വി. മാക്സ് മില്യൻ കോൾബെ മൈനർ സെമിനാരിയുടെ അടിസ്ഥാന ശില ആശീര്‍വ്വദിച്ചു

വരാപ്പുഴ അതിരൂപതയുടെ പുതിയ മൈനര്‍ സെമിനാരിയുടെ അടിസ്ഥാന ശില ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്ച്ച കര്‍ത്താവിന്റെ സമര്‍പ്പണത്തിരുനാള്‍ ദിനത്തില്‍ അദിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ്  ആശീര്‍വ്വദിച്ചു. വി. മാക്സ് മില്യൻ കോൾബെയുടെ നാമധേയത്തിലാണ്  പുതിയ മൈനര്‍ സെമിനാരി നിര്‍മ്മിക്കപ്പെടുന്നത്. പ്ലസ് വണ്‍, പ്ലസ് ടു വൈദീകാർത്ഥികളുടെ രൂപീകരണത്തിനായുള്ള  പുതിയ സെമിനാരി, വിയാനി ഹോമിനോട് ചേർന്നുള്ള സ്ഥലത്താണ് നിര്‍മ്മിക്കപ്പെടുന്നത്.  അതിരൂപത വികാരി ജനറള്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, തോട്ടം പള്ളി വികാരി മോണ്‍. ജോസഫ് പടിയാരം പറമ്പില്‍, മൈനര്‍ സെമിനാരി റെക്റ്റര്‍ ഫാ. ജോസഫ് ഒളിപ്പറമ്പില്‍, വൈസ് റെക്റ്റര്‍ ഫാ. ജോസഫ് പള്ളിപ്പറമ്പില്‍, ഫാ. എബിജിന്‍ അറക്കല്‍, ഫാ. ഫെലിക്‌സ് ചക്കാലക്കല്‍, ഫാ. ബിജോയ് മരോട്ടിക്കല്‍, ഫാ. അലക്‌സ് കുരിശുപറമ്പില്‍, ഫാ. ലെനീഷ് ജോസ് മനക്കില്‍,  ഫാ. രാജന്‍ കിഴവന, ഫാ. മാര്‍ട്ടിന്‍ എന്നിവരും ബഹു. സിസ്റ്റേഴ്‌സും മൈനര്‍ സെമിനാരി ബ്രദേഴ്‌സും ആശിര്‍വ്വദകര്‍മ്മത്തില്‍ പങ്കെടുത്തു.

ഇ.എസ്.എസ്.എസ്.പ്രളയ ബാധിതരുടെ അതിജീവനത്തിന്റെ പാതയില്‍

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ പ്രളയ ബാധിതരുടെ അതിജീവനത്തിന്റെ ഭാഗമായി കടമക്കുടി, ആലങ്ങാട്, വരാപ്പുഴ, ചേരാനെല്ലൂര്‍ പഞ്ചായത്തുകളിലും ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലുമായി സ്വയം തൊഴിലിനായി ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം എീവയുടെ വിതരണദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോ. റവ. ഫാ.മാത്യു ഇലഞ്ഞിമറ്റം നിര്‍വഹിച്ചു. ഇ.എസ്.സ്.സ്.ഡയറക്ടര്‍ അദ്ധ്യക്ഷത വഹിച്ചൂ,

വരാപ്പുഴ അതിരൂപതയിലെ KCYM ന് പുതിയ ഭാരവാഹികള്‍

വരാപ്പുഴ അതിരൂപതയിലെ KCYM  ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ. ആന്റണി ജൂഡിയാണ് പുതിയ പ്രസിഡന്റ്. ശ്രീ. ജോസ് റാല്‍ഫ് ജനറല്‍ സെക്രട്ടറിയായും ശ്രീ. സിബു ആന്റണി ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. മിമില്‍ വര്‍ഗീസ്, ലിന്റ ജോണ്‍സണ്‍, ദീപു ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സ്‌നേഹ ജോണ്‍, ആഷ്‌ലിന്‍ പോള്‍, ജോര്‍ജ്ജ്  രജീവ്‌ പാട്രിക്ക് എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍.

ശ്രീ. ജോസ് റാല്‍ഫ്  KCYM സംസ്ഥാന വൈസ് പ്രസിഡന്റായി, KCYM സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍.

 

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

വരാപ്പുഴ അതിരൂപത സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനമായ “കൂടാം.. കൂടൊരുക്കാന്‍” കര്‍മ്മ പദ്ധതിയുടെ രണ്ടാം ഘട്ടമായി 100 സ്വയം തൊഴില്‍ സംരംഭകര്‍ക്ക് തയ്യല്‍ മെഷീനുകളുടെ വിതരണോത്ഘാടനം വരാപ്പുഴ അതിരൂപത മോണ്‍സിഞ്ഞൂര്‍ അഭിവന്ദ്യ ഫാ.മാത്യു കല്ലിങ്കല്‍ നിര്‍വ്വഹിച്ചു. തയ്യല്‍തൊഴില്‍ ഉപജീവനമാക്കിയ 110 പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് മെഷീനുകള്‍ നല്‍കിയത്. കടമക്കുടി, വരാപ്പുഴ, ചേരാനെല്ലൂര്‍, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലേയും ഏലൂര്‍, ആലുവ മുന്‍സിപ്പാലിറ്റികളിലേയും തയ്യല്‍ തൊഴിലാളികളാണ് ഭൂരിപക്ഷം ഗുണഭോക്താക്കളും. ഇ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിംഗര്‍ മെഷീന്‍ പ്രൈവറ്റ് ലിമിറ്റഡ് റീജിനല്‍ മാനേജര്‍ ശ്രീകുമാര്‍ തയ്യല്‍ മെഷീന്റെ ഉപയോഗത്തെകുറിച്ചും, കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെ കുറിച്ചുള്ള ക്‌ളാസ്സും നല്‍കൂകയുണ്ടായി. പുതിയ ഭവനങ്ങളുടെ നിര്‍മ്മാണവും, ഭാഗികമായി തകര്‍ന്ന ഭവനങ്ങളുടെ പുനരുദ്ധാരണവും, പ്രളയബാധിതപ്രദേശങ്ങളില്‍ സ്വയംതൊഴില്‍ പരിശീലനവും, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായവും അടക്കം നിരവധി കര്‍മ്മപദ്ദതികളുമായി മുന്നോട്ടുപോകുകയാണ് ഇ.എസ്.എസ്.എസ്. എന്ന് ഡയറക്ടര്‍ അറിയിച്ചു .

ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം: പ്രാരംഭ അന്വേഷണത്തിന് തുടക്കം കുറിച്ചു

ഭാഗ്യസ്മരണാര്‍ഹനായ വരാപ്പുഴ അതിരൂപത പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ 49-ാം ചരമവാര്‍ഷികദിനമായ 2019 ജനുവരി 21-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30ന് എറണാകുളം സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍വച്ച് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട അനുസ്മരണാദിവ്യബലിയോടെ നാമകരണ നടപടികളുടെ അതിരൂപതാതല പ്രാഥമിക അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിന് തുടക്കം കുറിച്ചു. മോണ്‍. ജോസഫ് എട്ടുരുത്തില്‍ ദിവ്യബലിമധ്യേ അനുസ്മരണ സന്ദേശം നല്‍കി.

ജോസഫ് അട്ടിപ്പേറ്റി പിതാവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, രേഖകളും ശേഖരിച്ച് ചരിത്രപരമായ ഗവേഷണപഠനങ്ങള്‍ നടത്തി, അതിന്റെ സമ്പൂര്‍ണ്ണമായ റിപ്പോര്‍ട്ടും, ഈ പഠനങ്ങളെ ആസ്പദമാക്കിയുള്ള ചരിത്രപരമായ നിഗമനങ്ങളും, കണ്ടുപിടുത്തങ്ങളും ആധികാരികമായും ഔദ്യോഗികമായും സമര്‍പ്പിക്കുന്നതിന് ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍ രൂപികരിച്ചുകൊണ്ടുള്ള അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്തയുടെ കല്‍പന വികാരി ജനറല്‍ വെരി റവ. മോണ്‍. മാത്യു കല്ലിങ്കല്‍ ലത്തീന്‍ഭാഷയിലും ചാന്‍സലര്‍ വെരി റവ. ഫാ. എബിഞ്ചിന്‍ അറക്കല്‍ മലയാളത്തിലും വായിച്ചു. ഈ കമ്മീഷന്റെ പ്രസിഡന്റായി റവ. ഫാദര്‍ അഗസ്റ്റിന്‍ ലൈജു കണ്ടനാട്ടുതറയേയും, മറ്റ് അംഗങ്ങളായി റവ. ഫാദര്‍ ഫ്രാന്‍സിസ് മരോട്ടിക്കാപ്പറമ്പിലിനെയും, കോട്ടപ്പുറം രൂപതയിലെ റവ. ഫാദര്‍ ജോസഫ് തട്ടകത്തിനെയും പോസ്റ്റുലേറ്റര്‍ ആയി ഫാദര്‍ ആന്‍ഡ്രൂസ് അലക്‌സാണ്ടര്‍ ഛഎങ ഇമു. നെയും, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിയോഗിച്ചു.

1894 ജൂണ്‍ 25-ാം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ അട്ടിപ്പേറ്റി തറവാട്ടില്‍ മാത്യുവിന്റേയും റോസയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായിട്ടാണ് ജോസഫ് അട്ടിപ്പേറ്റി പിതാവ് ഭൂജാതനായത്. ഓച്ചന്തുരുത്ത് സ്‌കൂള്‍മുറ്റം സെന്റ് മേരീസ് സ്‌കൂളില്‍ പ്രാഥമീക വിദ്യാഭ്യാസം നടത്തിയ ജോസഫ് പിന്നീട് എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌ക്കൂളിലും തൃശ്ശിനാപ്പിള്ളിയില്‍ സെന്റ് ജോസഫ്‌സ് കോളേജിലും പഠിച്ചു.  ഈ കോളേജ് വിദ്യാഭ്യാസത്തിനുശേഷമാണ് യുവാവായ ജോസഫ് വരാപ്പുഴ അതിരൂപത സെമിനാരിയില്‍ ചേര്‍ന്നത്. സെമിനാരിയിലെ ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഉടനെ തന്നെ മേജര്‍ സെമിനാരി പഠനം റോമില്‍ നടത്തുവാന്‍ ബ്രദര്‍ ജോസഫിന് ഭാഗ്യം ലഭിച്ചു.  റോമില്‍ നിന്നും തത്വശാസ്ത്രത്തില്‍ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തില്‍ ബി.ഡി.യും കരസ്ഥമാക്കിയശേഷം കര്‍ദ്ദിനാള്‍ മോസ്റ്റ് റവ. ഡോ. പോംഫിലി 1926 ഡിസംബര്‍ 18-ാം തീയതി വൈദികപട്ടം സ്വീകരിച്ചു.

1932 നവംബര്‍ 29-ാം തീയതി വരാപ്പുഴ അതിരൂപതയുടെ കോ-അജ്യൂത്തോര്‍ ആര്‍ച്ച്ബിഷപ്പായി വെരി റവ. ഫാദര്‍ ജോസഫ് അട്ടിപ്പേറ്റി നിയമിതനായപ്പോള്‍ അത് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയിലെ തന്നെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തായായിട്ടുള്ള നിയമനമായിരുന്നു. 1933 ജൂണ്‍ 11-ാം തീയതി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിനെ വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായി റോമില്‍ വച്ച് പതിനൊന്നാം പീയൂസ് പാപ്പായാണ് മറ്റ് നാല് മെത്രാന്മാരോടൊപ്പം അഭിഷേകം ചെയ്തത്. 1934 ഡിസംബര്‍ 21-ാം തീയതി വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് സ്ഥാനം ഏറ്റെടുത്തു.

കോട്ടപ്പുറം രൂപത ഉള്‍പ്പെട്ടിരുന്ന അന്നത്തെ അതിവിശാലമായ വരാപ്പുഴ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിച്ചുകൊണ്ട് അചിന്തനീയമായ രീതിയില്‍ അതിരൂപതയുടെ ഐക്യവും കെട്ടുറപ്പും അട്ടിപ്പേറ്റി പിതാവ് പതിന്മടങ്ങു വര്‍ധിപ്പിച്ചു എന്ന സത്യം അഭിവന്ദ്യ പിതാവിന്റെ ശുശ്രൂഷയെ അസാധാരണമാക്കുന്നു.
അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് മുന്‍കൈയെടുത്ത് തന്റെ സുഹൃത്ബന്ധത്തിന്റെ സ്വാധീനം ഉപയോഗിച്ചതിലൂടെയാണ് ഇന്നത്തെ എറണാകുളം ഷണ്‍മുഖം റോഡ് ഒരു യാഥാര്‍ത്ഥ്യമായി തീര്‍ന്നത് എന്ന സത്യം നാം എന്നും ഓര്‍ക്കണം.വിദ്യാഭ്യാസത്തെക്കുറിച്ച്, പ്രത്യേകിച്ച് സമുദായവിദ്യാഭ്യാസത്തെക്കുറിച്ച് അഭിവന്ദ്യ പിതാവിന് വളരെ വ്യക്തമായ വീക്ഷണം ഉണ്ടായിരുന്നു. ഈ വീക്ഷണത്തിലൂന്നികൊണ്ടാണ് പിതാവ് തന്റെ വിവിധ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ മുമ്പോട്ടുകൊണ്ടു പോയത്.എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, കളമശ്ശേരിയിലെ സെന്റ് പോള്‍സ് കോളേജ്, ലിറ്റില്‍ ഫ്‌ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും, ലൂര്‍ദ് ആശുപത്രിയും സ്ഥാപിതമായത് അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ കാലത്താണ്.

വരാപ്പുഴ മെത്രാപ്പോലീത്ത ആയതിനുശേഷമുള്ള നീണ്ട മുപ്പത്തിയേഴു വര്‍ഷത്തെ അത്യുജ്വലങ്ങളായ സേവനങ്ങളിലൂടെ അന്ന് കോട്ടപ്പുറം രൂപത ഉള്‍പ്പെട്ടിരുന്ന വരാപ്പുഴ അതിരൂപതയുടെ നൂതന ശില്പി ആണെന്നുള്ള അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ കീര്‍ത്തി ഇന്ത്യയിലും പുറത്തും പരന്നു. ആദ്ധ്യാത്മികതക്ക് തീര്‍ത്തും മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഒരു ഭരണമായിരുന്നു അഭിവന്ദ്യ പിതാവിന്റേത്. പിതാവിന്റെ ജീവിതം വിശുദ്ധി നിറഞ്ഞതായിരുന്നു.
തിരക്കേറിയ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും ദിവസവും മണിക്കൂറുകള്‍ കുര്‍ബാനയ്ക്കും, ദിവ്യകാരുണ്യ ആരാധനയ്ക്കും, ധ്യാനത്തിനും, വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും, ജപമാലചൊല്ലുന്നതിനുംവേണ്ടി പിതാവ് ചിലവഴിച്ചിരുന്നു. ഇതെല്ലാം പിതാവിന്റെ ആദ്ധ്യാത്മീക ജീവിതത്തിന്റെ നട്ടെല്ലായിരുന്നു. അഭിവന്ദ്യ പിതാവിന്റെ വളരെ ചിട്ടയായ പ്രാര്‍ത്ഥനാജീവിതം അസംഖ്യം പേര്‍ക്ക് അതിശക്തമായ പ്രചോദനമായിരുന്നു. മരിയഭക്തി പിതാവിന്റെ ആദ്ധ്യാത്മീകതയുടെ പ്രത്യേകം എടുത്തു പറയേണ്ട ഒരു സുപ്രധാനഭാഗം തന്നെയാണ്. എല്ലാ വെള്ളിയാഴ്ചകളിലും നോമ്പ്കാലങ്ങളിലെ ഞായറാഴ്ചകളില്‍ ഒഴികെയുള്ള എല്ലാ ദിവസവും അട്ടിപ്പേറ്റി പിതാവ് ഉപവാസം എടുക്കുമായിരുന്നു.

1970 ജനുവരിയില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ കോണ്‍ഫറന്‍സ് എറണാകുളത്തു നടന്നപ്പോള്‍ അഭിവന്ദ്യപിതാക്കന്മാര്‍ക്ക് വരാപ്പുഴ അതിരൂപതയില്‍ ജോസഫ് അട്ടിപ്പേറ്റി പിതാവ് ആതിഥ്യമരുളി. ആ ബിഷപ്‌സ് കോണ്‍ഫെറെന്‍സിന്റെ സമാപന ദിവസങ്ങളിലേക്ക് കടന്നുകൊണ്ടിരുന്നപ്പോഴാണ് അത്യന്തം ജോലിത്തിരക്കുകള്‍ക്കിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി പിതാവിന് പനി ബാധിക്കുന്നത്. 1970 ജനുവരി 21-ാം തീയതി രാത്രി 9.30ന് ദിവംഗതനായ പുണ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ നാമകരണത്തിന്റെ തുടര്‍നടപടികള്‍ റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ അനുമതിക്ക് വിധേയമായി സജീവമായി മുന്നോട്ടുപോകുമെന്ന് വരാപ്പുഴ അതിരൂപതാ കാര്യാലയത്തില്‍ നിന്നും അറിയിച്ചു.

മാടവനയുടെ സ്നേഹവീട് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ആശീർവദിച്ചു

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പിൽ ജോസഫിന് മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളി ഇടവകയിൽ നിന്നും നിർമ്മിച്ചു നൽകിയ മാടവനയുടെ സ്നേഹവീട് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ആശീർവദിച്ചു.  മാടവന വികാരി ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, കോതാട് വികാരി ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, സഹവികാരി ഫാ.പോൾ നിധിൻകുറ്റിശ്ശേരി, ഇ.എസ്.എസ്.എസ്.ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത് എന്നിവർ ആശിര്‍വ്വാദ കര്‍മ്മത്തില്‍ പങ്കെടുത്തു.

 നിർമ്മാണ ജോലികൾ മാടവന ഇടവകയിലെ തൊഴിലാളികൾ ശ്രമദാനമായിട്ടാണ് ചെയ്തത്. കുഞ്ഞുങ്ങളുടെ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയും തിരുനാൾ ആഘോഷങ്ങൾ ചുരുക്കിയും ഇടവകാംഗങ്ങളുടെ സംഭാവനയിലൂടെയുമാണ് നിർമ്മാണത്തുക സ്വരൂപിച്ചത്. ഏഴ് ലക്ഷം രൂപ ബഡ്ജറ്റിൽ തുടങ്ങിയ രണ്ട് ശയനമുറിയും സ്വീകരണമുറിയും അടുക്കളയും അടക്കം 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് ശ്രമദാന ജോലികളിലൂടെ ആറ് ലക്ഷം രൂപയിൽ പൂർത്തിയാക്കാൻ സാധിച്ചു.

വിധവ സംഗമം 2018

വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ നടത്തിയ വിധവ സംഗമം 2018 കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍ ഉത്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ വിധവകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ഇ.എസ്.എസ്.എസ്. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഒരു വഴിതിരിവായി മാറും. സങ്കടങ്ങളും സന്തോഷങ്ങളും ഒരു പോലെ അനുഭവിക്കുന്ന ഇവര്‍ക്ക് ഗവണ്‍മെന്റിന്റെയും മറ്റു ഇതര ഏജന്‍സികളുടെയും ആനുകൂല്ല്യങ്ങള്‍ നേടി എടുക്കുവാന്‍ ഈ സംഗമം പ്രയോജനപ്പെടെട്ടെയെന്നും ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍ ഓര്‍മ്മപ്പെടുത്തി.

എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്തിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സംഗമത്തില്‍ കേരള സ്‌റ്റേറ്റ് വിഡോസ് ഫോറത്തിന്റെ സ്‌റ്റേറ്റ് കോാഡിനേറ്റര്‍ ജോബി തോമസ് വിഷയാവതരണം നടത്തി. കേരള സ്‌റ്റേറ്റ് വിഡോസ് ഫോറത്തിന്റെ മെമ്പര്‍മാരായ പ്രശസ്ത പിന്നണി ഗായികയും, ഐഡിയ സ്റ്റാര്‍സിംഗറുമായ സോണിയ, ബാസ്‌ക്കറ്റ് ബോള്‍ പ്‌ളയറായ ഗീത മേനോന്‍ എന്നിവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്ക് വച്ച് അവര്‍ക്ക് ജീവിത മുന്നേറ്റത്തിനുള്ള പ്രചോദനമേകി. ESSS അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.റാഫേല്‍ കല്ലുവീട്ടില്‍,എസ്.എച്ച്.ജി.കോാഡിനേറ്റര്‍ സീമ റോയി എന്നിവര്‍ സംസാരിച്ചു.

വരാപ്പുഴ അതിരൂപതയ്ക്ക് 6 നവ ഡീക്കന്മാര്‍

വരാപ്പുഴ അതിരൂപതയ്ക്ക് 6 പുതിയ ഡീക്കന്മാര്‍. എറണാകുളം സെന്റ്. ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ വച്ച് ഡിസംബര്‍ 27 ന് വൈകുന്നേരം 4 മണിക്ക് നടന്ന ദിവ്യബലി മധ്യേ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്തായുടെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ വരാപ്പുഴ അതിരൂപതയിലെ 6 സെമിനാരിക്കാര്‍ പൗരോഹിത്യത്തിന്റെ ഒന്നാം പദവിയായ ശുശ്രൂഷ പട്ടം സ്വീകരിച്ചു. 

ഡീക്കന്‍ കോളിന്‍ പുളിക്കല്‍, ഡീക്കന്‍ ചണശ്ശേരി സ്റ്റിനില്‍, ഡീക്കന്‍ നെല്ലിശ്ശേരി സിബിന്‍ ജോസി, ഡീക്കന്‍ ചമ്മനിക്കോടത്ത് സിനു സെബാസ്റ്റിന്‍, ഡീക്കന്‍ മുടവശ്ശേരി സുനില്‍, ഡീക്കന്‍ മുരിങ്ങണത്ത് ടോണി കര്‍വാലയോ എന്നിവരാണ് നവ ഡീക്കന്മാര്‍.

ഈ ഭൂമിയില്‍ എളിമയുടെയും സേവനത്തിന്റെയും മാതൃകയായി കടന്നു വന്ന കര്‍ത്താവീശോയെ അനുകരിച്ച് ജീവിച്ച് ദൈവത്തെയും ദൈവജനത്തെയും സേവിക്കുവാനുള്ള വലിയ ഉത്തരവാദിത്വമാണ് ശുശ്രൂഷാപട്ടം ഭരമേല്പിക്കുന്നത് എന്ന് ആര്‍ച്ച്ബിഷപ്പ് വചനസന്ദേശത്തില്‍ പറഞ്ഞു. നിരവധി വൈദികരും സന്യസ്തരും ദൈവജനവും ശുശ്രൂഷാപട്ട തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

ആശാകിരണം കാന്‍സര്‍ സഹായ കിറ്റ് വിതരണം ചെയ്തു

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആശാകിരണം കാന്‍സര്‍ സഹായ  കിറ്റ് വിതരണം വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍ വെരി. റവ. മോണ്‍സിഞ്ഞൂര്‍ മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. പ്രളയംമുലം അന്ധകാരം ബാധിച്ച ജനതക്ക് വെളിച്ചം നല്‍കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മോണ്‍സിഞ്ഞൂര്‍ പറഞ്ഞു. ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഖ്യ അതിഥിയായി സിനിമരംഗത്ത് മികച്ച സ്വഭാവനടിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ സംസഥാന അവാര്‍ഡ് കരസ്ഥമാക്കിയ പൗളി വല്‍സന്‍ സന്നിഹിതയായിരുന്നു.ഈ വര്‍ഷം 3500 കിറ്റുകളാണ് എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിതരണത്തിനായി സജ്ജമാക്കി യിരിക്കുന്നത്.കാന്‍സര്‍ മൂലം അവശത അനുഭവിക്കുന്ന 22രോഗികള്‍ക്കുള്ള സഹായധനവും വിതരണം ചെയ്തു.ഫ്‌ളവേഴ്‌സ് ചാനലില്‍ കോമഡി ഷോയിലൂടെ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച സ്വരുമ സായംപ്രഭ ഫെഡറേഷന്‍ അംഗങ്ങളെയും,പൗളി വല്‍സനെയും ചടങ്ങില്‍ ആദരിച്ചു. ഇ.എസ്.എസ്.എസ്.അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.റാഫേല്‍ കല്ലുവീട്ടില്‍, കോഡിനേറ്റര്‍ ഷെറിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

മോണ്‍. ക്ലീറ്റസ് പറമ്പലോത്ത് പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറവില്‍

പൗരോഹിത്യ ജീവിതത്തിൻെറ 50 സുവർണ്ണ വർഷങ്ങൾ പിന്നിടുന്ന ക്ലീറ്റസച്ചൻ വിനീതനായി ചെമ്പുമുക്ക് ആവിലാ ഭവനിൽ വിശ്രമജീവിതം നയിക്കുന്നു. 1941-ൽ കർത്തേടം പറമ്പലോത്ത് ജോസഫ് – മേരി ദമ്പതികളുടെ മകനായിട്ടാണ് ജനനം. 1968-ൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപ്പേററിയിൽ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ ഉൾപ്പെടുന്ന പത്തോളം പള്ളികളിൽ വികാരിയായും ആശീർഭവൻ, മൈനർ സെമിനാരി ഡയറക്ടറായും കത്തീഡ്രൽ പള്ളി വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

ആറു പതിറ്റാണ്ടിലേറെയായി വാസ്തുവിദ്യയിലും ശിൽപ വിദ്യയിലും ഒരുപോലെ മികവുപുലർത്തുന്ന പുരോഹിതൻ മോൺ. ക്ലീറ്റസ് പറമ്പലോത്തിൻെറ കരവിരുതിൽ വിടർന്ന ദേവാലയ അൾത്താരകൾ അപൂർവ്വം. 1965-ൽ സെമിനാരി തിയോളജി വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വന്തം ഇടവകയായ കർത്തേടം പള്ളിയിലെ അൾത്താര മേശ ഡിസൈൻ ചെയ്തുകൊണ്ടാണ് ശിൽപവിദ്യക്ക് ആരംഭം കുറിച്ചത്. ആദിയും അന്തവുമായ ദൈവത്തെ പ്രതീകവൽക്കരിക്കുന്ന ആൽഫ ഒമേഗ ആശയം അവലംബിച്ച് ഡിസൈൻ ചെയ്തു. എല്ലാവർക്കും നൂതനാശയവും ലാളിത്യവും ഇഷ്ടപ്പെട്ടു. പിന്നെ ഡിസൈനുകൾക്കായി വൈദികർ ക്ലീറ്റസച്ചനെ സമീപിച്ചു. പുത്തൻ കാഴ്ചപ്പാടുകളുമായിട്ടാണ് കടന്നുവരുന്നത്. പള്ളി മുഖപ്പുകൾ, മദ്ബഹ, സക്രാരി, അൾത്താര മേശ, ആംബോ, സൈഡ് ആൾട്ടറുകൾ, ഗ്രോട്ടോകൾ തുടങ്ങിയവ വ്യത്യസ്തമായ ഡിസൈനുകളിൽ കേരളത്തിന് അകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. ജന്മസിദ്ധമായ കഴിവുകൊണ്ടാണ് ശിൽപകലയിൽ പ്രാവീണ്യം നേടിയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൈയെഴുത്തുമാസിക രൂപകൽപന ചെയ്തിരുന്നു. സാങ്കേതിക വിദ്യാഭ്യാസത്തിൻെറ പിൻബലം ഉണ്ടായിരുന്നില്ലെങ്കിലും ക്ലീറ്റസച്ചൻ ഡിസൈൻ ചെയ്യുന്നത് ഏറെ ആകർഷകമായിരുന്നു. ചരിയൻതുരുത്ത് വേളാങ്കണ്ണി മാതാ പള്ളിയുടെ മുഖപ്പ് ഡിസൈൻ ചെയ്തത് ക്ലീറ്റസച്ചനാണ്. തീർത്ഥാടന കേന്ദ്രമായ കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയത്തിൻെറ അൾത്താര രൂപകൽപന ചെയ്തത് ക്ലീറ്റസച്ചനാണ്. ഏതാണ്ട് നൂറ് കണക്കിന് പള്ളികളുടെ അൾത്താര രൂപകൽപന നൽകി ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നുവെങ്കിലും പൗരോഹിത്യത്തിൻെറ സുവർണ ജൂബിലി നിറവിലും കർമ്മനിരതനാണ്. വാസ്തു നിർമിതികളെ ആധാരമാക്കി നിർമിതി ദർശനം എന്ന പേരിൽ പുസ്തകം ഇറക്കിയിട്ടുണ്ട്. 

2018 ഡിസംബർ 19-ന് പൗരോഹിത്യത്തിൻെറ സുവർണജൂബിലി നിറവിൽ എത്തിയിരിക്കുന്ന ക്ലീറ്റസചന് കാര്യമായ ആഘോഷങ്ങളൊന്നുമില്ല. ആവില ഭവനിൽ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു വിശ്രമജീവിതം സന്തോഷകരമാണ്. ആവില ഭവനിലെ മറ്റു വൈദികരുമായി ചേർന്ന് ഒരുമിച്ച് ബലിയർപ്പിച്ചു പ്രാർത്ഥിക്കുന്നു. 2009 സെപ്റ്റംബറിലാണ് മോൺസിഞ്ഞോർ പദവി ലഭിച്ചത്. അന്നു മോൺസിഞ്ഞോർ പദവി ലഭിച്ച മോൺ. അംബ്രോസ് അറയ്ക്കൽ, മോൺ. ജോസഫ് തണണികോട്ടും ആവിലാ ഭവനിൽ കൂടെയുണ്ട്.