കൊച്ചി: ദേശീയ തീര്ത്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്ക 2018 ആഗസ്റ്റ് 5 മുതല് പ്രത്യേക ജൂബിലിവര്ഷത്തില് പൂര്ണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു. വൈകിട്ട് 5.30ന് വല്ലാര്പാടം ബസിലിക്കയില് വച്ചാണ്ആര്ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില് പ്രഖ്യാപനം നടത്തിയത്. .
കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില് , കോട്ടപ്പുറം ബിഷപ്പ് ഡോ ജോസഫ് കാരിക്കശേരി എന്നിവരും അതിരൂപതയിലെ മുതിർന്ന വൈദികരും ദിവ്യബലിയിൽ സംബന്ധിച്ചു. മേഴ്സിഡാരിയന് സന്യാസ സഭാ സ്ഥാപനത്തിന്റെ 800-ാം വാര്ഷികം കാരുണ്യനാഥ എന്ന ശീര്ഷക ജൂബിലിവര്ഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തില് ഫ്രാന്സിസ് പാപ്പായുടെ കല്പനപ്രകാരം അപ്പസ്തോലിക് പെനിറ്റെന്ഷ്യറിയാണ് അനുമതിപത്രം നല്കിയത്.
2018 ആഗസ്റ്റ് 5 മുതല് ഈ ജൂബിലിവര്ഷം മുഴുവന് വല്ലാര്പാടം ബസിലിക്ക സന്ദര്ശിച്ച് ആത്മാര്ത്ഥമായ അനുതാപത്തോടെയും ഉപവിയുടെ ചൈതന്യത്താല് നിറഞ്ഞ് പാര്ശ്വവത്ക്കരിക്കപ്പെട്ടവരുടേയും, അടിമകളുടെയും വീണ്ടെടുപ്പിനായുള്ള ആത്മാര്ത്ഥമായ ശ്രമങ്ങളോടെയും, കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിച്ച് ഫ്രാന്സിസ് പാപ്പായുടെ നിയോഗങ്ങള് സമര്പ്പിച്ച് പ്രാര്ത്ഥിക്കുന്ന എല്ലാ വിശ്വാസികള്ക്കും ദിവസത്തില് ഒരു പ്രാവശ്യം വീതം പൂര്ണ ദണ്ഡവിമോചനം ലഭിക്കും. കൂടാതെ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ പാപപരിഹാരത്തിനായി എല്ലാ സമയത്തും തികഞ്ഞ ഭക്തിയോടെ ജൂബിലി ആഘോഷങ്ങളില് പങ്കെടുക്കുന്നവര്ക്കും, വല്ലാര്പാടം ബസിലിക്ക സന്ദര്ശിച്ച് ദിവ്യകാരുണ്യ ആരാധന നടത്തുകയും, ഭക്തകൃത്യങ്ങള് അഭ്യസിക്കുകയും, വിശ്വാസപ്രമാണം ചൊല്ലുകയും, കാരുണ്യനാഥയുടെയും, വി. പീറ്റര് നൊളാസ്കയുടെ മദ്ധ്യസ്ഥം യാചിച്ച് പ്രാര്ത്ഥിക്കുകയും ചെയ്യുന്നവര്ക്കും പൂര്ണദണ്ഡവിമോചനം ലഭിക്കും.
കാരുണ്യനാഥ അഥവാ വിമോചകനാഥ എന്ന ശീര്ഷകം സഭയില് സംജാതമായത് വി. പീറ്റര് നൊളാസ്കോ 1218 ആഗസ്റ്റ് 10ന് കാരുണ്യനാഥയുടെ സന്യാസസഭ (മേഴ്സിഡാരിയന് സന്യാസസഭ) സ്ഥാപിച്ചതോടെയാണ്. സഭാസ്ഥാപനത്തിന്റെ 800-ാം വാര്ഷികം കാരുണ്യനാഥയുടെ ശീര്ഷകജൂബിലിവര്ഷമായി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് സന്യാസസമൂഹത്തിന്റെ സാന്നിദ്ധ്യമുള്ള രാജ്യങ്ങളില് തെരഞ്ഞെടുക്കപ്പെടുന്ന ദേവാലയങ്ങള് 2018 വര്ഷത്തില് പൂര്ണദണ്ഡവിമോചനം ലഭിക്കുന്ന കരുണയുടെ ദേവാലയങ്ങളായി പ്രഖ്യാപിക്കുവാന് ഫ്രാന്സിസ് പാപ്പാ അപ്പസ്തോലിക് പെനിറ്റെന്ഷ്യറിയുടെ കല്പന വഴി പ്രത്യേക അനുമതി നല്കിയിരിന്നു.
ഇന്ത്യയില് മേഴ്സിഡാരിയന് സന്യാസസഭ ദേശീയ തീര്ത്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്കയാണ് പൂര്ണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി തെരഞ്ഞെടുത്തിരിക്കുന്നത്.
വല്ലാര്പാടം ബസിലിക്ക ജൂബിലിവര്ഷത്തില് പൂര്ണ ദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു.
Previous articleകുമ്പസാരത്തിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ - വരാപ്പുഴ അതിരൂപത വൈദീക സമിതി അപലപിച്ചുNext article ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് സ്വീകരണം നല്‍കി