്പസ്തോലിക്ക സിമിനാരിയില് അയക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു’ എന്നാണ് ചാവറയച്ചന് രേഖപ്പെടുത്തുക! അങ്ങനെ പോരൂക്കര തോമാ മല്പ്പാന് വരാപ്പുഴയില്‍ പഠിക്കുകയും ‘1823-ാം കാലം കന്നിമാസം 22ന് കുര്‍ബാന പട്ടമേല്ക്കുകയും ചെയ്തു. അക്കാലങ്ങളില്‍ സുറിയാനി പട്ടക്കാരു ളോവ ഇട്ടു നടക്കുന്ന മര്യാദ ഇല്ലായിയിരുന്നു. എങ്കിലും വരാപ്പുഴ സെമിനാരിയുടെ മുറയ്ക്ക് പട്ടമേറ്റനാള് മുതല്‍ ളോവ ധരിച്ചു ക്രമത്തോടെ നടന്നു പോന്നു.’
മംഗലപ്പുഴ സെമിനാരിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ക്ക് ഇന്ന് നാം തുടക്കം കുറിക്കുമ്പോള്‍ അത് വരാപ്പുഴയിലെ മാതൃസെമിനാരിയുടെ 340-ാം വാര്‍ഷികം കൂടിയാണെന്ന് ഓര്‍ക്കുക. പുത്തന്‍ പള്ളിയില്‍ നിന്നും പറിച്ചുനടപ്പെട്ട മംഗലപ്പുഴ സെമിനാരിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നത് 1933 ജനുവരി 28 ആയിരുന്നുവല്ലോ. ലോകത്തിനാകെ തന്നെ ദുരിതപൂര്‍ണമായ ഒരു വര്‍ഷമായിരുന്നു അത്. ആഗോള മാന്ദ്യത്തിന്റെ ഏറ്റവും ക്ലേശകരമായ വര്‍ഷമായിരുന്നു 1933. മംഗലപ്പുഴ സെമിനാരി നവതി ആഘോഷത്തിലേക്ക് നീങ്ങുമ്പോഴും ലോകത്തിന്റെ സ്ഥിതി പരിതാപകരമാണെന്നതു ശ്രദ്ധേയമാണ്. ലോകമാകെ തന്നെ കോവിഡ് മഹാമാരിയുടെ പിടിയില്‍ പെട്ടിരിക്കുന്നു. സാമ്പത്തിക മേഖല താറുമാറായിരിക്കുന്നു. രാഷ്ട്രീയത്തില്‍ അതി തീവ്രതയുടെ അഴിഞ്ഞാട്ടം നടക്കുന്നു. അകത്തുനിന്നും പുറത്തുനിന്നും സഭ ആക്രമിക്കപ്പെടുന്നു. ഇതിനൊക്കെ പുറമെയാണ് എതിര് സാക്ഷ്യങ്ങളുടെ കുത്തൊഴുക്ക്.
ഇതൊക്കെ കാലത്തിന്റെ ചുവരെഴുത്താണ്. മികച്ച പരിശീലനം സിദ്ധിച്ച വിശുദ്ധരും വിവേകികളും ത്യാഗികളും വ്രദ്ധബദ്ധരുമായ വൈദികര്‍ ഉണ്ടാകേണ്ടതിന്റെ അനിവാര്യത ഈ ചുവരെഴുത്തുകള്‍ നമുക്ക് കാട്ടിത്തരുന്നു. പതറാതെയും ചിതറാതെയും മംഗലപ്പുഴ അതിന്റെ ഭാസുരമായ പൈതൃകം ജീവിക്കുമാറാകട്ടെ എന്നാണെന്റെ ആശംസ. ലോകത്തിന്റെ ഉപ്പും വെളിച്ചവും പുളിമാവുമായി അനേകം വൈദികര്‍ ഇനിയുമിനിയും വിശുദ്ധിയുടെയും വിജ്ഞാനത്തിന്റെയും ഈ കൂടാരത്തില്‍ നിന്ന് ഉണ്ടാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. പുറപ്പാടിന്റെ പുസ്തകം മൂന്നാം അധ്യായം അഞ്ചാം വാക്യം എന്നത്തെയും പോലെ ഇന്നും മംഗലപ്പുഴയെ സംബന്ധിച്ച് അന്വര്‍ത്ഥമാവട്ടെ: ‘നീ നില്ക്കുന്നിടം വിശുദ്ധമാണ്’.
നിങ്ങളുടെ ഏവരുടെയും അനുവാദത്തോടെ ഈ നവതി വര്‍ഷവും അതിന്റെ ആഘോഷങ്ങളും ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു നന്ദി.
മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി നവതി ആഘോഷ ഉദ്ഘാടന പ്രഭാഷണം