കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഊന്നൽ നൽകി കൊണ്ട് ആരംഭിച്ച കരുതൽ വിദ്യാഭ്യാസ പദ്ധതിയുടെ ലോഗോ അഭിവന്ദ്യ മെത്രാപോലിത്ത റവ. ഡോ ജോസഫ് കളത്തിപറമ്പിൽ പിതാവ് 2020 മാർച്ച് 7, ശനിയാഴ്ച ഔദ്യോഗിക പ്രകാശനം നടത്തി. അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ദീപു ജോസഫ് അധ്യക്ഷത വഹിച്ചു. ഓരോ ഇടവകയിലും നിർദ്ധനരായ കുടുംബത്തിൽ ഒരു കുട്ടിയുടെ എങ്കിലും വിദ്യാഭ്യാസ ചെലവുകൾ ഓരോ കെ.സി.വൈ.എം യൂണിറ്റുകൾ വഹിക്കുക,കരുതലായി കരുത്തായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി കൊണ്ട് കരുതൽ പോലെയുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കഴിവുണ്ടായിട്ടും അവസരങ്ങൾ ലഭിക്കാത്ത കുട്ടികൾക്ക് ഇതൊരു സഹായവും ആയിരിക്കുമെന്ന് അഭിവന്ദ്യ പിതാവ് ലോഗോ പ്രകാശനവേളയിൽ അഭിപ്രായപെട്ടു. പ്രസ്തുത ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ജോയിന്റ് സെക്രട്ടറി സിസ്റ്റർ നോർബെർട്ട, ജനറൽ സെക്രട്ടറി മിമിൽ വർഗീസ്, ഖജാൻജി സിബു ആന്റിൻ ആന്റണി തുടങ്ങിയവരും മറ്റു അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ വിദ്യാഭ്യാസ പദ്ധതി ലോഗോ പ്രകാശനം ചെയ്തു