വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ക്രിസ്മസിന്റെ ആനന്ദം അത് പങ്കുവയ്ക്കപ്പെടുന്നതിലൂടെയാണ് വര്‍ദ്ധിക്കുന്നതെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. കൊച്ചി ക്വീന്‍സ് വാക്ക്‌വേയില്‍ ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഇഷ്ടങ്ങളുടേയും താല്പര്യങ്ങളുടെയും സ്വാര്‍ത്ഥതയുടെ നിദ്രയില്‍ നിന്നുണര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാകാന്‍ നമുക്ക് പരിശ്രമിക്കാം. കൂടെയുള്ളവരെ സഹായിക്കാനും അവര്‍ക്ക് കാവലിരിക്കാനും ദൈവം അയച്ച ഒരു മാലാഖയാണ് നിങ്ങളും ഞാനുമെല്ലാം. നമ്മുടെ ഇടപെടല്‍കൊണ്ടും, വാക്കുകൊണ്ടും, സാന്നിധ്യംകൊണ്ടും മറ്റുള്ളവര്‍ക്ക ്‌സദ്‌വാര്‍ത്ത കൈമാറിയുമുള്ള ഒരു അനുഭവം നമുക്ക് മറ്റുള്ളവര്‍ക്കു സമ്മാനിക്കാമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഗാന്തിനഗര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അവതരിപ്പിച്ച ഫ്‌ളാഷ്‌മോബോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. അതിരൂപത കുടുംബയൂണിറ്റുകള്‍ (ബിസിസി) ഒരുക്കിയ നൂറിലധികം ക്രിസ്മസ് ട്രീകളുടെ സ്വിച്ച്ഓണ്‍ കര്‍മം മേയര്‍ എം. അനില്‍കുമാറും മതബോധന വിഭാഗം ഒരുക്കിയ ആകാശവിളക്കുകളുടെ സ്വിച്ച്ഓണ്‍ ടി.ജെ. വിനോദ് എംഎല്‍എയും നിര്‍വഹിച്ചു. ജസ്റ്റീസ് ജോസഫ് ഫ്രാന്‍സിസ്, ജിഡ എംഡി രഘുരാമന്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി.
ഹെയ്‌സില്‍ ഡിക്രൂസ് രചിച്ച ജീവനാദം പബ്ലിക്കേഷന്‍സിന്റെ ‘സ്‌നേഹഗാഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ ജസ്റ്റിസ് ഫ്രാന്‍സിസ് ജോസഫിന് നല്‍കി നിര്‍വഹിച്ചു. റവ. ഡോ. വിന്‍സെന്റ് വാരിയത്ത് എഴുതി ഫാ. ജോളി ചക്കാലക്കല്‍ ഈണമിട്ട ബാന്‍ഡ് ഫ്രാന്‍സിക്‌സ് ആലപിച്ച തീംസോങ്ങിന്റെ നൃത്താവിഷ്‌ക്കാരം ഗാന്ധിനഗര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ നേതൃത്വത്തില്‍ അരങ്ങേറി. എറണാകുളം ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ക്വയറംഗങ്ങളുടെ നേതൃത്വത്തില്‍ കാരള്‍ ഗാനാലാപവും ഉണ്ടായിരുന്നു. ഫാ. പോള്‍സണ്‍ സിമേന്തി സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ ഹെന്‍ റി ഓസ്റ്റിന്‍ നന്ദിയും പറഞ്ഞു.
ജനുവരി 1 വരെ വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികളും കാരള്‍ ഗാനാലാപനം, കാരള്‍മത്സരങ്ങള്‍, ഫ്‌ളാഷ്‌മോബ്, സാന്താക്ലോസുമാരുടെ നൃത്തം, മെഗാ ക്രിസ്മസ് റാലി എന്നിവയും ഉണ്ടാകും. നാളെ (ഡിസംബര്‍ 23ന്) വൈകുന്നേരം 5 മണി മുതല്‍ മതബോധന വിഭാഗം ഒരുക്കുന്ന കാരള്‍ മത്സരങ്ങള്‍ നടക്കും. 24 ന് ഫാ. ജോസഫ് തട്ടാരശേരിയുടെ നേതൃത്വത്തില്‍ ‘ക്രിസ്മസ്‌രാഗം’ സംഗീത പരിപാടി. 25 നു വൈകുന്നേരം 6 മണിക്ക് ചാത്യാത്ത് മൗണ്ട്കാര്‍മല്‍ ഇടവകയുടെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ച് 350 സാന്താക്ലോസുമാര്‍ അണിനിരക്കുന്ന നൃത്ത പരിപാടിയും കേരളവാണി സംഘടിപ്പിക്കുന്ന മത്സരങ്ങളും ഉണ്ടായിരിക്കും. 27 ന് കെഎല്‍സിഎയും 29 ന് ലൂര്‍ദ്ആശുപത്രിയും കലാപരിപാടികള്‍ അവതരിപ്പിക്കും. 30 ന് യൂത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ മെഗാ ക്രിസ്മസ്‌റാലി. 31 ന് വിവിധ മത്സരങ്ങളുടെ സമ്മാനദാനവും കോതാട് തിരുഹൃദയദേവാലയം ഒരുക്കുന്ന ക്രിസ്മസ് പരിപാടികളും ഉണ്ടായിരിക്കും.
ക്വീന്‍സ് വാക്ക് വേയില്‍ ക്രിസ്മസ് ആഘോഷരാവുകള്‍ ഒരുക്കി വരാപ്പുഴ അതിരൂപത