വരാപ്പുഴ അതിരൂപത വൈദികനായിരുന്ന മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് (77വയസ്സ്) നിര്യാതനായി.
1943 ജൂലൈ 22 ന് തണ്ണിക്കോട്ട് പൈലി- ബ്രിജീത്ത ദമ്പതികളുടെ മകനായി നീറിക്കോട് ആയിരുന്നു അദ്ദേഹത്തിൻറെ ജനനം. വൈദിക പഠനത്തിനുശേഷം 1971 ൽ വൈദികപട്ടം സ്വീകരിച്ചു. റോമിൽ ഉപരിപഠനവും നടത്തിയിട്ടുണ്ട്. പള്ളിപ്പുറം , ഗോതുരുത്ത് , കലൂർ, ചാലക്കുടി, എന്നീ ഇടവകകളിൽ സഹവികാരിയായും , മാമംഗലം കർമലമാതാ ചർച്ച്, സെന്റ്. മൈക്കിൾസ് ചർച്ച് ചെമ്പുമുക്ക് , സെന്റ്. ജോർജ്ജ് ചർച്ച് പെരുമാനൂർ, സെൻറ്. ഫ്രാൻസിസ് സേവ്യർ ചർച്ച് കലൂർ എന്നിവിടങ്ങളിൽ വികാരിയായിയായും, കളമശ്ശേരി മൈനർ സെമിനാരി റെക്ടർ, കളമശ്ശേരി ഹോളി ഏഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, വരാപ്പുഴ അതിരൂപത ചാൻസിലർ, എറണാകുളം ആശീർഭവൻ ഡയറക്ടർ , വല്ലാർപാടം ബസിലിക്ക റെക്ടർ എന്നീ നിലകളിലും കൂടാതെ ഫൊറോന വികാരിയായും സേവനം ചെയ്തു . അദ്ദേഹം ദീർഘകാലം വരാപ്പുഴ അതിരൂപത വിവാഹ കോടതിയിലും സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ വിശിഷ്ടമായ വൈദിക സേവനത്തിനിടയിൽ 2009 സെപ്റ്റംബർ 13 ആം തീയതി പരിശുദ്ധ പിതാവ് പേപ്പൽ ബഹുമതിയായ മോൺസിഞ്ഞോർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. ദീർഘകാലം വരാപ്പുഴ അതിരൂപതയുടെ എപ്പിസ്കോപ്പൽ വികാരിയായി അദ്ദേഹം സേവനം ചെയ്തു. 2018 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അദ്ദേഹം കാക്കനാട് ചെമ്പുമുക്കിൽ ഉള്ള ആവില ഭവനിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.
തൻറെ ജീവിതകാലം മുഴുവൻ ദൈവത്തിന്റെ മഹത്വത്തിനും മനുഷ്യൻറെ നന്മയ്ക്കുമായി ജീവിച്ച വ്യക്തിയായിരുന്നു മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് എന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. അദ്ദേഹത്തിൻറെ വിയോഗത്തിൽ ആർച്ചുബിഷപ്പ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തെ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും തികഞ്ഞ ആത്മാർത്ഥതയോടും സത്യസന്ധതയോടെ കൂടി അദ്ദേഹം നിർവ്വഹിച്ചിരുന്നു എന്ന് ആർച്ച്ബിഷപ്പ് അനുസ്മരിച്ചു. അദ്ദേഹം സേവനം ചെയ്ത എല്ലാ സ്ഥലങ്ങളിലും വിവിധതരത്തിലുള്ള കൃഷികളെ പ്രോത്സാഹിപ്പിക്കുകയും അതിനായി മുന്നിട്ടിറങ്ങുകയും ചെയ്ത പ്രകൃതി സ്നേഹി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ വിയോഗം വരാപ്പുഴ അതിരൂപതയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. എത്ര നാൾ ജീവിച്ചു എന്നതിലല്ല ,എങ്ങനെ ജീവിച്ചു എന്നതിലാണ് ജീവിതത്തിന്റെ മഹത്വം എന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. അദ്ദേഹത്തിൻറെ ഓർമകൾക്ക് മുൻപിൽ ഒരായിരം ആദരാഞ്ജലികള്‍ സ്നേഹപൂർവ്വം അർപ്പിക്കുന്നു.