വരാപ്പുഴ അതിരൂപത സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനമായ “കൂടാം.. കൂടൊരുക്കാന്‍” കര്‍മ്മ പദ്ധതിയുടെ രണ്ടാം ഘട്ടമായി 100 സ്വയം തൊഴില്‍ സംരംഭകര്‍ക്ക് തയ്യല്‍ മെഷീനുകളുടെ വിതരണോത്ഘാടനം വരാപ്പുഴ അതിരൂപത മോണ്‍സിഞ്ഞൂര്‍ അഭിവന്ദ്യ ഫാ.മാത്യു കല്ലിങ്കല്‍ നിര്‍വ്വഹിച്ചു. തയ്യല്‍തൊഴില്‍ ഉപജീവനമാക്കിയ 110 പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് മെഷീനുകള്‍ നല്‍കിയത്. കടമക്കുടി, വരാപ്പുഴ, ചേരാനെല്ലൂര്‍, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലേയും ഏലൂര്‍, ആലുവ മുന്‍സിപ്പാലിറ്റികളിലേയും തയ്യല്‍ തൊഴിലാളികളാണ് ഭൂരിപക്ഷം ഗുണഭോക്താക്കളും. ഇ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിംഗര്‍ മെഷീന്‍ പ്രൈവറ്റ് ലിമിറ്റഡ് റീജിനല്‍ മാനേജര്‍ ശ്രീകുമാര്‍ തയ്യല്‍ മെഷീന്റെ ഉപയോഗത്തെകുറിച്ചും, കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെ കുറിച്ചുള്ള ക്‌ളാസ്സും നല്‍കൂകയുണ്ടായി. പുതിയ ഭവനങ്ങളുടെ നിര്‍മ്മാണവും, ഭാഗികമായി തകര്‍ന്ന ഭവനങ്ങളുടെ പുനരുദ്ധാരണവും, പ്രളയബാധിതപ്രദേശങ്ങളില്‍ സ്വയംതൊഴില്‍ പരിശീലനവും, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായവും അടക്കം നിരവധി കര്‍മ്മപദ്ദതികളുമായി മുന്നോട്ടുപോകുകയാണ് ഇ.എസ്.എസ്.എസ്. എന്ന് ഡയറക്ടര്‍ അറിയിച്ചു .