ദൈവദാസൻ തിയോഫിനച്ചനെ ലിയോ പതിനാലാമൻ മാർപാപ്പ ധന്യപദവിയിലേക്ക് ഉയർത്തി. ഇന്നലെ വത്തിക്കാനിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ 1913 ജൂലൈ 20നു ജനിച്ച തിയോഫിനച്ചൻ 1941 ഏപ്രിൽ 20 നു പൗരോഹിത്യം സ്വീകരിച്ചു. 1968 ഏപ്രിൽ നാലിനായിരുന്നു മരണം. ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്റെ സുകൃതങ്ങൾ പ്രസിദ്ധമായിരുന്നു. 2005 ജനുവരി 10 നാണ് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. 2014 ഫെബ്രുവരി ഒന്നിനു തിയോഫിനച്ചന്റെ കുഴിമാടം തുറന്നു പരിശോധിച്ചിരുന്നു.
തിയോഫിനച്ചനെ ധന്യപദവിയിലേക്ക് ഉയർത്താനുള്ള വരാപ്പുഴ അതിരൂപത തലത്തിലുള്ള നടപടികൾ 2016 ഒക്ടോബർ 24നു പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമദേവാലത്തിൽ പൂർത്തിയാക്കി കാനോനിക രേഖകളടങ്ങിയ 94 പേടകങ്ങൾ വത്തിക്കാനിൽ എത്തിച്ചിരുന്നു. ഇതിന്റെ പരിശോധന വിവിധ തലങ്ങളിൽ കർദിനാൾ സമിതി പൂർത്തിയാക്കിയാണ് ഇന്നലെ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചത്.
കൊച്ചി കോട്ടപ്പുറം സെന്റ് മൈക്കിൾസ് ഇടവകപ്പള്ളിയുടെ വരാന്തയായിരുന്നു കൂടല്ലൂർ ഇട്ടി ച്ചെറിയ ജോർജ്- അന്ന ദമ്പതികളുടെ മകൻ മൈക്കിളിന്റെ കളിമുറ്റം.
പള്ളിയുടെ തൊട്ടുമുന്നിലായിരുന്നു ഇവരുടെ വീട്. കുടംബത്തിലെ ഒൻപതാമനായി ജനിച്ച മൈക്കിളാണ് പിന്നീട് വിശ്വാസ ലോകം അറിയുന്ന തിയോഫിന ച്ചനായി വളർന്നത്.
വൈദികനാകാനുള്ള ആഗ്രഹത്തോടെ വരാപ്പുഴ അതിരൂപത മൈനർ സെമിനാരിയിൽ പ്രവേശിച്ചു. പിന്നീട് കപ്പുച്ചിൻ സഭയിൽ ചേർന്നു. കർണാടകയിലെ ഫറഞ്ചിപ്പേട്ട് ആശ്രമത്തിൽ സഭാവസ്ത്രം സ്വീകരിച്ചപ്പോഴാണ് “ദൈവത്തിന്റെ വെളിപാട്’ എന്ന് അർത്ഥം വരുന്ന ‘തിയോഫിൻ’ എന്ന സന്യാസനാമം സ്വീകരിച്ചത്.
അജ്മേർ രൂപതയുടെ മെത്രാൻ ഡോ. ഗ്വീഡോയാണു കൊല്ലം സെന്റ്റ് ആന്റണീസ് ആശ്രമത്തിൽ അദ്ദേഹത്തിനു പൗരോഹിത്യം നൽകിയത്. കൊല്ലം, മാവേലിക്കര, തൃശ്ശിനാപ്പള്ളി, കോത്തഗിരി ആശ്രമങ്ങളിൽ ഉത്തരവാദിത്തങ്ങൾ വഹിച്ചു.
കൊല്ലം രൂപതയിൽ ഫ്രാൻസിസ്കൻ അൽമായ സഭ ആരംഭിച്ചതും അദ്ദേഹമാണ്. കേരളത്തിൽ കപ്പൂച്ചിൻ ആശ്രമങ്ങൾ സ്‌ഥാപിക്കുന്നതിലും പ്രേഷിത പ്രവർത്തനങ്ങളിലും മുഴുകിയ തിയോഫിനച്ചൻ ജനപ്രിയനായ ധ്യാനഗുരുവായിരുന്നു.
ആത്മീയ- ശാരീരിക രോഗ സൗഖ്യത്തിനുവേണ്ടി ജാതിമത ഭേഗമില്ലാതെ അദ്ദേഹത്തെ തേടിയെത്തിയവർ ഒട്ടേറെയാണ്. മനുഷ്യസ്നേഹി എന്ന പേരുകേട്ട അദ്ദേഹം എല്ലാവർക്കും പ്രശ്നപരിഹാരകനായിരുന്നു.
വൈറ്റിലയ്ക്കടുത്തു പൊന്നുരുന്നിയിൽ 1958ലാണ് അദ്ദേഹം കപ്പൂച്ചിൻ ആശ്രമവും ആശ്രമ ദേവാലയവും സെമിനാരിയും സ്‌ഥാപിച്ചത്.
അനേകരാണ് അദ്ദേഹത്തിന്റെ കബറിടത്തിൽ പ്രാർഥിക്കാനെത്തുന്നത്.
ജീവിത കാലത്തുതന്നെ ജനങ്ങൾ അദ്ദേഹത്തെ വിശുദ്ധനായി പരിഗണിച്ചിരുന്നു.

