ക്രിസ്തുവിൽ ഏറ്റം സ്നേഹം നിറഞ്ഞവരെ, ദൈവം മനുഷ്യനു് നൽകിയ ഏറ്റവും വലിയ സമ്മാനമാണല്ലോ അവിടത്തെ ഏക പുത്രപുത്രനായ യേശുക്രിസ്തു ആ വലിയ സ്നേഹ സമ്മാനത്തിന്റെ കൃതന്തത നിറഞ്ഞ ഓർമ്മപ്പെടുത്തലുമായി ക്രിസ്തുമസ് ദിനം ഒരിക്കൽ കൂടി ഇതാ കടന്നു വന്നിരിക്കുന്നു. നിങ്ങൾക്ക് ഏവർക്കും ഹൃദയപൂർവ്വം ക്രിസ്തുമസ് മംഗളങ്ങൾ ഞാൻ നേരുന്നു.
മാനവകുലത്തിന് ആകമാനം സന്തോഷത്തിന്റെ സദ്വാർത്തയുമായാണ് യേശു ഈ ഭൂമിയിലേക്ക് കടന്നുവന്നത്. എന്നാൽ മറിയത്തെ സംബന്ധിച്ചിടത്തോളം വാർത്ത ആകുലപ്പെടുത്തുന്നത് ആയിരുന്നു. അതിനാലാണ് ദൈവിക സന്ദേശവുമായി വന്ന ഗബ്രിയേൽ മാലാഖയോട് മറിയം ചോദിച്ചത് “ഇതെങ്ങനെ സംഭവിക്കും ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ?’ (ലൂക്ക 1,34) എന്ന്. ലോക ചരിത്രത്തിൽ അന്നുവരെ കേട്ടിട്ടില്ലാത്ത ഒരു സന്ദേശത്തിന് മുമ്പിലാണ് മറിയം ഈ ചോദ്യം ഉന്നയിക്കുന്നത്. പുരുഷനെ അറിയാതെ അവൾ ഗർഭവതിയായിരിക്കുന്നു. മറിയത്തിന്റെ ഈ സംശയത്തിന് ഗബ്രിയേൽ ദൂതൻ മറുപടി നൽകുന്നത് “ദൈവത്തിന് ഒന്നും അസാധ്യമല്ല” എന്നാണ്.
പ്രിയരേ, എൻറയും നിങ്ങളുടേയും ജീവിതത്തിൽ പലപ്രാവശ്യം മറിയം ഉന്നയിച്ച ചോദ്യം നാം ആവർത്തിച്ചിട്ടുണ്ട്. ദിവസത്തിൽ ഒരിക്കലെങ്കിലും ഈ ചോദ്യം ചോദിക്കാതെ കടന്നു പോകുന്നവർ വിരളമാണ്. ഇതെങ്ങനെ സംഭവിക്കും? ഈ കടം എങ്ങനെ വീട്ടും? ഈ പ്രശ്നം ആരും പരിഹരിക്കും? ഈ വിവാഹം എങ്ങിനെ നടക്കും? ഈ കുടുംബത്തെ ആര് സംരക്ഷിക്കും? എന്നിങ്ങനെ അനേകം സംശയങ്ങൾ സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഓരോ നിമിഷവും പതിക്കുന്നതിലൂടെ ഉത്കണ്ഠയുടെ വലിയ ലോകം അവരുടെ ഉള്ളിൽ രൂപപ്പെടുകയായി.
ഈ ചോദ്യങ്ങൾക്കുള്ള പരിഹാരം നാം കണ്ടെത്തേണ്ടത് നമ്മിൽ നിന്നും തന്നെയാണ്.
അതിന് ഏറ്റവും ആദ്യം നമുക്ക് ആവശ്യമുള്ളത് “ഉണർവാണ്. വിശുദ്ധ യൗസേപിതാവാണ് അതിന് നമുക്ക് ഏറ്റവും നല്ല മാതൃക. ഉറക്കത്തിൽപോലും വിശുദ്ധ യൗസേപിതാവ് ദൈവികഹിതം ഗ്രഹിക്കുവാൻ ഉണർവുള്ളവൻ ആയിരുന്നു. ഉണ്ണിയേശുവിനും അമ്മയായ പമറിയത്തിനും വേണ്ടി തന്റെ ഇഷ്ടങ്ങൾ യൗസേപ്പിതാവ് മാറ്റിവെച്ചു. സ്വന്തം ഇഷ്ടങ്ങളുടെ, താൽപര്യങ്ങളുടെ
സ്വാർത്ഥതയുടെ നിദ്രയിൽ നിന്ന് ഉണർന്ന് പ്രവർത്തിക്കുന്നവരാകാൻ നമുക്ക് പരിശ്രമിക്കാം.