ദൈവം ഏറ്റവും കൂടുതലായി സ്നേഹിക്കുന്നവരാണ് മക്കൾ എന്നുള്ള ബോധ്യത്തോടെ അവരെ ഭാരമായി കരുതാതെ ഉണ്ണിയേശുവിനെ പോലെ വളർത്തണമെന്ന് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുആർച്ച് ബിഷപ്പ്. വരാപ്പുഴ അതിരൂപത വികാര്‍ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി.പത്മശ്രീ ഷെവലിയാർ ഡോ. ടോണി ഫെർനാന്റസ് മുഖ്യ പ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് വൈസ് ചെയർപേഴ്സൺ ശ്രീ ടി. എസ്. മോഹൻദാസ് മുഖ്യാതിഥിയായി. വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് ഭിന്നശേഷിക്കാരായ യുവജനങ്ങൾ ക്രിസ്മസ് അഗാപ്പെയിൽ സംബന്ധിച്ചു. ചടങ്ങുകൾക്ക് അതിരൂപത ബിസിസി ഡയറക്ടർ യേശുദാസ് പഴമ്പിള്ളി, കോഡിനേറ്റർമാർ , കേരള ആക്ഷൻ ഫോഴ്സ് പ്രസിഡണ്ട് ശ്രീ ജോബി തോമസ് എന്നിവർ നേതൃത്വം നൽകി. വൈപ്പിൻ കരുണ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിനി – വിദ്യാർത്ഥികൾ വിവിധങ്ങളായ കലാപരിപാടികളും അവതരിപ്പിച്ചു.