ഫാ. ആന്റണി വാലുങ്കൽ വരാപ്പുഴ സഹായമെത്രാൻ

വരാപ്പുഴ അതിരൂപത സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ പരി. പിതാവ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇ് (11/05/2024) ഉച്ചകഴിഞ്ഞ് 3.30 ന് ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടത്തി. തല്‍സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി, മോസിഞ്ഞോര്‍മാര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, അല്മായ സഹോദരങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
റവ. ഡോ. ആന്റണി വാലുങ്കല്‍ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലായ് 26 ന് എരൂര്‍ സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ ജനിച്ചു. 1984 ജൂ 17 ന് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ആലുവ കാര്‍മ്മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനവും നടത്തി. 1994 ഏപ്രില്‍ 11 ന് അഭിവന്ദ്യ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
പൊറ്റക്കുഴി, വാടേല്‍ എന്നീ ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്തു. തുടര്‍ന്ന് ഏഴുവര്‍ഷക്കാലം മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, വിയാനി ഹോം സെമിനാരി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. കര്‍ത്തേടം വികാരിയായി സേവനം ചെയ്യുന്ന കാലയളവില്‍ ഇടവക ദൈവാലയം പുനര്‍നിര്‍മ്മിച്ചു. തുടര്‍ന്ന് ജോൺ പോള്‍ ഭവന്‍ സെമിനാരി ഡയറക്ടര്‍ ആയി നിയമിതനായി.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പിരിച്വാലിറ്റിയില്‍ നിന്നും ആദ്ധ്യാത്മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഡോക്ടറേറ്റും നേടിയ അദ്ദേഹം ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ സ്പിരിച്ച്വല്‍ ഡയറക്ടറും പ്രൊഫസറുമായി നിയമിതനായി. ഇക്കാലയളവില്‍ ചൊവ്വര, പാറപ്പുറം ദൈവാലയങ്ങളുടെ അജപാലന ശുശ്രൂഷയും നിര്‍വ്വഹിച്ചു. ഇപ്പോള്‍ വല്ലാര്‍പാടം ബസിലിക്ക റെക്ടറായി സേവനം ചെയ്തു വരുന്നു. ‘രൂപീകരണത്തിലെ മിസ്റ്റിക്കല്‍ വശങ്ങള്‍’, ‘മിഷനനറിമാരുടെ ആത്മീയ സംഭാവനകള്‍’, ‘മിഷനറിമാരുടെ വിശുദ്ധരോടുള്ള വണക്കവും മരിയ ഭക്തിയും’ തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മെത്രാഭിഷേകം 2024 ജൂൺ 30 ന് വല്ലാര്‍പാടം ബസിലിക്ക അങ്കണത്തില്‍ വച്ച് നടത്തപ്പെടും.