പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം അനുസരിച്ച് 2024 ഡിസംബർ 29 ഞായർ വൈകിട്ട് 5 30ന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വരാപ്പുഴ മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു. സഹായ മെത്രാൻ ആൻറണി വാലുങ്കൽ മുഖ്യ സഹകാർമികനായി. വരാപ്പുഴ അതിരൂപതയിലെ വൈദികരും സന്യസ്ഥരും അത്മായരും പങ്കെടുത്ത സംഗമത്തിൽ ഒരു വർഷത്തെ ജൂബിലി ആഘോഷങ്ങൾക്കാണ് തുടക്കം കുറിച്ചത്. ജൂബിലിയുടെ തുടക്കം കുറിച്ച് ജൂബിലി പതാക ഉയർത്തി, പ്രത്യാശയുടെ പ്രതീകമായ ജൂബിലി കുരിശ് അഭിവന്ദ്യ മെത്രാപ്പോലീത്ത ആശീർവദിച്ചു. തുടർന്ന് അതിരൂപതയിൽ ഭൂരഹിതർക്കായി എല്ലാ ഇടവകകളിലും സാധിക്കുന്ന വിധം ജൂബിലി ഭവനങ്ങൾ നിർമ്മിച്ച് നൽകുന്നതിനുള്ള പ്രഖ്യാപനം നടത്തി. ജൂബിലി വർഷത്തിന്റെ പ്രധാന പരിപാടിയായി എല്ലാ ഇടവകകളിലേക്കും അതിരൂപത കത്തീഡ്രൽ നിന്നും ആത്മീയ മുന്നേറ്റത്തിന്റെ അടയാളമായി ജൂബിലി കുരിശിൻറെ പ്രയാണം നടത്തും.
ജൂബിലിയുടെ ഭാഗമായി മാർച്ച് മാസത്തിൽ സന്യസ്ഥർക്കുള്ള ഫൊറോന തല സംഗമവും ,ഏപ്രിലിൽ രോഗികൾക്കായുള്ള ഇടവക തല കൂട്ടായ്മയും, മെയ് മാസത്തിൽ വരാപ്പുഴ ബസിലിക്കയിൽ വെച്ച് സെമിനാരി വിദ്യാർത്ഥികളുടെ സംഗമവും, ജൂൺ മാസത്തിൽ അതിരൂപതയിലെ ഇടവക ദേവാലയ ശുശ്രൂഷകരുടെയും ഗായകസംഘത്തിന്റെയും ഫൊറോനാ തല സംഗമവും നടത്തപ്പെടും .ജൂലൈ മാസത്തിൽ 70 വയസ്സിന് മേൽ പ്രായമുള്ളവർക്കായി ഗ്രാൻഡ് പാരൻ്റ്സ് സംഗമവും ആഗസ്റ്റ് മാസത്തിൽ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ദേശീയ സർവീസ് മേഖലയിലുള്ളവരെ ആദരിക്കലും സെപ്റ്റംബർ മാസത്തിൽ വല്ലാർപാടം ജൂബിലി മരിയൻ തീർത്ഥാടനവും നടത്തപ്പെടും. നവംബർ മാസത്തിൽ ജീസസ് ഫ്രേട്ടേണിറ്റിയുടെ ആഭിമുഖ്യത്തിൽ ജയിലിൽ കഴിയുന്നവർക്കായുള്ള പ്രത്യേക ദിവ്യബലി അർപ്പണം ഉണ്ടായിരിക്കും. 2025 ഡിസംബർ മാസത്തിൽ അൽമായ കമ്മീഷന്റെ നേതൃത്വത്തിലുള്ള അതിരൂപതല അൽമായ സംഗമവും സമുദായ ദിന ആചരണവും നടത്തപ്പെടും. പ്രത്യാശയുടെ അടയാളമായ ജൂബിലി കുരിശിന്റെ ഇടവക പ്രയാണത്തിനുശേഷം ഡിസംബർ 28ന് ഞായറാഴ്ച കത്തിഡ്രൽ ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് അർപ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയോടെ ഒരു വർഷം നീളുന്ന ജൂബിലി വർഷാചരണത്തിന് തിരശ്ശീല വീഴും. ജൂബിലി വർഷാചരണത്തിന്റെ കർമ്മപരിപാടികൾ നടത്തപ്പെടുവാൻ അഭിവദ്യ ഡോ. ആൻറണി വാലുങ്കൽ പിതാവ് ചെയർമാനും ബഹുമാനപ്പെട്ട വികാരി ജനറൽന്മാരായ മോൺ .മാത്യു കല്ലിങ്കൽ മോൺ. മാത്യു ഇലഞ്ഞിമീറ്റo വൈസ് ചെയർമാൻമാരും ഫാ .യേശുദാസ് പഴമ്പിള്ളി ജനറൽ കൺവീനറും ആയുള്ള വിപുലമായ ഒരു ജൂബിലി കമ്മിറ്റിയാണ് വരാപ്പുഴ അതിരൂപതയിലെ ജൂബിലി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.