കേരളസമൂഹത്തിലെ അവഗണിക്കാനാകാത്ത നിര്‍ണായക ശക്തിയാണ് ലത്തീന്‍ സമുദായമെന്ന് അടിവരയിട്ടു പ്രഖ്യാപിച്ച മഹാസമ്മേളനത്തിന് ശംഖുമുഖം കടപ്പുറം ഡിസംബര്‍ 9ന് സാക്ഷ്യം വഹിച്ചു. കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ 12 ലത്തീന്‍ രൂപതകളുടെയും രൂപതാധ്യക്ഷന്മാരും അല്മായ സംഘടനാ പ്രതിനിധികളും പുരോഹിതരും സന്യസ്തരും തിരുവനന്തപുരം അതിരൂപതയിലെ വിശ്വാസസമൂഹവും ഒന്നിച്ചുചേര്‍ന്നു. 20 ലക്ഷത്തോളം വരുന്ന ലത്തീന്‍ സമുദായത്തെ രാഷ്ട്രീയനേതൃത്വത്തില്‍ നിന്നും ജുഡീഷ്യറിയില്‍ നിന്നും എക്‌സിക്യൂട്ടീവില്‍ നിന്നും അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള ഭരണവര്‍ഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രമങ്ങളെ കെആര്‍എല്‍സിസി-കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യവും, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജും ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തപ്പോള്‍ അതു സമുദായത്തിന്റെ മൊത്തം വികാരമായി.
കടലോരമേഖലയുടെ തീരാക്കണ്ണീരായി മാറിയ ഓഖി ദുരന്തത്തിന്റെയും കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു 2018ലെ ലത്തീന്‍ സമുദായ സംഗമം. ഓഖി ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും അതിന് ഇരകളായ തീരദേശവാസികള്‍ക്ക് അധികാരികള്‍ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് സമുദായസമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച 7,300 കോടി രൂപയുടെ പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശുഷ്‌കാന്തി കാണിക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷവും ലത്തീന്‍ സമുദായത്തിന് അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സമുദായത്തിന് കൂടുതല്‍ പരിഗണന വേണം. അവഗണന തുടര്‍ന്നാല്‍ ഉചിതമായ സമയത്ത് പ്രതികരിക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പുമുണ്ടായി. ഒരു സഭയും സമുദായവും എന്ന ലക്ഷ്യത്തിലേക്ക് വളരാന്‍ ഐക്യവും പരസ്പരസ്‌നേഹവും അത്യന്താപേക്ഷിതമാണെന്ന് രാവിലെ മൂന്നു വേദികളിലായി സംഘടിപ്പിക്കപ്പെട്ട യുവജന, വനിതാ സംഘടന നേതൃസമ്മേളനങ്ങള്‍ വ്യക്തമാക്കി. സ്ത്രീകളുടെയും യുവാക്കളുടെയും കഴിവും കരുത്തും സമുദായത്തിന്റെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തണം. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം സമൂഹത്തില്‍ ഉയര്‍ന്നുകേള്‍ക്കുവാന്‍ മാധ്യമ സംവിധാനങ്ങളെ ശക്തിപ്പെടുത്തണമെന്നും നിര്‍ദേശങ്ങളുണ്ടായി. മന്ത്രിമാരും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും ലത്തീന്‍ സമുദായത്തോട് സഹകരിക്കുമെന്ന് സമ്മേളനത്തില്‍ വാഗ്ദാനം ചെയ്തു.
സമുദായസംഗമത്തിന്റെയും സമ്മേളനത്തിന്റെയും ഭാഗമായി ഡിസംബര്‍ രണ്ടു മുതല്‍ ശംഖുമുഖം കടപ്പുറത്തും വിജെടി ഹാളിലുമായി വിവിധ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറി. കടലറിവുകളും ലത്തീന്‍ കത്തോലിക്കരുടെ ഭാഷയും സംസ്‌കാരവും ചരിത്രവും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടികളായിരുന്നു മുഖ്യം. തീരദേശത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ വിശദമാക്കുന്ന കെഎല്‍സിഡബ്ല്യുഎയുടെ തെരുവുനാടകം ഏറെ ശ്രദ്ധേയമായി. കേരള ലത്തീന്‍ കത്തോലിക്ക സമുദായദിനത്തിന്റെ ഭാഗമായുള്ള നേതൃസംഗമം ഓള്‍ സെയിന്റ്‌സ് കോളജിലും സമുദായ സമ്മേളനം ശംഖുമുഖം കടപ്പുറത്തുമാണ് നടത്തിയത്. രാവിലെ രജിസ്‌ട്രേഷനു ശേഷം സംഘാടക സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. ആര്‍. ക്രിസ്തുദാസ് പതാക ഉയര്‍ത്തി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. മൈക്കിള്‍ തോമസ് സ്വാഗതവും ഡിസിഎംഎസ് തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ജോര്‍ജ് എസ്. പള്ളിത്തറ നന്ദിയും പറഞ്ഞു. തുടര്‍ന്ന് യുവജന, വനിതാ സംഘടന നേതൃസമ്മേളനങ്ങള്‍ നടത്തി.
കേരള ലത്തീന്‍ കത്തോലിക്ക സമുദായദിനം ആഘോഷിച്ചു