വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ആശിർ ഭവൻ പാസ്റ്ററൽ സെന്ററിൽ വച്ച് വരാപ്പുഴ അതിരൂപതയിലെ വൈദീകരുടെ തുടർ പരീശീലന യോഗം നടത്തി. അതിരൂപതയിലെ എല്ലാ വൈദീകരുടെയും സാന്നിധ്യത്തിലൂടെ എല്ലാ ഭവനങ്ങളും വിശുദ്ധീകരിക്കപ്പെടണമെന്ന് അതിരൂപതാധ്യക്ഷ്യൻ അഭിവന്ദ്യ മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് On Going Formation യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഓർമപ്പെടുത്തി. തുടർന്ന് ബിസിസി കോർഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി കുടുംബ വിശുദ്ധീകരണ വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തുടർപരിപാടികളെക്കുറിച്ചും അറിയിച്ചു.
കുടുംബ വിശുദ്ധീകരണത്തിന്റെ ആരംഭം വൈദീകരുടെ വിശുദ്ധീകരണത്തിലൂടെയും അതുപോലെ തന്നെ നിലപാടുകൾ ഉള്ളിടത്തെ നിലവാരവും ഉണ്ടാവുകയുള്ളൂ എന്ന് വിഷയാവതരണം നടത്തി കൊണ്ട് ഫാ. വിൻസെന്റ് വാരിയത്ത് എല്ലാവരെയും ഉദ്ബോധിപ്പിച്ചു. 6 ശുശ്രൂഷ സമിതികളുടെ ഡയറക്ടർമാരും ശുശ്രൂഷ സമിതികളുടെ നേതൃത്വത്തിൽ അതിരൂപതയിൽ നടത്താൻ പോകുന്ന കർമ്മപരിപാടികളെ കുറിച്ച് വിശദീകരിക്കുകയുണ്ടായി.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ രൂക്ഷമായ അഗ്നിബാധയെ തുടർന്നുണ്ടായ പരിസ്ഥിതി പ്രശ്നത്തിൽ ഇപ്പോഴും അധികൃതർ മൗനം അവലംബിക്കുന്നതിൽ വൈദികരുടെ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നുവന്നു. അധികാരികളുടെ അലംഭാവത്തെ യോഗം ശക്തമായി പ്രതിഷേധിച്ചു. മാലിന്യ വിഷപ്പുക മൂലം അവശത അനുഭവിക്കുന്നവർക്കും രക്തസാക്ഷികളായ വർക്കും ഉടനടി പരിഹാരമാർഗ്ഗങ്ങൾ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ അധികാരികൾ തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു.
കക്കുകളി നാടകം ക്രൈസ്തവ സമൂഹത്തിൻറെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്നും ഇത്തരത്തിൽ വിശ്വാസ ജീവിതത്തെ ഹനിക്കുന്ന എല്ലാ പ്രവണതകളെയും മുളയിലെ നുള്ളി കളയാൻ പ്രബുദ്ധകേരളം തയ്യാറാകണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
സ്വവർഗ്ഗവിവാഹം വേണ്ട എന്നുള്ള കേന്ദ്രസർക്കാർ നിലപാടിനെ യോഗം സ്വാഗതം ചെയ്തു.
പൊതുചർച്ചയ്ക്ക് ശേഷം യോഗം സമാപിക്കുകയും ചെയ്തു.