മദർ ഏലീശ്വയുടെ വിശുദ്ധവും ധീരവും അചഞ്ചലവുമായ വിശ്വാസത്തിന്റെയും സ്നേഹത്തിൻ്റെയും ജീവിതം അനേകർക്ക് പ്രചോദനമായി തീരുമെന്ന് പെനാങ് രൂപത മെത്രാൻ അത്യുന്നത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകൾക്കുവേണ്ടിയുള്ള പ്രഥമ കർമലീത്താ നിഷ്‌പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് തിരുകർമങ്ങളിൽ മുഖ്യകാർമികത്വം ഉയർത്തിയ വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ എറണാകുളം വല്ലാർപാടം ബസിലിക്കയിൽ നടന്ന തിരുകർമങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന നടത്തി. കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപിച്ചപ്പോൾ ദേവാലയത്തിലെ മണികൾ മുഴങ്ങി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിനെല്ലി സന്ദേശം നൽകി. കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്തു. തുടർന്ന് മദറിൻ്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്‌ഠിച്ചു.
ദിവ്യബലിക്കുശേഷം ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്‌തു. കെആർഎൽസിബിസി പ്രസിഡൻ്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ സുവനീർ പ്രകാശനം നിർവഹിച്ചു. കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യകോപ്പി മദർ ഷഹീല സി.റ്റി.സിക്ക് നൽകി നിർവ്വഹിച്ചു. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകൾ സമാപിച്ചു.
Bl._Mother_Eliswa

