അഞ്ചു നൂറ്റാണ്ടിലേറെ പഴക്കം ഉള്ള കൊച്ചി വെണ്ടുരുത്തി സെന്റ്. പീറ്റര്‍ ആന്റ് പോള്‍ പള്ളിയുടെ ആദിമ രൂപം പോര്‍ച്ചുഗീസ് കാലഘട്ടത്തിനും മുന്‍പു നിലനിന്നിരുന്നതായി ചരിത്ര സൂചനകള്‍. ആധുനിക കാലഘട്ടത്തിനു മുന്‍പ് വെണ്ടുരുത്തി ദ്വീപിലുണ്ടായിരുന്ന ജനവാസത്തിന്റെയും, രേഖയില്‍ പറയുന്ന 1599 ന് മുന്‍പു നിലനിന്ന പള്ളിയുടെയും തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചരിത്ര ഗവേഷണം അന്തിമഘട്ടത്തില്‍.
ആര്‍ക്കിടെക്ട് ലിയോ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷമായി പള്ളിയുടെ പുനരുദ്ധാരണ ജോലി നടക്കുകയാണ്. അള്‍ത്താര നവീകരിക്കാന്‍ തറ പൊളിച്ചപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങളും ഒരടി വ്യാസമുള്ള തൂണ്‍ നിന്നതിനു സമാനമായ കുഴിയുമാണ് പുരാതന ചരിത്രത്തിന്റെ സൂചന നല്കുന്നത്. അടിത്തട്ടിലെ മണ്ണ് നീക്കി പരിശോധിച്ചപ്പോള്‍ മധ്യകാലഘട്ടത്തില്‍ പള്ളിയും ക്ഷേത്രങ്ങളും മേയാന്‍ ഉപയോഗിച്ചിരുന്ന കൂരയോടുകളും പാത്തിയോടുകളും ചൈനീസ് പാത്രങ്ങള്‍ ഉള്‍പ്പെടെ മണ്‍പാത്ര കഷണങ്ങളും കണ്ടെത്തി. ഇവയ്ക്കൊപ്പം കാലഗണനയ്ക്കു സഹായകമായ സുര്‍ക്കി, കുമ്മായ മിശ്രിത സാം പിളുകളും ശേഖരിച്ചു.
കാലം വ്യക്തമല്ലെങ്കിലും 1599 നു മുന്‍പു തന്നെ തദ്ദേശീയരായ ക്രിസ്ത്യാനികള്‍ ഇവിടെ തടിയില്‍ ദൈവാലയം പണിതുവെന്നാണ് സൂചന. നിലവിലുള്ള അള്‍ത്താരയുടെ തറയ്ക്കു താഴെ നിര്‍മ്മിതിയുടെ മധ്യ ഭാഗത്തു തൂണിന്റെ സ്ഥാനത്ത് ആഴമേറിയ ദ്വാരം കാണപ്പെട്ടു. ദ്വീപില്‍ നിര്‍മ്മാണത്തിനു ചുടുകട്ടയും ചെങ്കല്ലും സൂര്‍ക്കി മിശ്രിതവും ഉപയോഗിക്കുന്നതിന് മുന്‍പുള്ള കാലത്തെ നിര്‍മ്മാണത്തിന്റെ തെളിവാണിതെന്നു ഗവേഷകര്‍ കരുതുന്നു. പോര്‍ച്ചുഗീസ് കാലത്ത് 1599 ല്‍ പള്ളി പണിതുവെന്നാണ് ഔപചാരികമായി കരുതുന്നത്. വെള്ളപ്പൊക്കത്തില്‍ പള്ളി തകര്‍ന്നതിനു ശേഷം 1788 ല്‍ ലൂക്കാ പാദ്രിയും മിഖായേല്‍ കപ്പിത്താനും ചേര്‍ന്ന് പണിത പള്ളിയാണ് നിലവില്‍ ഉള്ളത്. കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ അടിത്തട്ടില്‍ നിന്നു കിട്ടിയതു തിരിച്ചറിയാന്‍ വികാരി ഫാ. ഡോ. അല്‍ ഫോന്‍സ് പനക്കല്‍ ചരിത്ര പുരാവസ്തു ഗവേഷണ സ്ഥാപനമായ ‘പാമ’യുടെ സഹായം തേടി. പ്രൊഫ. ആര്‍. വി. ജി. മേനോന്‍ അദ്ധ്യക്ഷനായ ‘പാമ’ യിലെ ഗവേഷകരായ സത്യജിത്ത് ഇബ്ന്‍, ഡോ. ലിന്റോ ആലപ്പാട്ട്, ഡോ. പി.ജെ. ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷണം അന്തിമ ഘട്ടത്തിലാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പുരാരേഖകളില്‍ നിന്ന് കണ്ടെത്തലുകള്‍ക്ക് തെളിവു സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.