Abp. Baccinelli Commemoration Meeting

വരാപ്പുഴ അതിരൂപതയിലെ കൂനമ്മാവ് സെന്റ്. ഫിലോമിനാസ് സ്കൂളിൽവച്ച് യശ: ശരീരനായ ആർച്ച് ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ 158-ാംചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനവും ഛായ ചിത്ര പ്രകാശന കർമ്മവും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ നിർവഹിച്ചു.

1833ൽ ഇറ്റലിയിൽ നിന്ന് കേരളത്തിൽ എത്തിയ ഈ മഹാ മിഷനറി തന്റെ ജീവിതകാലം മുഴുവൻ കേരളസഭയ്ക്കായി ചെലവഴിച്ചു. 1857 ൽ പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ശയത്തിന്, ആദ്യമായി ശക്തമായ രൂപം നൽകി ഇടയലേഖനം എഴുതിയ ആർച്ച്ബിഷപ്പ് ഡോ. ബെച്ചിനെല്ലി തൻ്റെ അതിരൂപതയിലെ ഓരോ ഇടവകയിലും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് നിർദ്ദേശിച്ചു. ജാതിമതഭേദമന്യേ എല്ലാവർക്കും ആയി വിദ്യാലയത്തിൻ്റെ വാതിൽ തുറക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. 1866 ൽ പിടിയരി പ്രസ്ഥാനത്തിലൂടെ പാവങ്ങൾക്ക് അത്താണിയായി.

അതേ കാലഘട്ടത്തിൽ തന്നെ മദർ ഏലീശ്വായുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായുള്ള സന്യസ്ത ജീവിതത്തിനും സാമൂഹ്യ പ്രവർത്തനങ്ങൾക്കും ആർച്ച്ബിഷപ്പ് നിർണായക പിന്തുണയേകി. ആത്മീയതയും, വിദ്യാഭ്യാസപ്രവർത്തനങ്ങളും, സാമൂഹ്യസേവനവും ഒന്നുചേർന്ന ചരിത്രപുരുഷനും നവോത്ഥാന താരകവും ആയിരുന്നു ആർച്ച് ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലി.1868 സെപ്റ്റംബർ 5 ന് അദ്ദേഹം വരാപ്പുഴയിൽ വച്ച് കാലം ചെയ്തു. ആ യുഗപ്രാഭവനെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ റവ. ഡോ.അൽഫോൺസ് പനക്കൽ മുഖ്യപ്രഭാഷണം നടത്തി. കൂനമ്മാവ് തീർത്ഥാടന കേന്ദ്രം റെക്ടർ മോൺ.സെബാസ്റ്റ്യൻ ലൂയിസ്, വൈസ് റെക്ടർ ഫാ. എബി ഡ്യൂറോം, വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി, ശ്രീ. യേശുദാസ് പറപ്പിള്ളി, കൂനമ്മാവ് സ്കൂൾ പ്രിൻസിപ്പാൽ ഡോ. ഡീൻ റോയ്, ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ഏലിയാസ് എന്നിവർ സംസാരിച്ചു.