യുദ്ധത്തിന്റെയും കലഹങ്ങളുടെയും മത്സരത്തിന്റെയും ഈക്കാലത്ത് ക്രൈസ്തവ നേതാക്കൾ പ്രത്യാശയിൽ നിറഞ്ഞ് സ്നേഹത്തിൽ വളർന്ന് ക്രിസ്തുവിശ്വാസത്തിന്റെ സാക്ഷികൾ ആകണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തി പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര നിർവാഹക സമിതി ഭാരവാഹികളുടെ സംഗമവും സത്യപ്രതിജ്ഞയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. എറണാകുളം സെൻറ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന നേതൃസംഗമത്തിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ മുഖ്യ സന്ദേശം നൽകി. ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ച സംഗമത്തിൽ കെ.ആർ.എൽ. സി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. ജിജു അറക്കത്തറ ക്ലാസ് നയിച്ചു. കെഎൽസിഎ അതിരൂപത പ്രസിഡൻറ് സി. ജെ. പോൾ, അതിരൂപത കെസിവൈഎം പ്രസിഡണ്ട് രാജീവ് പാട്രിക്, സിഎൽസി സംസ്ഥാന ജനറൽ സെക്രട്ടറി ഡോണ, കൺവീനർ നവീൻ തേവര എന്നിവർ പ്രസംഗിച്ചു. അതിരൂപതയിലെ 110 ഓളം ഇടവകകളിൽ നിന്നായി നൂറുകണക്കിന് ക്രൈസ്തവ നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു.
കേന്ദ്ര നിർവാഹക സമിതി ഭാരവാഹികളുടെ സത്യപ്രതിജ്ഞ