കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും കർമലീത്ത നിഷ്പാദുക മൂന്നാം സഭ സ്‌ഥാപകയുമായ മദർ ഏലീശ്വ വൈപ്പിനിലെ ഓച്ചന്തുരുത്ത് വിശുദ്ധ കുരിശിന്റെ പള്ളി ഇടവകയിൽ വൈപ്പിശേരി തറവാട്ടിൽ 1831 ഒക്ടോബർ 15നു തൊമ്മൻ – താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യത്തെയാളായാണ് ഏലീശ്വയുടെ ജനനം. ജോസഫ്, വറീത്, ലൂയിസ്, അന്തോണി, തോമസ് എന്നിവർ സഹോദൻമാരായിരുന്നു. ഒരു സഹോദരി ചെറുപ്പത്തിലേ മരിച്ചു. മറ്റൊരു സഹോദരിയായ ത്രേസ്യാ മദർ ഏലീശ്വായ്കൊപ്പം സന്യാസിനി സഭയിൽ സ്‌ഥാപകാംഗമായി. അന്നത്തെ രീതിയനുസരിച്ചു ഏലീശ്വാ 16 -ാം വയസ്സിൽ വിവാഹിതയായി. വാകയിൽ വത്തരുവിൻ്റെ വധുവായി, ഒരു കുട്ടിയുടെ അമ്മയായി. പക്ഷേ, 20 -ാം വയസ്സിൽ വൈധവ്യമായിരുന്നു ദൈവ നിശ്ചയം.
വത്തരുവിന്റെ മരണ ശേഷം പ്രാർഥനാ ജീവിതം ഏലീശ്വാ തിരഞ്ഞെടുത്തു. അതിനായി കളപ്പുരയിൽ ഒരു മുറി തയാർ ചെയ്തു. 1862 വരെ, 10 വർഷത്തോളം പ്രാർഥനയിലും ധ്യാനത്തിലും ഉപവാസത്തിലും ജീവിച്ച ഏലീശ്വാ, വികാരി ഫാ. ലെയോപോൾഡിനെ സന്ദർശിച്ചു സന്യാസിനി ആകാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. ഫാ. ലെയോപോൾഡ് മറ്റു മിഷണറിമാരോട് ആലോചിക്കുകയും മെത്രാപ്പൊലീത്തയെ അറിയിക്കുകയും ചെയ്തു. കേരളത്തിൽ സന്യാസിനി സഭ സ്‌ഥാപിക്കേണ്ടതിന്റെ ആവശ്യം മെത്രാപ്പൊലീത്ത ബെർണദീൻ ബച്ചിനെല്ലിയുടെ മനസ്സിലുണ്ടായിരുന്നു. ബെർണദീൻ ബച്ചിനെല്ലി മെത്രാപ്പൊലീത്ത റോമിൽ നിന്ന് അനുമതി വാങ്ങി. അനുമതി ലഭിച്ചതോടെ ഏലീശ്വായുടെയും മകൾ അന്നയുടെയും പേരിലുള്ള സ്‌ഥലത്തു മഠം നിർമിക്കാൻ ഫാ. ലിയോപോൾഡ് തീരുമാനിച്ചു.
1866 ഫെബ്രുവരി 12നു കൂനമ്മാവിൽ പനമ്പുകൊണ്ടു കെട്ടി മറച്ച മഠത്തിൽ മദർ ഏലീശ്വായാൽ കേരളത്തിലെ ആദ്യ സന്യാസിനി സഭ സ്ഥാപിക്കപ്പെട്ടു. ഈ കർമലീത്ത നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി)യിൽ നിന്നാണു പിന്നീടു കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (സിടിസി) ഉരുത്തിരിഞ്ഞത്. 1866 ൽ കൂനമ്മാവിൽ മഠത്തിൻ്റെ നിർമാണം നടക്കുന്ന വേളയിലും പിന്നീടു സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും, പിന്നീടു വിശുദ്ധനായി സഭ പ്രഖ്യാപിച്ച ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ കൂടി സഹായം ഉണ്ടായിരുന്നു.
ഫാ. ലെയോപോൾഡ് സന്യാസിനി സഭയുടെ ആത്മീയ ഉപദേഷ്ടാവായും മഠത്തിനുവേണ്ടിയുള്ള മെത്രാപ്പൊലീത്തയുടെ പ്രതിനിധിയായും നിയമിക്കപ്പെട്ടു. കർമലീത്ത നിഷ്‌പാദുക സന്യാസിനി സഭയുടെ നിയമങ്ങൾ മെത്രാപ്പൊലീത്ത വിദേശത്തു നിന്നു വരുത്തി. ഏലീശ്വായുടെ നേതൃത്വത്തിൽ സ്ഥാപിച്ച സന്യാസിനി സഭയിൽ മകൾ അന്ന, ഏലീശ്വായുടെ സഹോദരി ത്രേസ്യ എന്നിവരായിരുന്നു സഹ സ്‌ഥാപകർ. 1913 ജൂലൈ 18ന് മദർ ഏലീശ്വ നിത്യതയിലേക്കു വിളിക്കപ്പെട്ടു. 2008 മാർച്ച് 6നാണ് മദർ ഏലീശ്വയെ ദൈവദാസിയായി പ്രഖ്യാപിച്ചത്. 2023 നവംബർ 8 ‘ധന്യ’ പദവിയിലേക്ക് ഉയർത്തി. 2025 ഏപ്രിൽ 14 മദർ ഏലീശ്വയുടെ അദ്ഭുത പ്രവർത്തി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു.


