വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ലൂർദ് ആശുപത്രിയുടെ 60-ാം വർഷത്തിലേക്കുള്ള പ്രവേശനം ‘ലെഗാമെ 24’ എന്ന പേരിൽ ലൂർദ്ദ് സ്ഥാപനങ്ങളിലെ രണ്ടായിരത്തിൽപ്പരം ജീവനക്കാർ കേക്ക് പങ്കുവെച്ചും പാട്ടുപാടിയും നൃത്തം ചവിട്ടിയും പ്രതിഞ്ജയെടുത്തും ആശുപത്രി അങ്കണത്തിൽ ഒന്നു ചേർന്ന് ആഘോഷിച്ചപ്പോൾ വേൾഡ് ഓഫ് റെക്കോർഡ്‌സിൻറെ താളുകളിലേക്കുളള ചുവെടുവെയ്പ്പുകൂടിയായി അത് മാറി. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് ചരിത്രത്തിൽ 152 രാജ്യങ്ങളിൽ ഇത് ആദ്യമായാണ് ഒരു ആശുപത്രി ഇത്തരത്തിൽ ആഘോഷം സംഘടിപ്പിച്ച് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. ലെഗാമെ 24- വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ചിത്രീകരണം ചലച്ചിത്ര താരം നരേൻ, സംവിധായകൻ ജിസ് ജോയ് എന്നിവർ പരസ്‌പരം കേക്ക് പങ്കുവെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്‌തു. കൊച്ചി എസിപി ജയകുമാർ, എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർ സുധീർ ഷെറീഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വേൾഡ് ഓഫ് റെക്കോർഡ്‌സിന്റെ ചിത്രീകരണം. വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 60 സൗജന്യ മെഡിക്കൽ ക്യാംപുകളുടെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എൽ.എ യും 60 പ്രമുഖ ഡോക്ടർമാരുടെ ആരോഗ്യസംബന്ധമായ ലേഖനങ്ങളടങ്ങിയ പുസ്‌തകത്തിന്റെ പ്രകാശനം സംവിധായകൻ ജിസ് ജോയിയും ജീവനക്കാർക്കുള്ള പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി അസിസ്റ്റന്റ് മെഡിക്കൽ ‘ഡയറക്ടർ ഡോ അനുഷ വർഗ്ഗീസ്, സൗജന്യ രക്തപരിശോധന മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രാഹവും 60 വൃക്ഷത്തൈകളുടെ നടീൽ ഡോ. ബിനു ഉപേന്ദ്രൻ, ഡോ. ജോൺ ടി. ജോൺ, ഡോ. പ്രിയ മറിയം എന്നിവരും നിർവ്വഹിച്ചു. ലൂർദ് സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ കാലം സേവനം ചെയ്‌ത 60 ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. വരാപ്പുഴ അതിരൂപത മോൺസിഞ്ഞോർ ഫാ. ജോസഫ് എട്ടുരിത്തിൽ, ആശുപത്രി ഡയറക്ടർ ഫാ. ജോർജ്ജ് സെക്കീര, അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ തുടങ്ങിയവർ സംസാരിച്ചു.