നവീകരിച്ച മഞ്ഞുമ്മൽ അമലോത്ഭവമാതാ കർമ്മലിത്താ ആശ്രമ ദൈവാലയത്തിൻറെ ആശിർവാദം 2024 സെപ്‌തംബർ 26 ന് വരാപ്പുഴ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപറമ്പിൽ നിർവഹിച്ചു .
ഭക്തി സാന്ദ്രമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് എമരിറ്റ്സ് മോസ്റ്റ് റവ. ഡോ. ഫ്രാൻസിസ് കല്ലറക്കൽ, വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ റവ. ഡോ. ആൻറണി വാലുങ്കൽ, മഞ്ഞുമ്മൽ കർമ്മലിത്ത സഭ പ്രൊവിൻഷ്യൽ റവ. ഡോ. അഗസ്റ്റിൻ മുല്ലൂർ ഒ.സി.ഡി. എന്നിവർ സന്നിഹിതരായിരുന്നു. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ധാരാളം വൈദികരും സന്യസ്തരും അത്മായരും എത്തിയിരുന്നു. ഇടവക വികാരി ഫാ. അഗസ്റ്റിൻ സ്റ്റീജൻ ഓ.സി.ഡി., സഹവികാരി ഫാ. ഡാനി ആന്റണി ഓ.സി.ഡി. എന്നിവരുടെ നേതൃത്വത്തിൽ ആശീർവാദ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
ദൈവദാസരായി ഉയർത്തപ്പെട്ട ഫാ. സഖറിയാസ് ഒ.സി.ഡി., ഫാ. ഔറേലിയൻ ഒ.സി.ഡി. എന്നിവരുടെ പൂജ്യാവശിഷ്‌ടങ്ങൾ പ്രതിഷ്ഠിച്ചിട്ടുളള ദേവാലയത്തിൻ്റെ ശിലാസ്ഥാപനം 1876 സെപ്‌തംബർ 26 ന് ആർച്ച് ബിഷപ്പ് ലെയനാർഡോ മെല്ലാനോ ഒ.സി.ഡി ആണ് നിർവഹിച്ചത്. 1892 ഡിസംബർ 4 ന് ദേവാലയം ആശിർവദിച്ചു. 1894 ൽ കേരള ഹയരാർക്കിയുടെ പ്രഥമ സിനഡിന് വേദിയൊരുക്കിയതുൾപ്പെടെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേവാലയം 1986 ൽ മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.
148 വർഷങ്ങൾക്കുശേഷമാണ് ദേവാലയത്തിൻ്റെ സമഗ്രനവികരണം നടക്കുന്നത്. ഇതിനൊപ്പം പള്ളിക്കുള്ളിലെ ഭുഗർഭകല്ലറയിൽ സംസ്ക്‌കരിച്ച ഫാ. ജോസഫ് പള്ളിപ്പറമ്പിൽ ഓ.സി.ഡി, ബ്ര. ഡോ. ഇസിദോർ ഡികോസ്‌ത ഓ.സി.ഡി എന്നിവരുടെ സ്മൃതികുടിരങ്ങൾ പുറമേ നിന്നു വിക്ഷിക്കാൻ കഴിയും വിധം തറയിൽ ചില്ലു നിരത്തിയും, ദേവലയത്തിനുള്ളിൽ സംസ്ക്കരിക്കപ്പെട്ട വൈദീകരുടെ കുഴിമാടങ്ങൽ അടയളപ്പെടുത്താൻ കഴിഞ്ഞതും സവിശേഷതയായി. ഫാ. ജോസി കാരപറമ്പിൽ ഒ.സി.ഡി. എഞ്ചിനിയർ സോജൻ എന്നിവർ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.