കൊച്ചി: കേരള ലത്തീൻ സഭയുടെ മിഷൻ കോൺഗ്രസ് കൺവെൻഷന്റെ ആദ്യദിനം (ഒക്‌ടോബർ 6 ന്) ആതിഥേയരായ വരാപ്പുഴ അതിരൂപതാംഗങ്ങൾക്ക് ഏറെ പ്രിയ ദിനമായി. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്ഥാനിക ചിഹ്നമായ ‘പാലിയം’ സ്വീകരിച്ച ദിവസവും മെത്രാപ്പോലീത്തായുടെ പിറന്നാൾ ദിനവും അന്ന് തന്നെയായിരുന്നു. ഉച്ചയ്ക്കു ശേഷം വല്ലാർപാടം ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മെട്രോപോളിറ്റൻ മെത്രാപ്പോലീത്തമാരുടെ സ്ഥാനിക ചിഹ്നമായ ‘പാലിയം’ ഉത്തരീയം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ അണിയിച്ചത്. കത്തോലിക്കാസഭയിലെ പ്രഥമ പാപ്പായായ പത്രോസിന്റെ പരമാധികാരത്തിൽ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും, സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് ‘പാലിയം’ അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നതെന്ന് ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ വിശദീകരിച്ചു. തുടർന്ന് ചെമ്മരിയാടിന്റെ രോമത്താൽ മെനഞ്ഞെടുത്ത ‘പാലിയം’ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ വത്തിക്കാൻ സ്ഥാനപതി അണിയിച്ചു.
കഴിഞ്ഞ ജൂൺ 29ന് വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പാ ‘പാലിയം’ ആശിർവദിച്ച് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലടക്കമുള്ള 32 മെത്രാപ്പോലീത്തമാർക്ക് നൽകിയിരുന്നു. പാരമ്പര്യമായി ജൂൺ 29ന് പുതിയ മെത്രാപ്പോലീത്തമാർക്ക് പാപ്പാ ‘പാലിയം’ ആശിർവദിച്ച് അണിയിക്കുകയായിരുന്നു പതിവ്. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതൽ പുതിയ മെത്രാപ്പോലീത്തമാർ ‘പാലിയം’ സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ നിഷ്‌കർഷിച്ചു. അതുകൊണ്ടു തന്നെ വത്തിക്കാനിൽ പാപ്പാ ‘പാലിയം’ ആശിർവദിച്ച് നൽകിയതിനു ശേഷമുള്ള ഔദ്യോഗിക ചടങ്ങുകളാണ് വല്ലാർപാടം ബസിലിക്കയിൽ നടന്നത്.
2016 ഡിസംബർ 18 നാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ഒരു സഭാപ്രവിശ്യയിലെ പ്രധാന നഗരത്തിലെയോ, തലസ്ഥാനത്തെയോ മെത്രാപ്പോലീത്തമാരെയാണ് മെട്രോപോളിറ്റൻ ആർച്ച്ബിഷപ് എന്ന സ്ഥാനം വിവക്ഷിക്കുന്നത്. മെട്രോപോളിറ്റൻ മെത്രാപ്പോലീത്തമാർക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം.’പാലിയം’ നല്ലിടയനായ ക്രിസ്തുവിനോടു സാരൂപ്യപ്പെടേണ്ട മെത്രാപ്പോലീത്തയുടെ ഇടയദൗത്യം സൂചിപ്പിക്കുന്നു. കൈകൊണ്ടു നെയ്തുണ്ടാക്കിയ ഉത്തരീയരൂപത്തിലുള്ള വെളുത്ത നാടയാണിത്. അതിൽ 6 ചെറിയ കറുത്ത കുരിശുകളും തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. ഔദ്യോഗിക കർമങ്ങൾക്ക് പാപ്പായും മെത്രാപ്പോലീത്തമാരും ഇത് പൂജാവസ്ത്രങ്ങൾക്കു പുറത്തായി കഴുത്തിൽ അണിയുന്നു.
പിറന്നാൾ ദിനത്തിൽ കളത്തിപ്പറമ്പിൽ പിതാവിന് ‘പാലിയം’
Previous articleആര്‍ച്ച് ബിഷപ്പ്സ് സ്നേഹഭവന നിര്‍മ്മാണ പൂര്‍ത്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു
Next article മിഷൻ കോൺഗ്രസ് - ബിസിസി കൺവെൻഷൻ ഉദ്ഘാടനം

