ദൈവീകതയെന്ന കൃപ നിറഞ്ഞ സാധ്യതയിലേക്ക് ഒരാൾക്ക് ഉയരാനാകുമെന്നാണ് ഉത്ഥിതനായ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്. ഈ സാധ്യത ഒരു തുറന്ന വാതിലായി നമ്മുടെ മുന്നിലുണ്ട്. എന്നാൽ എന്തൊക്കെയോ ബാധ്യതകളുടെ കല്ലുരുട്ടിവച്ച് സാധ്യതകളുടെ വാതിൽ നമ്മൾ അടച്ചു കളയുന്നു. പിന്നെ വെള്ളയടിച്ച കുഴിമാടങ്ങളായി നമ്മൾ ശിഷ്ടകാലം കഴിച്ചു കൂട്ടുന്നു.
ഉയിർപ്പിനു മുമ്പുള്ള കാലത്തെ തപസ്സു കാലമെന്ന് നമ്മൾ വിളിക്കുന്നത് എന്തുകൊണ്ടാണ്? ക്രിസ്തുവിൽ ഒന്നാകാൻ വ്രതമെടുത്ത് ഒരാൾ തപസ്സിരിക്കേണ്ട കാലമാണത്. വ്രതശുദ്ധിയോടെയുള്ള ഈ കാത്തിരിപ്പിനു ശേഷം ഒരാൾ ക്രിസ്തുവിന്റെ അനന്തസ്നേഹത്തിലേക്ക് വളരുന്നു. സ്വയമുരുകാനും, സ്വയം മരിക്കാനും, സ്വയം ഒരുക്കാനുമുള്ള കാലമാണ് തപസ്സു കാലമെങ്കിൽ ഉയരാനും വളരാനുമുള്ള കാലമാണ് ഉയിർപ്പുകാലം.
ഉയർപ്പിക്കപ്പെട്ട ശിഷ്യരാണ് ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവുമെന്ന് വി. തോമസ് അക്വീനാസ് എഴുതി. സ്വാർത്ഥതയിൽ ജീവിക്കുന്ന ക്രൈസ്തവർ ഉയിർപ്പിന്റെ വിരുദ്ധ സാക്ഷ്യങ്ങളായി തീരുമെന്ന് വി. ഐറേനിയൂസ് ഓർമ്മപ്പെടുത്തി. നമ്മുടെ നാട്ടിൽ മാലിന്യ സംസ്കരണ പ്രശ്നം, ബഫർസോൺ പ്രശ്നം എന്നിവ നമ്മെ നിരന്തരം അസ്വസ്ഥരാക്കുമ്പോൾ കൃത്യമായ നിലപാട് എടുക്കാൻ നാം സ്വന്തം സുഖത്തിന്റെ കംഫർട്ട് സോൺ ഭേദിച്ച് പുറത്ത് വരണം
ക്രിസ്തുവിലേക്ക് വളരാനുള്ള ക്ഷണമാണ് ഈസ്റ്റർ നൽകുക. അനുനിമിഷം ക്രിസ്തുവിലേക്കുള്ള ദൂരം നാം കുറക്കണം. “എന്നിലൂടെ നടക്കാനേ എന്റെ കാലുകൾക്കറിയൂ എന്നത് സത്യമാണെങ്കിലും “ഞാൻ അപ്രത്യക്ഷനാകുമ്പോഴേ ക്രിസ്തു പ്രതൃക്ഷനാകൂ എന്ന സത്യവും നമ്മൾ അറിയണം, ധ്യാനിക്കണം.
ക്രിസ്തുവിൽ ഉയർപ്പിക്കപ്പെട്ടവർ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണാൻ പഠിക്കുന്നു. എമ്മാവൂസിലേക്കുള്ള വഴിയും എമ്മാവൂസിൽ നിന്നുള്ള വഴിയും രണ്ട് ധ്രുവങ്ങൾ പോലെയാണ്. എമ്മാവൂസ് വഴിയിൽ ക്രിസ്തുവിന്റെ കൂടെ നടന്ന ശിഷ്യർക്ക് മന്ദതയും, മ്ലാനതയും, അന്ധതയും മാറി, ഹൃദയത്തിലെ അഗ്നി അവർ തെളിഞ്ഞു കണ്ടു. ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നോക്കിയപ്പോൾ എന്തിലും ഏതിലും ഉയിർപ്പിന്റെ മുദ്ര അവർ കണ്ടു.
ക്രിസ്തുവിന്റെ കണ്ണുകളിലൂടെ തന്നെതന്നെയും ലോകത്തേയും നോക്കിക്കാണുന്ന ഒരാൾ ലോകത്തിന് ഈസ്റ്റർ സന്ദേശമായി മാറാൻ തുടങ്ങും. ടോൾസ്റ്റോയിയുടെ റിസറക്ഷൻ എന്ന നോവലിൽ തന്റെ വഴിതെറ്റിയ ജീവിതം നന്നാക്കുമെന്ന് ഈസ്റ്റർ രാത്രിയിൽ കഥാനായകൻ തീരുമാനമെടുക്കുമ്പോൾ അകലെയുള്ള പള്ളിയിൽ പാതിരാക്കുർബ്ബാനയ്ക്കുള്ള മണിമുഴങ്ങി. എത്ര പാതിരാകുർബ്ബാനയിൽ പങ്കെടുത്തിട്ടും എത്രവട്ടം മണിനാദം കേട്ടുണർന്നിട്ടും ക്രിസ്തുവിന്റെ സ്നേഹത്തിൽ നമ്മൾ ഉയർപ്പിക്കപ്പെടാത്തത് എന്തേയെന്ന് നാം ഇത്തവണയെങ്കിലും ചോദിക്കണം. ഞാൻ കർത്താവിനെ കണ്ടു എന്ന്, വാക്കിലൂടെ നോക്കിലൂടെ ചലനത്തിലൂടെ പ്രഘോഷിക്കുവാൻ നമുക്കേവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഏവർക്കും ഈസ്റ്റർ ആശംസകൾ