വൈപ്പിൻ ഫെറോന ലത്തീൻ അൽമായ നേതൃസംഗമം 2019

ലത്തീൻ നേതൃനിരയുടെ ശക്തി വിളിച്ചോതി അവകാശ പ്രഖ്യാപന റാലിയുമായി വൈപ്പിൻ ഫെറോന ലത്തീൻ അൽമായ നേതൃസംഗമം 2019 മാർച്ച് 10ന് വൈകിട്ട് 3.00ന് ആരംഭിച്ച് റാലി ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ഡയറക്ടർ ഇ.എസ്. ജോസ് ഉദ്ഘാടനം ചെയ്തു. ബി.സി.സി വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. ആൻറണി അറക്കൽ നേതൃസംഗമം ഉദ്ഘാടനം ചെയ്തു.

തീരപരിപാലന നിയമത്തിലെ പുതിയ നിർദ്ദേശങ്ങൾ പരിഗണിച്ചു തീരദേശ മാനേജിംഗ് പദ്ധതി ആവിഷ്കരിക്കുക, വൈപ്പിൻ മുനമ്പം തീരദേശ റോഡ് നിർമ്മാണം പൂർത്തീകരിക്കുക, ജിഡ ഫണ്ട് ഉപയോഗിച്ചു വൈപ്പിൻ കടമക്കുടി ദ്വീപുകളിലെ വികസനം നടത്തുക, പുതുവൈപ്പിൻ ഐ.ഒ.സി മാറ്റി സ്ഥാപിക്കുക, ഐ.ഒ.സി യുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.

ഫെറോന ഡയറക്ടർ ഫാ. ജോർജജ് കുറുപ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജയിംസ് കളരിക്കൽ, ലീഡർ തദേവൂസ് കുന്നപ്പള്ളി, പിന്നോക്ക കമ്മീഷൻ അംഗം വി.ജെ. ജെറോം, കെ. ആർ. എൽ. സി. സി. വൈസ് പ്രസിഡൻറ് ഷാജി ജോർജ്, സി. എസ്. എസ് നേതാവ് ജയിംസ് കുറുപ്പശേശലി കെ. എൽ. സി. എ. മേഖല പ്രസിഡൻ്റ് അഡ്വ. സ്റ്റെർവിൻ സേവ്യർ, സെക്രട്ടറി ലൈജു കളരിക്കൽ എന്നിവർ പ്രസംഗിച്ചു.

വൈകുന്നേരം 6 മണിക്ക് ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ്,  വളപ്പ് നിത്യസഹായമാതാ ദൈവാലയത്തില്‍ വച്ച് അല്മായര്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ഈ ലോകത്തില്‍ അല്മായര്‍ ക്രിസ്തുവിന്റെ പ്രേഷിതചൈതന്യത്തില്‍ ജ്വലിച്ചുകൊണ്ട് സഭയ്ക്കും സമൂഹത്തിനും വേണ്ടി നന്മ ചെയ്യുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അഭിവന്ദ്യ മെത്രാപ്പോലിത്ത തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

റാലിക്ക് ഫാ. മാത്യു ഡികൂഞ്ഞ, ഫാ. ജോർജ് കുറുപ്പത്ത്, ടെർസീന, തദ്ദേവൂസ് കുന്നപ്പിള്ളി, അഡ്വ. സ്റ്റെർവിൻ വിൻ സേവ്യർ, ജെയിംസ് കുറുപ്പശേശരി, ജെയിംസ് കളരിക്കൽ എന്നിവർ നേതൃത്വം നൽകി.

എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വനിതാദിനാഘോഷം അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വനിതാദിനാഘോഷം എറണാകുളം ഇന്‍ഫന്റ് ജീസസ് ഹാളില്‍ ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്തിന്റെ അദ്ധ്യക്ഷതയില്‍ വരാപ്പുഴ അതിരൂപത അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പില്‍ തിരി തെളിച്ച് തുടക്കം കുറിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് വിതരണവും, ചികില്‍സാ സഹായവും സ്‌നേഹ ഭവനം പദധിതിയുടെ ഭവനനിര്‍മ്മാണ ധനസഹായവും പിതാവ് നിര്‍വ്വഹിച്ചു.

ലിംഗ സമത്വ മെന്നത് ആരും തരേണ്ടതല്ല, സ്വയം നേടി എടുക്കേണ്ടതാണെന്ന്  പ്രളയ ബാധിത പ്രദേശത്തെ സ്വയസഹായ സംഘങ്ങളുടെ അതിജീവനത്തിനായി ഒരു കോടി രൂപ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ നല്‍കുന്ന സ്വയംതൊഴില്‍ വായ്പവിതരണത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് കൊച്ചി മേയര്‍ ശ്രീമതി സൗമിനി ജെയിന്‍ സംസാരിച്ചു. സൈബര്‍ ക്രൈം എന്ന വിഷയത്തെ കുറിച്ചുള്ള ക്‌ളാസ് സൈബര്‍ സെല്‍ വിഭാഗത്തിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ശ്രീമതി ദീപ എം. നയിക്കുകയും, ജീവതത്തിലെ ദുഃഖദുരിതമായ സാഹചര്യങ്ങളെ അതിജീവിച്ച വിവിധ തൊഴില്‍ രംഗങ്ങളില്‍ പ്രശോഭിക്കുന്ന വിധവകളെ ആദരിക്കുകയും,കേശദാനപരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു . കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗ്രേയ്‌സി ബാബു ജേക്കബ് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച വനിത ഫെഡറേഷനുകള്‍ക്ക് എവറോളിംഗ് ട്രോഫി നല്‍കി.

അവശതയനുഭവിക്കുന്നവരുടെ ശബ്ദമായി കെ.എൽ. സി. എ മാറണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ 

നമുക്കുചുറ്റും ആവശത അനുഭവിക്കുന്നവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരികയാണെന്നും അവരുടെ ശബ്ദമായി മാറാൻ കെ.എൽ.സി. എയ്ക്ക് കഴിയണമെന്നും ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ. കെ.എൽ.സി.എ നടത്തിയ വരാപ്പുഴ അതിരൂപത കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി .ജെ. പോൾ അധ്യക്ഷത വഹിച്ചുപ്രൊഫ കെവി തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, ഫാ.രാജൻ കിഴവന, ലുയിസ് തണ്ണിക്കോട്, ഹെൻട്രി ഓസ്റ്റിൻഷാജി ജോർജ്ഷെറി ജെ തോമസ്, എം. സി ലോറൻസ്, റോയി പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.

ഉച്ചയ്ക്കുശേഷം നടന്ന സമാപന സമ്മേളനം കെഎസ്ഐഡിസി ചെയർമാൻ ഡോ ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ വൈദീകരെയും കെ.എൽ.സി.  സംസ്ഥാന ഭാരവാഹികളെയും  യോഗത്തിൽ ആദരിച്ചു. മോൺ. ക്ലീറ്റസ് പറമ്പലോത്ത്, ഡോ.ആന്റണി വാലുമ്മൽ, ഫാ ഫിലിപ്പ് തൈപ്പറമ്പിൽ എന്നിവർ വൈദികരെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിനിമാതാരം  പ്രയാഗ മാർട്ടിൻയേശുദാസ് പറപ്പള്ളി, ദീപു ജോസഫ്, ബാബു ആൻറണി, റോയി  ഡികുഞ്ഞ, സെബാസ്റ്റൻ വലിയപറമ്പിൽ, മോളി ചാർളി, മേരി ജോർജ്, ഫിലോമിന ലിങ്കൺപൗലോസ് നടുവിലപ്പറമ്പിൽ, സിബി ജോയ് എന്നിവർ   പ്രസംഗിച്ചു.

 

വരാപ്പുഴ അതിരൂപത കെ.എല്‍.സി.ഡബ്ല്യു.എ (Kerala Latin Catholic Women’s Association) വനിതാസംഗമം ആഘോഷിച്ചു

വരാപ്പുഴ അതിരൂപത കെ.എല്‍.സി.ഡബ്ല്യു.എ (Kerala Latin Catholic Women’s Association) വനിതാസംഗമം ആഘോഷിച്ചു. സ്ത്രീകളോട് വിവേചനം കാണിക്കുകയും അവരെ മുഖ്യധാരയില്‍നിന്നും മാറ്റിനിറുത്തുകയും ചെയ്യുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. സ്ത്രീയുടെയും പുരുഷന്റെയും സാമൂഹിക സ്ഥിതിയെക്കുറിച്ചുള്ള പoനം ഭരണഘടനയുടെ അടിസ്ഥനതത്ത്വങ്ങൾ മുൻനിറുത്തി നടത്താൻ സർക്കാർ തയ്യാറക്കണമെന്ന്  ഷാജി ജോർജ് ആവശ്യപ്പെട്ടു. വരാപ്പുഴ അതിരൂപത കെ.എല്‍.സി.ഡബ്ല്യു.എ സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേരളാ ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷീല ജേക്കബ് ആധ്യക്ഷം വഹിച്ചു . അഡ്വ. മിനിമോള്‍, ഫാ ജോജി കുതുകാട്ട്, ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ജൂലിയറ്റ് ഡാനിയല്‍, ഡോക് ഗ്ലാഡിസ് തമ്പി, സോണി ചീക്കു എന്നിവര്‍ പ്രസംഗിച്ചു.

 

യുവജനങ്ങൾ നന്മയുടെ ആൾരൂപങ്ങളാകണം : ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

യുവജനങ്ങൾ സമൂഹത്തിൽ നന്മയുടെ ആൾരൂപങ്ങളാകണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപതയുടെ യുവജന വർഷ സമാപനത്തോടനുബന്ധിച്ച് യൂത്ത് കമ്മീഷൻെറ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന യുവജനസംഗമം – റെജോവിനേററ് – ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ നീതി നിഷേധിക്കപ്പെട്ടവർ, പാർശ്വവത്കരിക്കപ്പെട്ടവർ, അടിച്ചമർത്തപ്പെട്ടവർ എന്നിവർക്കെല്ലാം ഇടപെടാൻ യുവജനങ്ങൾക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് യുവജനങ്ങൾ സമൂഹത്തിനു നൽകിയ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജോൺ ക്രിസ്റ്റഫർ വടശേരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ നടൻ ബിബിൻ ജോർജ് മുഖ്യാതിഥിയായിരുന്നു.

വർണ്ണാഭമായ ബൈക്ക് റാലിയോടെയാണ് സംഗമത്തിനു തുടക്കം കുറിച്ചത്. സംഗമത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ ആർച്ച് ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. വിബിൻ ചൂതംപറമ്പിൽ വചനസന്ദേശം നൽകി. യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഇടവകകളിൽനിന്നായി ആയിരത്തിൽപ്പരം യുവജനങ്ങൾ പങ്കെടുത്തു.

ചാത്യാത്ത് മൗണ്ട് കാർമൽ ഇടവക മുൻ വികാരി ധന്യൻ ഫാ.ജോൺ വിൻസന്റിന്റെ 76-മത് ചരമ വാര്‍ഷികം ആചരിച്ചു

ചാത്യാത്ത് മൗണ്ട് കാർമൽ ഇടവക മുൻ വികാരി ധന്യൻ ഫാ.ജോൺ വിൻസന്റിന്റെ 76-മത് ചരമ വാർഷികാനുസ്മരണ ദിവ്യബലിയും ധന്യപദവിയുടെ സ്മാരകശിലാഫലക അനാഛാദനവും ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.

 

വിദേശത്തു നിന്നും ഉപനിഷത്തുകളുടെ നാട്ടിലെത്തി പ്രേഷിത ചൈതന്യത്തിന്റെ വിശുദ്ധ പരിമളം ചാർത്തിയ ഇടയശ്രേഷ്ഠനാണ് ഈ കർമലീത്താ മിഷണറി. സ്പെയിനിലെ സമ്പന്ന കുടുംബത്തിലാണ് ഭൂജാതനായതെങ്കിലും ക്ഷണികങ്ങളായ സുഖസന്തോഷാധികളെ പരിത്യജിക്കാനും അനശ്വരമായ ജീവിതം നയിക്കാനും വ്യഗ്രത പൂണ്ട ഈ പുണ്യപുരുഷൻ സന്യാസത്തിന്റെ മേലങ്കിയണിഞ്ഞ് ഉപവിയുടെ ആൾരൂപമായിത്തീർന്നു. പാരമ്പര്യങ്ങളും ആചാരനുഷ്ഠാനങ്ങളും കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിലാണ് വിൻസൻറ് മൂപ്പച്ചൻ മത സൗഹാർദ്ദത്തിന്റെ വട്ടമേശയൊരുക്കിയത്.  നീട്ടി വളർത്തിയ ദീക്ഷയ്ക്കുള്ളിലെ പുഞ്ചിരിക്കുന്ന മുഖവും സാന്ത്വന വചസ്സുകളും കടന്നു പോയ വിൻസന്റ് മൂപ്പച്ചന്റെ ഓർമകളെ നിത്യഹരിതമാക്കുകയാണ്.

പത്തൊൻപതാം ശതകത്തിന്റെ രണ്ടാം പകുതിയിൽ ഉദിച്ച് ഇരുപതാം ശതകത്തിന്റെ ആദ്യ പകുതിയിൽ അസ്തമിച്ച ഫാ.ജോൺ വിൻസൻറ് 1862 ജൂലൈ 19ന്സ്പെയിനിൽ ഡോൺ ഫ്രാൻസിസ്ക്കോ – ഡോണാഡൊമിനിക്കപെട്രാ ദമ്പതിമാരുടെ മകനായാണ് ജനനം. ചാൾസ് അഞ്ചാമൻ രാജാവിന്റെ സൈന്യത്തിലെ ലഫ്റ്റനന്റ് കേണലായിരുന്ന പിതാവിന് മകനെ ഒരു സൈന്യാധിപനാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ, മകൻ തിരഞ്ഞെടുത്തത് കർമല സൈന്യത്തിലെ ഭടനാകാനാണ്. 1878 ഡിസംബർ പത്തിന് ജോൺ വിൻസന്റ് കർമ ലീത്താ സഭയിൽ ചേർന്നു വൈദിക പരിശീലനമാരംഭിച്ചു. പൗരോഹിത്യ സ്വീകരണാനന്തരം സ്പെയിനിലെ നവാ റെപ്രോവിൻസിൽ നിന്നും മിഷണറിയായി ഭാരതത്തിലെത്തി സേവനമാരംഭിച്ചു.

വരാപ്പുഴ ദ്വീപിലെ ആത്മീയ സന്നിധാനത്തിലായിരുന്നു കേരളത്തിലെ ആദ്യ കർമമേഖല. നാലു വർഷക്കാലം അവിടെ സേവനമനുഷ്ഠിച്ച വിൻസൻറച്ചൻ 1911 ജനുവരി 16ന് ചാത്യാത്ത് ഇടവക വികാരിയായി നിയമിതനായി. ഈ ഇടവകയിലെ അജപാലന ശുശ്രൂഷ സുദീർഘമല്ലായിരുന്നെങ്കിലും ചുരുങ്ങിയ ഒന്നര വർഷക്കാലം സംഭവബഹുലമായിരുന്നു. ഒരു നൂറ്റാണ്ടിന്റെ സ്മരണകൾ സമ്മാനിച്ചുകൊണ്ടാണ് ഈ ഇടയശ്രേഷ്ഠൻ വിടവാങ്ങിയത്.സെൻറ് ആൽബർട്സ് വിദ്യഭ്യാസ സമുച്ചയങ്ങളുടെ ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം മൂന്നു വർഷം അവിടെയും സേവനമനുഷ്ഠിച്ചു.തുടർന്ന് മാത്യ രാജ്യത്തേക്ക് മടങ്ങിപ്പോയി. യേശുവിന്റെ സദ് വാർത്താവാഹകനും മരിയൻ സൈന്യാധിപനുമായി 80 വർഷവും 7 മാസവും ഈ ഭൂമിയിൽ ജീവിച്ച ഈ സന്യാസ വര്യൻ 1943 ഫെബ്രുവരി 27ന് സ്വർഗീയ ഗേഹത്തിലേക്ക് യാത്രയായി.സ്പെയിനിലെ സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ അടക്കം ചെയ്ത ഈ പുണ്യപുരുഷനിലൂടെ ദൈവം അത്ഭുതങ്ങൾ വർഷിക്കാൻ തുടങ്ങിയപ്പോൾ 1978ൽ വി.ജോൺ പോൾ രണ്ടാമ്മൻ പാപ്പ വിൻസൻറച്ച നെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. അനുഗ്രഹങ്ങൾ വരമാരിയായി പെയ്തിറങ്ങാൻ തുടങ്ങിയതോടെ 1996 ൽ പരിശുദ്ധ പിതാവ്’ കുയൂസ് ലിബത്ത് ഇൻസ് തുത്തൂത്തി സൊദാലസ്’ എന്ന ഡി ക്രിവഴി ഈ ദൈവദാസനെ ധന്യ പദവിക്കർഹനാക്കി. 

 

യുവസംരംഭകര്‍ക്ക് പ്രതീക്ഷയേകി ഐസാറ്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്‌ തുടക്കമായി

സാങ്കേതികവിദ്യയുടെ സഹായത്തോടെ യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ്. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് അവരുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്ന് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. കളമശേരിയിലെ ഐസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതുതായി ആരംഭിച്ച ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.  വിദ്യാര്‍ഥികള്‍ പഠനത്തോടപ്പം മികച്ച സംരംഭകരാകാനുള്ള സഹചര്യമാണ് ഐസാറ്റില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യയുടെ സഹായത്തോടെ യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയും പരിചയ സമ്പന്നരുടെ സേവനം ലഭ്യമാക്കുകയുമാണ് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യൂബേഷന്‍ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം തൊഴില്‍ദാതാക്കാളായി സംരംഭകരെ മാറ്റുകയാണ് സെന്റര്‍ ലക്ഷ്യമിടുന്നതെന്ന് ഐസാറ്റ് ഐഇഡിസി നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് പ്രൊഫ. നോബിന്‍ പോള്‍ വ്യക്തമാക്കി. കെഎസ്‌ഐഡിസി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഐസാറ്റ് മാനേജര്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, അസോസിയേറ്റ് മാനേജര്‍ ഫാ. ജോസഫ് രാജന്‍ കിഴവന, പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് കുര്യന്‍, ഡയറക്ടര്‍ ഡോ. ബാബു ടി. ജോസ്, അസിസ്റ്റന്റ് പ്രൊഫ. നോബിന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

സെൻ്റ്. ആൽബർട്ട്സ് കോളേജിലെ സ്മാർട്ട് ക്ലാസ് മുറികളുടെയും ഇ-ലേണിങ്, ഇ-ഗവേണൻസ് പദ്ധതിയുടെയും ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു

സെൻ്റ്. ആൽബർട്ട്സ് കോളേജിലെ സ്മാർട്ട് ക്ലാസ് മുറികളുടെയും ഇ-ലേണിങ്, ഇ-ഗവേണൻസ് പദ്ധതിയുടെയും ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റാണ് 7 ലക്ഷത്തോളം രൂപ ചെലവായ 10 സ്മാർട്ട് ക്ലാസ് മുറികൾ സ്പോൺസർ ചെയ്തത്. സാമൂഹികസേവന അവാർഡ് വരാപ്പുഴ അതിരൂപതയും സെൻ്റ്. ആൽബർട്സ് കോളേജിനും സമ്മാനിച്ചു.  കെ. വി. തോമസ് എം.പി, മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.എൽ.എ, ഫാ. ആൻ്റണി അറയ്ക്കൽ, ഡോ. എം. എൽ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചു

 

വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദസഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെതുടര്‍ന്ന് പ്രസ്തുത അള്‍ത്താരകള്‍ക്കുമുമ്പില്‍ ജപമാലയര്‍പ്പിക്കുന്നവര്‍ക്കും,ജപമാലസഖ്യത്തില്‍ അംഗത്വമെടുക്കുന്നവര്‍ക്കും അനേകം ദൈവാനുഗ്രഹങ്ങളും പ്രത്യേകം ദണ്ഡവിമോചനാനുകൂല്യങ്ങളും ലഭിക്കും. എറണാകുളം സെന്റ്. ഫ്രാന്‍സിസ് അസീസ്സി കത്തീഡ്രല്‍, തൃപ്പൂണിത്തുറ  ജോസഫ് ചര്‍ച്ച്, തേവര സെന്റ്‌ ജോസഫ് ചര്‍ച്ച്, ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് ചര്‍ച്ച്, കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചര്‍ച്ച്, വൈപ്പിന് മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയം എന്നിവയാണ്  വരാപ്പുഴ അതിരൂപതയില്‍ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍ അള്‍ത്താരകളായി പ്രഖ്യാപിക്കപ്പെട്ട ദൈവാലയങ്ങള്‍. മുംബൈയില്‍ നിന്നും ഡൊമിനിക്കന്‍ സന്യാസ സഭയുടെ പ്രൊവിന്‍ഷ്യാളിന്‍റെ  ഡെലഗേറ്റ് ഫാ. സുനില്‍ മാര്‍ട്ടിന്‍ ഡിസൂസയാണ് ദിവ്യബലിമധ്യേ പ്രഖ്യാപനങ്ങള്‍ വായിച്ചത്. വരാപ്പുഴ അതിരൂപതയിലെ വല്ലാര്‍പാടം ബസിലിക്കയ്ക്ക് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഈ പദവി ലഭിച്ചിരുന്നു.

15-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ആരംഭിച്ചമായ പരിശുദ്ധ ജപമാല സഹോദസഖ്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ ക്രൈസ്തവസമൂഹത്തിനാകമാനം നല്കിയ ആത്മീയ ഉണര്‍വും, വിശ്വാസതീഷ്ണതയും, വിലമതിക്കാനാവാത്തതായിരുന്നു.  അക്കാലത്തെ ഒട്ടുമിക്ക വിശുദ്ധരും, മാര്‍പാപ്പമാരും പരിശുദ്ധ ജപമാല സഹോദസഖ്യത്തില്‍ അംഗങ്ങളാവുകയും, തങ്ങളാലാവുംവിധം സഖ്യത്തെ പ്രചരിപ്പിക്കുകയും ചെയ്തതിനാല്‍ അന്നത്തെ മിക്ക ക്രൈസ്തവ രാജ്യങ്ങളിലും ജപമാലസഖ്യം പ്രചുരപ്രചാരം നേടുകയുണ്ടായി.  മരിയന്‍ വിശുദ്ധരില്‍ അഗ്രഗണ്യനായ വി. ലൂയിസ് ഡി. മോണ്‍ഫോര്‍ട്ട് മാത്രം ഒരു ലക്ഷം പേരെ ഈ സഖ്യത്തില്‍ ചേര്‍ത്തു എന്നാണ് പറയപ്പെടുന്നത്.  കത്തോലിക്കാസഭയില്‍ ദണ്ഡവിമോചനങ്ങളുടെ രാജ്ഞിയായി അറിയപ്പെടുന്ന പരിശുദ്ധജപമാലസഹോദസഖ്യത്തിലൂടെ തങ്ങള്‍ക്കും തന്നെയും ശുദ്ധീകരണാത്മാക്കള്‍ക്കുമായി അനേകം ദണ്ഡവിമോചനാനുഗ്രഹങ്ങള്‍ അംഗങ്ങള്‍ക്ക് നേടിയെടുക്കാനാവും.  

 

 

ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് കേശദാന പരിപാടി സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, കാരിത്താസ് ഇന്ത്യ, റോട്രാക്റ്റ് ക്‌ളബ് ഓഫ് ആല്‍ബട്ടെറിയന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാധേജ്‌മെന്റ്, ഈശോഭവന്‍ കോളേജ്, വിദ്യാ നികേതന്‍ കോളേജ്, മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 തിങ്കളാഴ്ച്ച രാവിലെ 10.30ന് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പാപ്പാളി ഹാളില്‍ വച്ച് കേശദാന പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യൂ കല്ലിങ്കല്‍ നിര്‍വ്വഹിച്ചു.

പരിപാടിയ്ക്ക് മാറ്റു കൂട്ടുവാനായി എട്ട് വയസ്‌സുള്ള ഏലൂര്‍ സൊദേശി റെയ റോയിയും, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് യുവാക്കളും കേശദാനത്തിന് തയ്യാറായി വന്നിരുന്നു. ഈശോഭവന്‍ കേളേജ് ടീച്ചേഴ്‌സ്, ത്യപ്പൂണിത്തുറ ടോക്കച്ച് സ്‌കൂളിലെ ടീച്ചേഴ്‌സ്, ഈശോഭവന്‍ കോളേജിലെ യുവതികളടക്കം 72 പേര്‍ കേശദാനം നടത്തി. എല്ലാ വെള്ളിയാഴ്ച്ചയും എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ആര്‍ദ്രം പാലിയേറ്റിവ് കെയറും, കാന്‍സര്‍ ചികിത്‌സ സഹായവും നല്‍കിപ്പോരുന്നൂ. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറകടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് അസിസ്റ്റന്റ് പ്രിന്‍സിപ്പാള്‍ ഫാ.ജോണ്‍ ക്രിസ്റ്റഫര്‍, എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറകടര്‍ ഫാ.റാഫേല്‍ കല്ലുവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.