വരാപ്പുഴ അതിരൂപതയിൽ 2024 യുവജന വർഷമായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രഖ്യാപിച്ചു. യുവജനങ്ങളിൽ അധ്യാത്മിക ചൈതന്യം പരിപോഷിപ്പിക്കാൻ ലക്ഷ്യം വച്ചുകൊണ്ടാണ് ഈ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. ലോകത്തിന് വെളിച്ചമേകുന്ന പ്രകാശഗോപുരങ്ങളായി യുവജനങ്ങൾ തീരണം മെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. എറണാകുളം ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വച്ച് യുവജന വർഷത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനവും തുടർന്ന് യുവജന വർഷ ലോഗോയും പ്രകാശനം ചെയ്തു. വിവിധ ഇടവകകളിൽ നിന്നായി ഒത്തുചേർന്ന യുവജനങ്ങൾ ഇതിന് സാക്ഷ്യം വഹിച്ചു. യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയാടി, കെസിവൈഎം പ്രസിഡന്റ് ആഷ്‌ലിൻ പോൾ, സി എൽ സി പ്രസിഡന്റ് തോബിയാസ് കോർണേലി, ജീസസ് യൂത്ത് ലീഡർ ബ്രോഡ്വിൻ, ഫാ. ഷിനോജ് ആറാഞ്ചേരി, ഫാ. ആനന്ദ് മണാളിൽ, സിസ്റ്റർ നോർബർട്ട, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫ്രാൻസിസ് ഷെൻസൺ, സിബിൻ യേശുദാസൻ എന്നിവർ സന്നിഹിതരായിരുന്നു.