വരാപ്പുഴ അതിരൂപതയിൽ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയുടെ സമാപന ദിനം ഏപ്രിൽ 26 ഞായറാഴ്ച ഒരു മണിക്കൂർ പൊതുആരാധനയിൽ അതിരൂപത മുഴുവൻ ആത്മീയമായി പങ്കുചേർന്നു

കൊച്ചി :   കോവിഡ് – 19 മഹാമാരിയുടെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ, വരാപ്പുഴ അതിരൂപത കരുതലിൻ്റെ സ്നേഹപ്രവർത്തികൾക്കൊപ്പം പ്രാർത്ഥനയുടെ കരങ്ങളും ഉയർത്തുന്നു.    ലോകത്തെ ഭീതിയിലാഴ്ത്തിയ അണുബാധയ്ക്കെതിരെയുള്ള ആത്മീയ പ്രതിരോധമായി വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ ആഗ്രഹപ്രകാരം നടത്തപ്പെട്ട “അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ ”  അതിരൂപതയിലും വിദേശത്തും ശുശ്രൂഷ ചെയ്യുന്ന 240-ഓളം വൈദികർ പങ്കുചേർന്നു.    ഏപ്രിൽ 17 വെള്ളി മുതൽ 25 ശനി വരെ എല്ലാ ദിവസവും രാവിലെ 08 മുതൽ രാത്രി 08 വരെയാണ് അഖണ്ഡ ദിവ്യകാരുണ്യ ആരാധന നടത്തപ്പെട്ടത്.  വൈദികരെല്ലാം അവർ ആയിരിക്കുന്ന ദൈവാലയങ്ങളിലും, സ്ഥാപനങ്ങളിലും, ആശ്രമങ്ങളിലുമായിരുന്നു തിരുമണിക്കൂർ നടത്തിയാണ് ഈ പ്രാർത്ഥന ശുശ്രൂഷയിൽ പങ്കുചേർന്നത്. അതിരൂപത പ്രൊക്ലമേഷൻ കമ്മീഷൻ്റെ നേതൃത്വത്തിൽ 8 ഫൊറോനകളിലെയും ഫോറോന വികാരിമാരുടെ സഹകരണത്തോടെയാണ് ഈ പ്രാർത്ഥനായജ്ഞം ഒരുക്കപ്പെട്ടത്. ലോകത്തിനു വേണ്ടിയും, നമ്മുടെ രാജ്യത്തിനു വേണ്ടിയും, ജനത്തിനു വേണ്ടിയും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരുന്നു.   ഏപ്രിൽ 26 ഞായറാഴ്ച, 7- 8 pm.”അഖണ്ഡ ദിവ്യകാരുണ്യ ആരാധന”യുടെ അതിരൂപതതല സമാപനമായി ഒരു മണിക്കൂർ “പൊതു ആരാധനയും പ്രാർത്ഥനാ ശുശ്രൂഷയും” നടത്തപ്പെട്ടു. അന്നേ ദിനം രാത്രി 07 മുതൽ 08 വരെ, അഭിവന്ദ്യ പിതാവിനോടൊപ്പം അതിരൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും, ആശ്രമങ്ങളിലും, സ്ഥാപനങ്ങളിലും, കോൺവെൻ്റുകളിലും ദിവ്യകാരുണ്യ ആരാധന നടത്തപ്പെട്ടു.   ഇതേസമയം അതിരൂപതയിലെ എല്ലാ കുടുംബങ്ങളും ജപമാലയും മറ്റു പ്രാർത്ഥനകളുമായി പൊതു ആരാധനയിൽ ഭവനത്തിലായിരുന്നു കൊണ്ടുതന്നെ പങ്കുചേരാൻ, വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർദ്ദേശിച്ചു . ആകുലപ്പെടുത്തുന്ന ഈ മഹാമാരിയിൽ നിന്ന് ലോകം അതിവേഗം മോചിതമാകുവാൻ ഈ സമയം വരാപ്പുഴ അതിരൂപത മുഴുവൻ ഒരു കുടുംബമായി ഒരേ സമയം പ്രാർത്ഥിച്ചു.  

നഗരത്തിലെ പോലീസിന്റെ സന്നദ്ധ സേവനത്തിന് സ്നേഹ സമ്മാനവുമായി ESSS

കഴിഞ്ഞ ഒരു മാസക്കാലമായി സ്വയം മറന്ന് സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് സേനാങ്കങ്ങൾക്കു പഴ കിറ്റുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം  സോഷ്യൽ സർവീസ് സൊസൈറ്റി (ESSS). എറണാകുളം MLA ശ്രീ. ടി. ജെ. വിനോദാണ് പഴ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത്. കൊച്ചി കോർപറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ. അരിസ്റ്റോട്ടിൽ സന്നിഹിതനായിരുന്നു.  നഗരത്തിലെ പോലീസ് ഡിപ്പാർട്മെന്റിന്റെ നിസ്തുലവും പ്രശംസസാർഹവുമായ സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും അഭിനന്ദിച്ചാലും മതിയാകില്ല എന്ന് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് പറഞ്ഞു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ സുരക്ഷിതരായി കഴിയുമ്പോൾ സ്വന്തം ജീവൻ പോലും പണയം വച്ച്,  വേനൽ ചൂടും അവഗണിച്ച്,  രാപകൽ അധ്വാനിക്കുന്ന ഈ സഹോദരങ്ങൾക്ക് ഒരൽപ്പം ആശ്വാസം പകരനായിട്ടാണ് ഫ്രൂട്ട് കിറ്റുകൾ നഗരത്തിൽ വിതരണം ചെയ്യുന്നത്. ത്യാഗമതിയായ ഒരു വ്യക്തിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ സൽകൃത്യം നിർവഹിക്കപ്പെട്ടത്‌. സൊസൈറ്റി അഡ്മിനിസ്ട്രേറ്റർ ശ്രീ. Dominic.സി. എൽ., സ്റ്റാഫ്‌ അംഗങ്ങളായ വിപിൻ ജോ, ജോസി കൊറ്റിയത്ത്, സന്നദ്ധ പ്രവർത്തകൻ ശ്രീ. ആന്റണി കുറിച്ചിപറമ്പിൽ, ശ്രീ. അസ്‌ലം, എന്നിവരുടെ കൂട്ടായ പ്രവർത്തനം ഇതിന്റെ പിന്നിലുണ്ട്.

ഭവനരഹിതരും അഥിതി തൊഴിലാളുകളുമായ നഗരവാസികൾക്കായി വിഷു കൈനീട്ടമായി പ്രഭാത ഭക്ഷണം

വിഷുദിനത്തിൽ വിഷു കൈനീട്ടമായ പ്രഭാത ഭക്ഷണ പൊതികളുമായി വരാപ്പുഴ അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS). ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം കലൂർ ബസ് സ്റ്റാൻഡിനു സമീപം എറണാകുളം MLA ശ്രീ. T. J. വിനോദ് നിർവഹിച്ചു. രണ്ടാഴ്ച കാലത്തേയ്ക്കാണ് എറണാകുളം  നഗരത്തിലെ അഞ്ഞൂറോളം  അശരണർക്കായി പ്രഭാത ഭക്ഷണം ഒരുക്കിയത്‌. കൊച്ചി കോർപറേഷൻ അറുപത്തിയഞ്ചാം ഡിവിഷൻ കൗൺസിലർ ശ്രീ. അരിസ്റ്റോട്ടിലിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഈ പരിപാടി യാഥാർഥ്യമായത്. ഭവനരഹിതരും അഥിതി തൊഴിലാളുകളുമായ നഗരവാസികൾക്കായിട്ടാണ് ഈ സംരംഭം നടപ്പിലാക്കുന്നത് എന്ന് സൊസൈറ്റി ഡയറക്ടർ ഫാദർ മാർട്ടിൻ അഴിക്കകത്ത് അറിയിച്ചു. നല്ല മനസുള്ള ഔദാര്യവതിയായ ഒരു വ്യക്തിയുടെ സാമ്പത്തിക സഹായം ഈ പദ്ധതിയുടെ  പിന്നിലുണ്ട്. സൊസൈറ്റിയുടെ കലൂർ മേഖലയിലെ അനിമേറ്റർ ശ്രീമതി റിയ ലോറൻസും കുടുംബാംഗങ്ങളും  ആണ് പ്രഭാത ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നൽകിയത്.

അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്‌ഡൗൺ ദുരിതാശ്വാസമായി 2500 രൂപ വീതം നൽകി മാതൃകയാകുന്നു വരാപ്പുഴ അതിരൂപത

കൊച്ചി : ലോക് ഡൗൺ കാലഘട്ടത്തിൽ ദേവാലയങ്ങൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി . ദേവാലയത്തിൽ കാര്യമായ ശുശ്രൂഷകൾ ഒന്നും തന്നെയില്ല . അതുകൊണ്ടു തന്നെ ഈ സമയത്തു ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗമാണ് ക്രിസ്തീയ ദേവാലയങ്ങളിലെ ശുശ്രൂഷകരായ കപ്യാർമാരും ചെമ്മദോർമാരും .

ദേവാലയത്തെ ആശ്രയിച്ചാണ് മിക്കവാറും അവരുടെ കുടുംബങ്ങൾ കഴിയുന്നത് . അതുകൊണ്ടു തന്നെ ദേവാലയ ശുശ്രൂഷകൾ ഇല്ലാതായതോടെ അവരുടെ ജീവിതവും വലിയ കഷ്ടത്തിലാണ് . അവർക്കു എല്ലാവര്ക്കും 2500 രൂപ വീതം നൽകി ആശ്വാസമായി മാറുകയാണ് വരാപ്പുഴ അതിരൂപത .വരാപ്പുഴ അതിരൂപത അദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ തീരുമാന പ്രകാരമാണ്  ഈ ആശ്വാസ നടപടി . അതുപോലെ തന്നെ ആർച്ച്ബിഷപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അതിരൂപതയിലെ ഇടവകകളും സംഘടനകളും പലവിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് .

ലോക് ഡൗൺ പശ്ചാലത്തിൽ അതിരൂപതയിലെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി , നഗരത്തിലെ അതിഥി തൊഴിലാളികൾക്ക് 2 ആഴ്ച്ച യോളം പ്രഭാതഭക്ഷണം നൽകാൻ മുൻകൈ എടുത്തു . കൂടാതെ നഗരത്തിലെ പോലീസുകാർക്ക് പലദിവസങ്ങളിലും പഴവർഗ പാക്കറ്റുകൾ വിതരണം ചെയ്യുന്നു.

ഇടവകകളും സംഘടനകളും മുൻകൈ എടുത്തു മൂന്നരക്കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു . ഇപ്പോഴും വിവിധ ഇടവകകളും സംഘടനകളും മുൻകൈയെടുത്തു തുടർപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു .

ഈ കൊറോണ കാലത്തു ഇന്ത്യയിൽ തന്നെ ആദ്യമായി സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു മാതൃകയായത് വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയമാണ് . ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു അത് .

കൂടാതെ കേന്ദ്ര- സംസ്ഥാന -ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ചു അകമഴിഞ്ഞ സഹായ – സഹകരണങ്ങൾ അതിരൂപത നൽകിക്കൊണ്ടിരിക്കുന്നു

പ്രാർത്ഥന കൊണ്ടും മാതൃകയായി അതിരൂപത :

കൊച്ചി:  ലോക് ഡൗൺ സമ്മാനിച്ച ദുരിതം പേറുന്ന ജനങ്ങൾക്കും ലോകത്തിനും നേരെ സഹായത്തിന്റെ കരം നീട്ടുക മാത്രമല്ല അതിരൂപതയിലെ മെത്രാപ്പോലീത്തയും വൈദീകരും ചെയ്‌യുന്നത്‌ , അവർക്കു വേണ്ടി ദൈവത്തിന്റെ പക്കലേക്കു കരം ഉയർത്താനും ഉള്ളുരുകി പ്രാർത്ഥിക്കാനും സമയം കണ്ടെത്തുന്നു .

അതിരൂപത മെത്രാപ്പോലീത്തയും മുഴുവൻ വൈദീകരും ദിവ്യ കാരുണ്യ സന്നിധിയിൽ എട്ടു ദിവസങ്ങൾ തുടർച്ചയായ പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തു . അങ്ങനെ പ്രാർത്ഥന കൊണ്ടും നിർലോഭമായ പ്രവർത്തനങ്ങൾ കൊണ്ടും ഈ ദുരിത കാലത്തെ അതിജീവിക്കാൻ അതിരൂപത നേതൃത്വം ശക്തമായ പിന്തുണ നൽകുന്നു .

കരുതലിന്റെ ഫോൺ വിളിയുമായി ഒരു വികാരിയച്ചൻ

കൊച്ചി : കൊറോണ ബാധ സമ്മാനിച്ച ദുരിതവും ലോക് ഡൗൺ അടിച്ചേൽപ്പിച്ച ബന്ധനവും ഇടവക ജനങ്ങളെ പള്ളിയിൽ നിന്നും അകറ്റിയപ്പോൾ അവരെ തേടി അവരുടെ ഇടയനായ വികാരിയച്ചന്റെ ആശ്വാസത്തിന്റെയും കരുതലിന്റെയും ഫോൺ വിളി എത്തി . വരാപ്പുഴ അതിരൂപതയിലെ കടവന്ത്ര സെന്റ് . സെബാസ്റ്യൻ ഇടവക വികാരി ഫാ. ആന്റണി അറക്കൽ ആണ് , ഈ ലോക് ഡൗൺ കാലത്തിലെ സമയം ഉപയോഗപ്പെടുത്തി ഓരോ കുടുംബത്തിലേക്കും നേരിട്ടു ഫോൺ ചെയ്തു തന്റെ ഇടവക മക്കളുടെ ക്ഷേമം അന്വഷിക്കുകയും അവർക്കു ആശ്വാസത്തിന്റെ കരുതൽ നൽകുകയും ചെയ്‌തു മാതൃകയാകുന്നത്  .

നമ്മുടെ തലമുറ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സാമൂഹിക അന്തരീക്ഷത്തിലൂടെയാണ് നമ്മൾ കടന്നു പോയ്കൊണ്ടിരിക്കുന്നതു . ഇവിടെ സാമ്പത്തീക പ്രശനം മാത്രമല്ല പരിഹരിക്കപ്പെടേണ്ടത് . ഇത്രയും നാൾ പരസ്പരം ഊഷ്മളമായ സാമൂഹിക ഇടപെടലുകൾ നടത്തിയവർ വളരെ പെട്ടെന്നു അകന്നു പോയപ്പോൾ അത് ഉണ്ടാക്കുന്ന മാനസീക ആഘാതം ചെറുതൊന്നുമല്ല . അതൊകൊണ്ട് തന്നെ വികാരിയച്ചന്റെ ഫോൺ വിളികൾക്കു നല്ല പ്രതികരണം ജനങ്ങൾ നൽകുന്നു .

” നിങ്ങൾ ഒറ്റക്കല്ല ഞാൻ കൂടെയുണ്ട് , പ്രശ്നങ്ങളെ നമുക്ക് ഒരുമിച്ചു അതിജീവിക്കാം ” എന്ന് വികാരിയച്ചനിൽ നിന്ന് കേൾക്കുമ്പോൾ അത് ഓരോ ഇടവക അംഗത്തിനും നൽകുന്ന സന്തോഷം ചെറുതൊന്നുമല്ല . ഇതിലൂടെ ഇടവക ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുവാനും, സാധിക്കുന്ന വിധത്തിൽ ക്രിയാന്മക ഇടപെടൽ നടത്താനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട് . ഇടവക ജനങ്ങൾക്കു ആശ്വാസവും ബലവും നൽകുന്ന ഒരു പ്രവർത്തിയായി ഇത് മാറി . 

വോട്ടവകാശം വിനിയോഗിക്കുക എന്നത് യഥാർത്ഥ പൗരന്റെ കടമ: ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് ശരിയായ വിധത്തിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് രാഷ്ട്രസ്നേഹമുള്ള ഒരു പൗരന്റെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അഭിപ്രായപ്പെട്ടു.രാവിലെ എറണാകുളം സെന്റ്.മേരീസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ നന്മക്കായി ഉചിതമായ തിരഞ്ഞെടുപ്പ് നടത്താൻ ജനങ്ങൾക്ക് സാധിക്കട്ടെ എന്ന് ആർച്ച് ബിഷപ് പറഞ്ഞു. കനത്ത മഴയായിരുന്നിട്ടും മുൻകൂട്ടി നിശ്ചയിച്ച സമയത്തു തന്നെ വോട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റവും ആർച്ച്ബിഷപ്പിനൊപ്പം വോട്ട് ചെയ്യാൻ എത്തിയിരുന്നു.

മാധ്യമ പ്രവർത്തനം സത്യത്തെ മുറുകെപ്പിടിക്കുന്നതായിരിക്കണം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

മാധ്യമ പ്രവർത്തനം സത്യത്തെ മുറുകെപ്പിടിക്കുന്നതായിരിക്കണം എന്ന് ആര്‍ച്ച്ബിഷപ്പ്  ജോസഫ് കളത്തിപ്പറമ്പില്‍ ഉല്‍ബോധിപ്പിച്ചു. മാധ്യമപ്രവർത്തനം സത്യവും നീതിയും മുറുകെപ്പിടിച്ച് പാവങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയർത്താൻ വേണ്ടിയുള്ളതായിരിക്കണം.  ജനാധിപത്യത്തിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾക്ക് കഴിയും. സമൂഹത്തിലെ തിന്മയുടെ അംശങ്ങളെ എതിർത്തു തോൽപ്പിക്കാൻ ആവശ്യമായ കരുത്ത് സമ്പാദിക്കാൻ ഓരോ മാധ്യമപ്രവർത്തകനും സാധിക്കണം എന്നും ആർച്ച്ബിഷപ് ഓർമപ്പെടുത്തി. വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷന്റെ ഓൺലൈൻ ന്യൂസ് പോർട്ടലായ ‘കേരളവാണി’യുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വികാർ ജനറൽമാരായ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, മോൺസിഞ്ഞോർ ജോസഫ് പടിയാരംപറമ്പിൽ, ഫാ. സോജൻ മാളിയേക്കൽ, ഫാ. ജോൺ ക്രിസ്റ്റഫർ, അഡ്വ. ഷെറി ജെ. തോമസ്, ഷാജി ജോർജ്, സി. ജെ. പോൾ, സിബി ജോയ്, മാധ്യമപ്രവർത്തകരായ ജക്കോബി, കെ. ജി. മത്തായി തുടങ്ങിയവർ സംബന്ധിച്ചു.

മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു ആർച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

പത്തു വര്‍ഷമായിട്ടും പൂർണ്ണമായും നടപ്പാക്കാനാകാത്ത മൂലമ്പിള്ളി പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കത്ത് നൽകി. മൂലമ്പിള്ളി പദ്ധതിക്കുവേണ്ടി കുടിയിറക്കപെട്ടവരുടെ ദുരിതങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം പ്രശ്നത്തിന് ഉടനെ പരിഹാരം കാണാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
കത്തിന്റെ പ്രസക്ത ഭാഗങ്ങൾ :
1. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെഒരാള്‍ക്കുവീതം പദ്ധതിയില്‍ തൊഴില്‍ നല്കാമെന്ന ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല.
2. കാക്കനാടു വില്ലേജില്‍ (കരുണാകരപിള്ള റോഡ്) പുനരധിവാസഭൂമിയില്‍ 56 കുടുംബങ്ങള്‍ക്ക് 4 സെന്‍റ് ഭൂമിയുടെ പട്ടയം നല്കിയിട്ടുണ്ടെങ്കിലും മൂന്നേമുക്കാല്‍ സെന്‍റ് വീതമാണ് നല്കിയിട്ടുള്ളത്.  ചതുപ്പും, വെള്ളക്കെട്ടും നിറഞ്ഞ ഈ പ്രദേശത്ത് പണിത രണ്ടുവീടുകള്‍ക്കും ചരിവും വിള്ളലും സംഭവിച്ചിട്ടുണ്ട്.   സ്ഥലം വാസയോഗ്യമാക്കിത്തരണം.
3. വാഴക്കാല വില്ലേജില്‍ തുതിയൂര്‍ ഇന്ദിരാനഗറില്‍ 113 പ്ലോട്ടുകള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അളന്നു തിരിച്ചെങ്കിലും സ്കെച്ച് തയ്യാറാക്കാത്തതിനാല്‍ ഉടമകള്‍ക്ക് സ്ഥലം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്.  ഈ പ്രദേശങ്ങളും വാസയോഗ്യമല്ലെന്ന് പിഡബ്ല്യൂഡി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
4.  സിആര്‍ഇസഡ് പരിധിയില്‍ വരുന്ന കടമക്കുടി, മുളവുകാട് പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണഅനുമതികള്‍നിഷേധിക്കപ്പെട്ടത് മാറ്റിത്തരണം.
5.  6/6/2011-ല്‍ ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാനപ്രകാരം ഡിഎല്‍പിസി ഓപ്റ്റ് ചെയ്ത ഏതാനും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക പൊന്നും വില മാത്രമാണ് നല്കിയത്.  ഇത് പരിഹരിക്കണം.
6. മുടങ്ങിക്കിടക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി വിളിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഒരു മുഴുവന്‍ സമയ നോഡല്‍ ഓഫീസറെ നിയമിക്കുകയും ചെയ്യണം.

റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു

വരാപ്പുഴ അതിരൂപത മുൻ ചാൻസിലർ റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. നിലവിൽ ചേരാനല്ലൂർ സൈന്റ്‌ജെയിംസ് ഇടവക  വികാരിയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയ്ക്ക് നികത്താനാവാത്ത തീരാ നഷ്ടം ആണ് അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഉണ്ടായത് എന്ന് ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് മൃതസംസ്‌ക്കാര ദിവ്യബലി മധ്യേ പറഞ്ഞു. അദ്ദേഹത്തിലൂടെ ദൈവം ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും ആര്‍ച്ച്ബിഷപ്പ് ആമുഖസന്ദേശത്തില്‍ പറഞ്ഞു.
ഫാ. ജേക്കബ് പട്ടരുമഠത്തിൽ 2002 മുതൽ മുതൽ 2008 വരെ വരാപ്പുഴ അതിരൂപത ചാൻസിലറായി സേവനമനുഷ്ഠിച്ചു. കൂടാതെ സെൻ ജോസഫ് മൈനർ സെമിനാരി ഡയറക്ടർ, ആത്മീയ പിതാവ് എന്നീ നിലകളിലും ചേന്നൂര്‍, വാടേല്‍, മുട്ടിനകം, പെരുമാനൂർ, ആറാട്ടുവഴി, കൊങ്ങോർപ്പിള്ളി എന്നീ ഇടവകകളിലും വികാരിയായി സേവനം ചെയ്തിട്ടുണ്ട് . തൈക്കൂടം, കലൂർ ,കൂനമ്മാവ് എന്നീ ഇടവകകളിൽ അദ്ദേഹം സഹവികാരി ആയിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രശസ്തനായ വാഗ്മിയും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വരാപ്പുഴ അതിരൂപതാ കുടുംബം കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിക്കുന്നു.
 

സന്ന്യസ്ത സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു

കെസിബിസിയുടെയും കേരള കത്തോലിക്കാ സമര്‍പ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍  സന്ന്യസ്ത സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു. സംഗമം ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.
സന്യാസത്തിലെയും സഭയിലെയും സഹനകാലങ്ങള്‍ കടന്നുപോകുമെന്നും എല്ലാവരും ഒരുപോലെ ശോഭിക്കുന്ന നല്ല നാളെ രൂപപ്പെടുമെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. ഏതാനും ഇടങ്ങളിലും ചില വ്യക്തികളിലും മാത്രമാണ് അപചയം എന്നു പറഞ്ഞു നിസാരവത്കരണം നടത്താതെ പൂര്‍ണമായും ശരിയാകാനാണ് നാം പരിശ്രമിക്കേണ്ടത്. എന്തെല്ലാം വെല്ലുവിളികള്‍ ഉണ്ടായാലും നന്മ ചെയ്യുന്നതില്‍നിന്നു നാം ഒരിക്കലും പിന്മാറരുത്. ഏതാനും പേരുടെ അപഭ്രംശങ്ങളുടെ പേരില്‍ സന്ന്യസ്ത സമൂഹത്തെയാകെ അവഹേളിക്കുന്നവരുണ്ട്. ചില മാധ്യമങ്ങളും അക്കൂട്ടത്തിലുണ്ട്. ആരെല്ലാം അവഹേളിച്ചാലും ശക്തമായി മുന്നോട്ടുപോകാന്‍ സന്ന്യസ്ത സമൂഹത്തിനൊപ്പം സഭയാകെ ഉണ്ടാകും. സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മികശക്തിയാണു സന്ന്യാസവും സന്ന്യസ്തരുമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. സന്ന്യാസത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എതിര്‍പ്പുകളിലും വെല്ലുവിളികളിലും തളരുന്നവളല്ല സഭ. ചരിത്രത്തില്‍ പല ഘട്ടങ്ങളിലും ഈ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. കേരള സമൂഹത്തിന്റെ ധാര്‍മിക, മൂല്യാധിഷ്ഠിത വളര്‍ച്ചയില്‍ സന്ന്യസ്തര്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാവുന്നതല്ല. തങ്ങളുടെ ഭൗതികമായ സന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരാണു സന്ന്യസ്തര്‍. എവിടെയെല്ലാം സന്ന്യസ്തരുണ്ടോ അവിടെയെല്ലാം നിസ്വാര്‍ഥമായ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുഭവങ്ങള്‍ സ്വന്തമാക്കാന്‍ സമൂഹത്തിനു സാധിക്കുന്നു. കൂട്ടായ്മയുടെ കരുത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ നമുക്കു സാധിക്കും. പ്രകോപനങ്ങളുണ്ടാകുമ്പോള്‍ ഉള്ളിലെ വെളിച്ചം കൂടുതല്‍ ഉജ്വലമായി പ്രകാശിപ്പിക്കുകയാണു നാം ചെയ്യേണ്ടതെന്നും ജസ്റ്റിസ് എബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.
സഭയില്‍ നിന്നു പുറത്തുപോകുന്നവര്‍ പറയുന്നതിലല്ല, ക്രിസ്തീയമായ ആനന്ദത്തോടെ അകത്തുകഴിയുന്നവര്‍ പറയുന്നതാണു സന്ന്യാസമെന്നു മുഖ്യപ്രഭാഷണം നടത്തിയ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. സന്ന്യാസത്തെ സംരക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ആവശ്യമില്ല. സംരക്ഷണം സഭയ്ക്കു സാധിക്കും. സഭയില്‍നിന്നു പുറത്തുപോകുന്നവരെ മറയാക്കി സഭയെ അവഹേളിക്കുന്നവരെ തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും സാധിക്കണം. വലിയവരാകാനല്ല ചെറുതാകാന്‍ ശ്രമിക്കുന്നവരാണു സന്ന്യസ്തര്‍. വലിയവരെ നോക്കാനല്ല, ചെറിയവരെ പരിചരിക്കുന്നവരാണ് അവര്‍. ഇതാണ് സന്ന്യാസത്തിന്റെ സൗരഭ്യം. ഈ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ അന്ധമായി വിമര്‍ശിക്കുന്നവരെ തിരിച്ചറിയണം. സന്ന്യസ്തരുടെ അച്ചടക്കത്തെ അടിമത്തമെന്നു വിളിക്കരുത്. വിശ്വാസവും വിശ്വസ്തതയും ഇല്ലാത്തവര്‍ക്കു സമര്‍പ്പിതജീവിതം അസാധ്യമാണെന്നും ഫാ. ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.
ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സിസ്റ്റര്‍ ഡോ. ജയ സിടിസി, ഡോ. കൊച്ചുറാണി ജോസഫ്, സിസ്റ്റര്‍ ഡോ. വിനീത സിഎംസി, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ്, സിസ്റ്റര്‍ ഡോ. നോബിള്‍ തെരേസ് ഡിഎം, സിറിയക് ചാഴിക്കാടന്‍, റോസ് മരിയ, മരിയ ജെസ്‌നീല മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളിലെ സന്ന്യാസ സമൂഹങ്ങളില്‍നിന്ന് മൂവായിരത്തോളം സന്ന്യസ്തരും വൈദിക, അല്മായ പ്രതിനിധികളും പങ്കെടുത്തു.