ഡാനിയേൽ അച്ചാരുപറമ്പില്‍ പിതാവിനെ ഓർക്കുമ്പോൾ …

വരാപ്പുഴ അതിരൂപതയുടെ ശ്രേഷ്ഠ മെത്രാപോലിത്ത ആയിരുന്ന അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന്റെ ദേഹവിയോഗത്തിന്റെ 10 ആം വാർഷികമായിരുന്നു ഒക്ടോബർ 26 ന് . വരാപ്പുഴ അതിരൂപത നന്ദിയോടെ അദ്ദേഹത്തെ ഓർക്കുന്നു .

നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന പിതാവിന്റെ മുഖമാണ് ആദ്യം ഓർമയിൽ വരുക . ആതമീയതയിൽ നിന്നും രൂപം കൊണ്ട നിശ്ചയദാർഢ്യം ആയിരുന്നു അദ്ദേഹത്തിന്റെ കരുത്ത്‌ .14 വർഷങ്ങൾ അദ്ദേഹം വരാപ്പുഴ അതിരൂപതയുടെ ഇടയനായി സേവനം ചെയ്തു .കേരള സഭയുടെ തലവനായും തന്റെ ദൗത്യം നിർവഹിച്ചു .

പണ്ഡിതനും സാത്വകിനും ആയിരുന്നു അദ്ദേഹം . ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീൻ ക്രൈസ്തവരെ കെട്ടുറപ്പിലേക്കു കൊണ്ടുവരുന്നതിന് വേണ്ടി കെ .ആർ. എൽ .സി .സി. എന്ന മഹത്തായ സംവിധാനത്തിന് തുടക്കം കുറിച്ചു .ഇത് കേരള ലത്തീൻ സഭയെ കേരളത്തിലെ സാമൂഹിക – രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടപെടാൻ പ്രാപ്തമാക്കി .

വൈപ്പിൻ കരയിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ താൻ ഉപവാസം ആരംഭിക്കുമെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞപ്പോൾ ആ ദിവസങ്ങളിൽ തന്നെ അതിനു പരിഹാരം ലഭിച്ചു എന്നത് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് .

കോരിച്ചൊരിയുന്ന മഴയും വീശിയടിക്കുന്ന കാറ്റും വകവെയ്ക്കാതെ കടൽ ക്ഷോഭത്തിന്റെ നൊമ്പരം പേറുന്ന തീരദേശ വാസികളുടെ കുടിലുകൾക്കുമുന്പിൽ , അവരെ ആശ്വസിപ്പിക്കാൻ മഴക്കോട്ടും പ്ലാസ്റ്റിക് തൊപ്പിയും ധരിച്ചു നിൽക്കുന്ന ഡാനിയേൽ പിതാവിന്റെ മുഖം നമുക്ക് എളുപ്പം മറക്കാൻ കഴിയില്ല .

മൂലമ്പിള്ളി പദ്ധതിക്ക് വേണ്ടി ജനങ്ങളെ കുടിയിറക്കിയപ്പോൾ “എന്റെ മക്കളെ വഴിയാധാരമാക്കരുത് അവർക്കു മാന്യമായി ജീവിക്കാൻ മാർഗം ഉണ്ടാകണം” എന്ന് പറഞ്ഞുകൊണ്ട് അവർക്കു വേണ്ടി ആദ്യം ഉയർന്ന ശബ്ദം അദ്ദേഹത്തിന്റേതായിരുന്നു. അത് അധികാര സ്ഥാനത്തുള്ളവരുടെ കണ്ണ് തുറപ്പിച്ചു .മൂലമ്പിള്ളി പാക്കേജ് പുറത്തു വന്നു. എന്നാൽ ഇന്നും അത് പ്രാവർത്തികമാക്കാതെ സർക്കാരുകൾ ഉരുണ്ടുകളിക്കുന്ന കാഴ്ച ദയനീയമാണ് .

വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വളർച്ചയുടെ നാഴിക ക്കല്ലായ ‘ നവദർശൻ ‘ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ് . ഇത് മറ്റുപലരും മാതൃകയാക്കുകയും ഏറ്റെടുക്കുകയും ചെയ്തു

എത്ര നാൾ ജീവിച്ചു എന്നതിലല്ല ,എങ്ങനെ ജീവിച്ചു എന്നതിലാണ് ജീവിതത്തിന്റെ മഹത്വം എന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. പവിത്രമായ ആ ഓർമകൾക്ക് മുൻപിൽ ഒരായിരം ആദരാഞ്ജലികള്‍ സ്നേഹപൂർവ്വം അർപ്പിക്കുന്നു.

ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, മാനുഷിക മൂല്യങ്ങൾ മുറുകെപിടിച്ച ഇടയൻ: ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ

മാർത്തോമാ സഭാ തലവൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപോലിത്ത മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച വലിയ ഇടയൻ ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു . ഡോ. ജോസഫ് മാർത്തോമാ മെത്രാപോലിത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

തന്റെ ജീവിതകാലഘട്ടത്തിൽ പാവപ്പെട്ടവരോടും ദളിതരോടും പക്ഷം ചേരുകയും അവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു . ആത്മീയവും, സാമൂഹികവും,സാംസ്കാരികവുമായ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു .

മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന പ്രകൃതിയെയും ആവാസവ്യവസ്ഥകളെയും നശിപ്പിക്കുന്ന മനുഷ്യന്റെ സ്വാർത്ഥമായ പ്രവർത്തനങ്ങളെ അദ്ദേഹം എന്നും നിശിതമായി വിമർശിച്ചു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി മുന്നിട്ടിറങ്ങാനും അത് നടപ്പിലാകുന്നതുവരെ അക്ഷീണം പ്രയത്നിക്കാനും അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല .

നീണ്ട 13 വർഷക്കാലം മാർത്തോമാ സഭയെ മുന്നിൽനിന്നു നയിച്ച അദ്ദേഹം നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് ആർച്ച്ബിഷപ് പറഞ്ഞു

ഫാ.ജോർജ് വേട്ടാപ്പറമ്പിൽ ദൈവസന്നിധിയിലേക്ക് യാത്രയായി

വരാപ്പുഴ അതിരൂപത വൈദികനായിരുന്ന ഫാ. ജോർജ് വേട്ടാപ്പറമ്പിൽ തൻറെ നീണ്ട വർഷത്തെ വൈദിക ജീവിത സേവനത്തിനുശേഷം ദൈവസന്നിധിയിലേക്ക് യാത്രയായി.

ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937 ലാണ് അദ്ദേഹം ജനിച്ചത്.1965 മാർച്ച് 14 ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു.

തുടർന്ന് കുരിശിങ്കൽ,പാലാരിവട്ടം, മൂലമ്പിള്ളി, നെട്ടൂർ, വടുതല, കറുത്തേടം, വല്ലാർപാടം, തേവര, ഇളംകുളം, തോമസ്പുരം,ചിറ്റൂർ, വള്ളുവള്ളി, വെണ്ടുരുത്തി എന്നീ ഇടവകകളിലായി വരാപ്പുഴ അതിരൂപതയിൽ തൻറെ സേവനകാലം ഭംഗിയായി പൂർത്തിയാക്കി.

തൻറെ ജീവിതകാലം മുഴുവൻ അതിരൂപതക്കും നാടിനും അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു. 2012 മുതൽ കാക്കനാട്ആവിലഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം . അദ്ദേഹത്തിൻറെ വിയോഗം വരാപ്പുഴ അതിരൂപതയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിൻറെ ആത്മാവിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

‘സ്‌നേഹഭവനം’ സഹായധനം വിതരണം ചെയ്തു

വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ ഏറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (E.S.S.S), നാനാജാതി മതസ്ഥരായ 31 കുടുംബങ്ങള്‍ക്ക് ഭവന പൂര്‍ത്തീകരണത്തിനായുള്ള സഹായധനം ഇ.എസ്.എസ്.എസ്. ഹാളില്‍ വച്ച് വിതരണം ചെയ്തു. ആര്‍ച്ചിബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ പ്രത്യേക താല്‍പര്യപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സ്‌നേഹഭവനം’. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍, തൃക്കാക്കര, മരട്, കളമശ്ശേരി, ആലുവ എന്നീ മുന്‍സിപ്പാലിറ്റികളില്‍ നിന്നും, മുളവുകാട്, കടമക്കുടി, ചേരാനെല്ലൂര്‍, വരാപ്പുഴ, ആലങ്ങാട്, എടവനക്കാട്, നായരമ്പലം, എളങ്കുന്നപ്പുഴ, ഞാറക്കല്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഇ.എസ്.എസ്.എസ്. ഡയറക്റ്റര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ.എസ്.എസ്.എസ്. അസ്സി. ഡയറക്റ്റര്‍ ഫാ. ഫോസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഡൊമിനിക് സി.എല്‍., ലിജി ടി.ജെ, സ്റ്റെഫി സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.

വെണ്ടുരുത്തി പള്ളി: പോര്‍ച്ചുഗീസുകാര്‍ക്കും മുന്‍പേ നിലനിന്നിരുന്നതായി തെളിവുകള്‍. 1599 ന് മുന്‍പേ ദൈവാലയം പണിതുവെന്ന് സൂചന

അഞ്ചു നൂറ്റാണ്ടിലേറെ പഴക്കം ഉള്ള കൊച്ചി വെണ്ടുരുത്തി സെന്റ്. പീറ്റര്‍ ആന്റ് പോള്‍ പള്ളിയുടെ ആദിമ രൂപം പോര്‍ച്ചുഗീസ് കാലഘട്ടത്തിനും മുന്‍പു നിലനിന്നിരുന്നതായി ചരിത്ര സൂചനകള്‍. ആധുനിക കാലഘട്ടത്തിനു മുന്‍പ് വെണ്ടുരുത്തി ദ്വീപിലുണ്ടായിരുന്ന ജനവാസത്തിന്റെയും, രേഖയില്‍ പറയുന്ന 1599 ന് മുന്‍പു നിലനിന്ന പള്ളിയുടെയും തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചരിത്ര ഗവേഷണം അന്തിമഘട്ടത്തില്‍.

ആര്‍ക്കിടെക്ട് ലിയോ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷമായി പള്ളിയുടെ പുനരുദ്ധാരണ ജോലി നടക്കുകയാണ്. അള്‍ത്താര നവീകരിക്കാന്‍ തറ പൊളിച്ചപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങളും ഒരടി വ്യാസമുള്ള തൂണ്‍ നിന്നതിനു സമാനമായ കുഴിയുമാണ് പുരാതന ചരിത്രത്തിന്റെ സൂചന നല്കുന്നത്. അടിത്തട്ടിലെ മണ്ണ് നീക്കി പരിശോധിച്ചപ്പോള്‍ മധ്യകാലഘട്ടത്തില്‍ പള്ളിയും ക്ഷേത്രങ്ങളും മേയാന്‍ ഉപയോഗിച്ചിരുന്ന കൂരയോടുകളും പാത്തിയോടുകളും ചൈനീസ് പാത്രങ്ങള്‍ ഉള്‍പ്പെടെ മണ്‍പാത്ര കഷണങ്ങളും കണ്ടെത്തി. ഇവയ്ക്കൊപ്പം കാലഗണനയ്ക്കു സഹായകമായ സുര്‍ക്കി, കുമ്മായ മിശ്രിത സാം പിളുകളും ശേഖരിച്ചു.

കാലം വ്യക്തമല്ലെങ്കിലും 1599 നു മുന്‍പു തന്നെ തദ്ദേശീയരായ ക്രിസ്ത്യാനികള്‍ ഇവിടെ തടിയില്‍ ദൈവാലയം പണിതുവെന്നാണ് സൂചന. നിലവിലുള്ള അള്‍ത്താരയുടെ തറയ്ക്കു താഴെ നിര്‍മ്മിതിയുടെ മധ്യ ഭാഗത്തു തൂണിന്റെ സ്ഥാനത്ത് ആഴമേറിയ ദ്വാരം കാണപ്പെട്ടു. ദ്വീപില്‍ നിര്‍മ്മാണത്തിനു ചുടുകട്ടയും ചെങ്കല്ലും സൂര്‍ക്കി മിശ്രിതവും ഉപയോഗിക്കുന്നതിന് മുന്‍പുള്ള കാലത്തെ നിര്‍മ്മാണത്തിന്റെ തെളിവാണിതെന്നു ഗവേഷകര്‍ കരുതുന്നു. പോര്‍ച്ചുഗീസ് കാലത്ത് 1599 ല്‍ പള്ളി പണിതുവെന്നാണ് ഔപചാരികമായി കരുതുന്നത്. വെള്ളപ്പൊക്കത്തില്‍ പള്ളി തകര്‍ന്നതിനു ശേഷം 1788 ല്‍ ലൂക്കാ പാദ്രിയും മിഖായേല്‍ കപ്പിത്താനും ചേര്‍ന്ന് പണിത പള്ളിയാണ് നിലവില്‍ ഉള്ളത്. കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ അടിത്തട്ടില്‍ നിന്നു കിട്ടിയതു തിരിച്ചറിയാന്‍ വികാരി ഫാ. ഡോ. അല്‍ ഫോന്‍സ് പനക്കല്‍ ചരിത്ര പുരാവസ്തു ഗവേഷണ സ്ഥാപനമായ ‘പാമ’യുടെ സഹായം തേടി. പ്രൊഫ. ആര്‍. വി. ജി. മേനോന്‍ അദ്ധ്യക്ഷനായ ‘പാമ’ യിലെ ഗവേഷകരായ സത്യജിത്ത് ഇബ്ന്‍, ഡോ. ലിന്റോ ആലപ്പാട്ട്, ഡോ. പി.ജെ. ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷണം അന്തിമ ഘട്ടത്തിലാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പുരാരേഖകളില്‍ നിന്ന് കണ്ടെത്തലുകള്‍ക്ക് തെളിവു സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഹരിതം ജൈവ കൃഷി കിറ്റ് അതിരൂപതാ തല വിതരണ ഉദ്ഘാടനം നടത്തി

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ, കെ.സി.വൈ.എം സംസ്ഥാന സമിതി നേതൃത്വം നൽകുന്ന ഹരിതം ജൈവകൃഷി കിറ്റിന്റെ അതിരൂപതാ തല വിതരണോൽഘാടനം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത യുവജന കാര്യാലയത്തിൽ വച്ച് കേരള കത്തോലിക്കാ സഭ യുവജനദിനമായി ആചരിച്ച ജൂലൈ 5, 2020 ഞായറാഴ്ച നടത്തി. ഹരിതം പദ്ധതിയുടെ ആദ്യ ജൈവകൃഷി കിറ്റ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ്ശ്രീ .ദീപു ജോസഫും, ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരിയും ചേർന്ന് കെ.സി.ബി.സി യൂത്ത് ഐക്കൺ അവാർഡ് ജേതാവും, മുൻ കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന സിബി ജോയ് സാറിന് കൈമാറി. ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുന്നതിൽ ജൈവ കൃഷിയുടെ പ്രാധാന്യം വളരെ ഏറെയാണ് എന്നും കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങൾ നേതൃത്വം നൽകുന്ന ഹരിതം പദ്ധതി വൻ വിജയമായി മാറട്ടെ എന്നും ഉദ്ഘാടനവേളയിൽ സിബി ജോയ് പറഞ്ഞു. പ്രസ്തുത ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി മിമിൽ വർഗീസ് വി ജെ, ട്രഷറർ സിബു ആന്റിൻ ആന്റണി, ഹരിതം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കോഡിനേറ്റർ ജോർജ് രാജീവ് പാട്രിക്, ഐ.സി.വൈ.എം ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി ഉൾപ്പെടെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.

ചെല്ലാനം നിവാസികൾക്ക് ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കടൽക്ഷോഭത്തിൻറെയും, കൊറോണ വ്യാപനത്തിൻറെയും ദുരിതത്തിൽ കഴിയുന്ന ചെല്ലാനം നിവാസികൾക്ക് ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുരിശിങ്കൽ പള്ളിയങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി ഫാ. ആൻറണി ചെറിയകടവിൽ അധ്യക്ഷത വഹിച്ചു. സമൂഹത്തിൻറെ വികസനത്തിന് വേണ്ടി എന്നും ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടുള്ളവരാണ് ലത്തീൻ കത്തോലിക്കർ എന്ന് ഫാ. ആൻറണി ചെറിയകടവിൽ പറഞ്ഞു. സഹവികാരി ഫാ. കോശി മാത്യു, കേന്ദ്രസമിതി ലീഡർ ഷിബു സെബാസ്റ്റ്യൻ, നിക്സൺ വേണാട്ട്, കെ.കെ. ജോസഫ്, ജൂഡ് മുക്കത്ത്, ജോർജ്ജ് പങ്കേത്ത്, ലൂമെൻ ബുള്ളറ്റിൻ എഡിറ്റർ ഡോ. ജൂഡ്സൺ കളത്തിവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ വിദ്യാഭ്യാസ പദ്ധതി ലോഗോ പ്രകാശനം ചെയ്തു

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഊന്നൽ നൽകി കൊണ്ട് ആരംഭിച്ച കരുതൽ വിദ്യാഭ്യാസ പദ്ധതിയുടെ ലോഗോ അഭിവന്ദ്യ മെത്രാപോലിത്ത റവ. ഡോ ജോസഫ് കളത്തിപറമ്പിൽ പിതാവ് 2020 മാർച്ച്‌ 7, ശനിയാഴ്ച ഔദ്യോഗിക പ്രകാശനം നടത്തി. അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ്‌ ദീപു ജോസഫ് അധ്യക്ഷത വഹിച്ചു. ഓരോ ഇടവകയിലും നിർദ്ധനരായ കുടുംബത്തിൽ ഒരു കുട്ടിയുടെ എങ്കിലും വിദ്യാഭ്യാസ ചെലവുകൾ ഓരോ കെ.സി.വൈ.എം യൂണിറ്റുകൾ വഹിക്കുക,കരുതലായി കരുത്തായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി കൊണ്ട് കരുതൽ പോലെയുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കഴിവുണ്ടായിട്ടും അവസരങ്ങൾ ലഭിക്കാത്ത കുട്ടികൾക്ക് ഇതൊരു സഹായവും ആയിരിക്കുമെന്ന് അഭിവന്ദ്യ പിതാവ് ലോഗോ പ്രകാശനവേളയിൽ അഭിപ്രായപെട്ടു. പ്രസ്തുത ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ജോയിന്റ് സെക്രട്ടറി സിസ്റ്റർ നോർബെർട്ട, ജനറൽ സെക്രട്ടറി മിമിൽ വർഗീസ്, ഖജാൻജി സിബു ആന്റിൻ ആന്റണി തുടങ്ങിയവരും മറ്റു അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.

Aeromodelling Club at St.Albert’s College (Autonomous) Ernakulam

St.Albert’s College (Autonomous) signed an MoU with Kochi based Glorod Avionics Pvt. Ltd to provide training in designing, developing and building new models prototypes of aircraft models, UAVs, UVs etc… by starting an Aeromodelling Club to nurture young aero modellers and radio control hobbyists.

കർമലീത്താ പൈതൃകത്തിന്റെ ഈടുവയ്പ്പുകൾ സംരക്ഷിക്കപ്പെടണം: ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കർമലീത്താ മിഷണറിമാർ കേരള സമൂഹത്തിനു നൽകിയ കാലാതിവർത്തിയായ സംഭാവനകളുടെ ചരിത്രവും പൈതൃകവും പരിരക്ഷിക്കേണ്ടതുണ്ടെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ്  കളത്തിപ്പറമ്പിൽ. വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷനും നിഷ്പാദുക കർമലീത്താ സമൂഹത്തിന്റെ മഞ്ഞുമ്മൽ വിശുദ്ധ പത്താം പീയൂസ് പ്രോവിൻസും ചേർന്ന് പ്രസിദ്ധീകരിക്കുന്ന ‘കേരളത്തിന്റെ കർമലീത്താ പൈതൃകം:  ഭാരതത്തിൽ കർമല സാകല്യത്തിന്റെ 400 വർഷങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു കമ്മീഷൻ ചെയർമാൻ കൂടിയായ ആർച്ച്ബിഷപ്.

പതിനേഴാം നൂറ്റാണ്ടിൽ മാർതോമാ ക്രിസ്ത്യാനികൾക്കിടയിൽ അനുരഞ്ജന ദൗത്യവുമായി കേരളത്തിലെത്തിയ കർമലീത്താ മിഷണറിമാർ അജപാലനം, മാനസാന്തരവേല, ദേവാലയം നിർമാണം തുടങ്ങി സാധാരണ പ്രേഷിത പ്രവർത്തനങ്ങൾക്കുമപ്പുറം ആധ്യാത്മിക നവീകരണത്തിനും സാംസ്കാരിക നവോത്ഥാനത്തിനും നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. ജാതി, മത, ലിംഗ വിവേചനമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പിക്കാൻഓരോ കരയിലും ഓരോ പള്ളിക്കുമൊപ്പം വിദ്യാലയം, സ്വദേശിവത്കരണം, തദ്ദേശീയ സന്ന്യാസ-സന്ന്യാസിനീ സഭകളുടെ സംസ്ഥാപനം, ആധുനിക ചികിത്സ യ്ക്ക് ആശുപത്രി, മുദ്രണാലയങ്ങൾ, ഭാഷയിലെ ലക്ഷണമൊത്ത ആദ്യ വൃത്താന്തപത്രവും ഇതര പ്രസിദ്ധീകരണങ്ങളും, ഭാഷാശാസ്ത്രത്തിനും കാവ്യപാരമ്പ്യത്തിനുംഗദ്യത്തിനും മുതൽക്കൂട്ടായ ഗ്രന്ഥങ്ങൾ തുടങ്ങി സമസ്ത മണ്ഡലങ്ങളിലും അവർ മൂന്നര പതിറ്റാണ്ട് നൽകിയ സേവന ശുശ്രൂഷകൾ നിസ്തുലമാണ്. സുശിക്ഷിതമായ പൗരോഹിത്യ രൂപീകരണത്തിന് അടിത്തറ പാകിയതിന് ഭാരതസഭ കർമലീത്തരോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്ന് ആർച്ച് ബിഷപ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.

മഞ്ഞുമ്മൽ ഒ.സി.ഡി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. തോമസ് മരോട്ടിക്കാപ്പറമ്പിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.പുസ്തകത്തിന്റെ എഡിറ്റർ ഇൻ ചീഫും മുൻ പ്രൊവിൻഷ്യലുമായ റവ. ഡോ. അഗസ്റ്റിൻ മുല്ലൂർ, ഹെറിറ്റേജ് കമ്മീഷൻ അതിരൂപതാ ഡയറക്ടർ മോൺ.  ജോസഫ് പടിയാരംപറമ്പിൽ, സെക്രട്ടറി ജെക്കോബി, സെന്റ് തെരേസാസ് കോളേജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ട്രീസ സിഎസ്എസ്ടി, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. പ്രണതാ ബുക്സ് ആണ് പ്രസാധകർ.