“എൻറെ പച്ചക്കറി തോട്ടം സെൽഫി മത്സരം ” വിജയിയെ പ്രഖ്യാപിച്ചു

വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം സുരക്ഷാപദ്ധതി ” ഉദ്ഘാടനത്തോടനുബന്ധിച്ച്  നടത്തിയ എൻറെ പച്ചക്കറി തോട്ടം സെൽഫി മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വൈപ്പിൻ, കുരിശിങ്കൽ പള്ളി ഇടവക ശ്രീ. ജോസഫ് കളത്തിൽവീട്ടിൽ ആണ് വിജയി. 2020  ജൂൺ നാലാം തീയതി  കലൂർ പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളി അങ്കണത്തിൽ  വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വെച്ച്  വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് സമ്മാനദാനം നിർവഹിച്ചു. പച്ചക്കറി കൃഷിക്കാവശ്യമായ  വിത്തുകളും വളവും ആയിരുന്നു  സമ്മാനമായി നൽകിയത്. ശ്രീ ജോസഫ് കളത്തിവീട്ടിൽ  അദ്ദേഹത്തിൻറെ  വീട്ടിൽ വ്യാപകമായി  കൃഷി ചെയ്തുവരുന്നു. ഒത്തിരിയേറെ  പച്ചക്കറികളും ഫലവൃക്ഷങ്ങളും അദ്ദേഹം  നട്ടുപിടിപ്പിച്ചിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ യൂട്യൂബ് ചാനൽ ആയ  കേരള വാണിയിലൂടെ നടത്തിയ  സെൽഫി മത്സരത്തിൽ  മുന്നൂറോളം ആളുകൾ പങ്കെടുത്തു .

നല്ലൊരു സുഹൃത്തിനെ ആണ് എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് – ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

നല്ലൊരു സുഹൃത്തിനെ ആണ് എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് എന്ന്  വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കോഴിക്കോട് മെത്രാൻ ആയിരിക്കെ തുടങ്ങിയ സൗഹൃദം അവസാനഘട്ടം വരെയും തുടർന്നു പോന്നിരുന്നു. പലപ്പോഴും,  പ്രത്യേകിച്ച് കോഴിക്കോട് വച്ച്  ആരോഗ്യപരമായി ബുദ്ധിമുട്ട് ഉണ്ടായ സമയത്ത് വ്യക്തിപരമായി നൽകിയിരുന്ന മാനസിക ശക്തിയും പിന്തുണയും  ഏറെ ആശ്വാസകരമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധിഷണാപരമായ വൈഭവം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയരംഗത്തെ സമ്പന്നമാക്കിയ നേതാവാണ് എം.പി.വീരേന്ദ്രകുമാർ. രാഷ്ട്രീയത്തിന്റെ വിവിധതലങ്ങളിലൂടെയും ബൗദ്ധിക ഇടപെടലുകളിലൂടെയും ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ നേതാവിനെയാണ് സമൂഹത്തിന് നഷ്ടമായത് എന്ന് ആർച്ച് ബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം സുരക്ഷാപദ്ധതി ” യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ നാലാം തീയതി കലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടന്നു.

മണ്ണിലും മട്ടുപ്പാവിലും കൃഷി ഉദ്ഘാടനം ചെയ്തു. 

കൊച്ചി:  വരാപ്പുഴ അതിരൂപത  നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ”  യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ  നാലാം തീയതി കലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടന്നു.  വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് , പച്ചക്കറി ചെടിയുടെ തൈകൾ നട്ടു കൊണ്ട് അതിരൂപത പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം  നിർവഹിച്ചു.  നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരം  തിരികെ പിടിച്ച് നമ്മുടെ ജനങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.   ശ്രീ. ഹൈബി ഈഡൻ എം പി , ശ്രീ. ടി .ജെ. വിനോദ് എം എൽ എ, കൗൺസിലർമാർ എന്നിവർ സന്നിഹിതരായി. പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ മൂന്ന് ഏക്കറോളം സ്ഥലത്താണ് കൃഷി ആരംഭിച്ചത്.  അതിരൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടർ  ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെയും ഫാ. ജൂഡിസ്  പനക്കലിന്റെയും നേതൃത്വത്തിൽ ആണ് പച്ചക്കറി കൃഷിയുടെ അതിരൂപതാതല പ്രവർത്തനങ്ങൾനടക്കുന്നത്.   ജൂൺ അഞ്ചാം തീയതി പരിസ്ഥിതിദിനത്തിൽ  വരാപ്പുഴ അതിരൂപതയുടെ 8 ഫോറനകളിലും ഫൊറോനാ വികാരിമാരുടെ നേതൃത്വത്തിൽ  നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ  പച്ചക്കറി കൃഷിയുടെ ഫൊറോനതല ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെടുന്നു. ഏകദേശം  35 ഏക്കറോളം സ്ഥലം  കൃഷിക്കായി ഒരുങ്ങിക്കഴിഞ്ഞു. അതിൻറെ തുടർച്ചയായി ഓരോ ഇടവകകളിലും,  ഓരോ കുടുംബങ്ങളിലേക്കും  കൃഷിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും . പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോബാഗുകൾ, ( നിറക്കാൻ ആവശ്യമായ മണ്ണും  വളവും  പച്ചക്കറി തൈകളും ഉൾപ്പെടെ ) 45 രൂപ നിരക്കിൽ പൊറ്റക്കുഴി പള്ളിയിൽനിന്ന്  ലഭ്യമാണ് . സംസ്ഥാന ഗവൺമെൻറിൻറെ  സുഭിക്ഷ കേരളം പദ്ധതിയോട് സഹകരിച്ചുകൊണ്ടാണ്,    മണ്ണിലും മട്ടുപ്പാവിലും കൃഷിക്കായി വരാപ്പുഴ അതിരൂപത ഒരുങ്ങുന്നത്.   ലോക്ഡൗൺഇൻറെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ട് ആയിരിക്കും  ഈ പ്രവർത്തനങ്ങളെല്ലാം നടത്തപ്പെടുക.

സുഭിക്ഷ കേരളം  സുരക്ഷാ പദ്ധതിയുമായി വരാപ്പുഴ അതിരൂപത

കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ” മെയ് 30 ശനിയാഴ്ച  രാവിലെ 10 മണിക്ക്  വരാപ്പുഴ അതിരൂപത  മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത നടത്തുന്ന   ഈ സംരംഭം  മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വരാപ്പുഴ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അധ്യക്ഷനായിരുന്നു.   പ്രധാനമായും നാല് കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ അതിരൂപത  നടപ്പിലാക്കുന്നത്  1. അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും  തരിശുനിലങ്ങളിൽ  കൃഷിയിറക്കുക. എല്ലാ വീടുകളിലും  മണ്ണിലും മട്ടുപ്പാവിലും കൃഷി ചെയ്യാൻ  പ്രോത്സാഹിപ്പിക്കുക . 2. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക. 3. പാലിനും ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി  പക്ഷിമൃഗാദികളെ വീട്ടിൽ വളർത്താൻ പ്രോത്സാഹനം നൽകുക . 4. വീടുകളിൽ ചെയ്യാവുന്ന ചെറുകിട  കൈത്തൊഴിലുകളും മറ്റും പ്രോത്സാഹിപ്പിക്കുക . എന്നിവയാണ് ഇതിൻറെ പ്രധാന ലക്ഷ്യങ്ങൾ.  ചടങ്ങിൽ മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എംപി, ടി ജെ. വിനോദ് എംഎൽഎ, യേശുദാസ് പറപ്പള്ളി  എന്നിവർ പങ്കെടുത്തു . കോവിഡ് 19 പശ്ചാത്തലത്തിൽ  സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്  പരിപാടി സംഘടിപ്പിച്ചത്. 

നവദർശൻ ഓൺലൈൻ ടീച്ചിങ്

കൊച്ചി : വരാപ്പുഴ അതിരൂപതാ വിദ്യാഭ്യാസ വർഷം 2020 ന്റെ ഭാഗമായി നവദർശൻ ഓൺലൈൻ ടീച്ചിങ് പരിശീലനത്തിന്റെ പൈലറ്റ് പ്രോജക്റ്റ് ആയി തൈകൂടം സെന്റ് റാഫേൽ പള്ളിയിൽ WIKI ട്രെയിനർ ശ്രീ. സെബാസ്റ്റ്യൻ പനക്കലിന്റെ ശിക്ഷണത്തിൽ 2020 ഫെബ്രുവരി മാസം പരിശീലന പരിപാടി ആരംഭിച്ചു.    ആദ്യ ബാച്ചിൽപെട്ട 8 പേർ Microsoft Innovative Educator- trainer (MIE-T) സർറ്റിഫിക്കറ്റ് കരസ്ഥമാക്കി. തൈക്കൂടം ഇടവക വികാരി റവ. ഫാ. ജോൺസൺ ഡിക്കുഞ്ഞ വിജയികൾക്ക് സർറ്റിഫിക്കറ്റ് വിതരണം ചെയ്തു.   ലോക്ഡൗൺ കാലയളവിൽ വീട്ടിലിരുന്ന് തന്നെ ഇന്ത്യയിലും വിദേശത്തും ഉള്ളവർക്ക് ഓൺലൈൻ ട്യൂഷൻ നല്കി വരുമാനം ഉണ്ടാക്കുന്നതിന് ഇവർക്ക് സാധിക്കുന്നതാണ്.  ശ്രീ.  സെബാസ്റ്റ്യൻ പനക്കലിന്റ്റ ക്ലാസ്സുകൾ ഉയർന്ന നിലവാരത്തിൽ ഉള്ളതും  അത്ര സമയം ക്ഷമയോടെയും പ്രോത്സാഹജനകവുമായ ക്ലാസ്സുകൾ ഇവരെ ഏറെ സഹായിച്ചു എന്നത് നിസ്തർക്കമാണ്.  പരിശീലനം ആവശ്യമുള്ളവർ താഴെ പറയുന്ന ട്രെയിനർമാരെ ബന്ധപ്പെട്ടാൽ ആവശ്യമായ സഹായം ചെയ്തു തരുന്നതാണ്. Vibitha Jos- 8921584968Jessy Manuel- 8281832867Mariya Sheela- 7736430510Mary Baby- 9495193925Tixy K.M- 9061987459Bindu Thomas- 6282585377Sheeba Jos- 9446507289  

ഗ്രീൻ മുട്ടിനകം മിഷൻ 2020 -2021″

മുട്ടിനകം : വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മുട്ടിനകം സെൻറ് . മേരീസ് പള്ളിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യ എല്ലാവരെയും പച്ചക്കറി കൃഷിയുടെ നന്മയിലേക്ക് നയിക്കാൻ “ഗ്രീൻ മുട്ടിനകം മിഷൻ 2020 -2021” എന്ന പദ്ധതി ഉത്ഘാടനം ചെയ്തു . കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള “സുഭിക്ഷ കേരളം ” എന്ന പദ്ധതി ഇതിനു പ്രചോദനമായി. ഈ പരിപാടി മുട്ടിനകത്തിന്റെ ഗ്രാമഭംഗി നൂറു മടങ്ങായി വർധിപ്പിക്കും എന്ന് മാത്രമല്ല ‘നമ്മുടെ അടുക്കളയിലേക്കു നമ്മുടെ പച്ചക്കറി’ എന്ന വരാപ്പുഴ അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ നൽകിയ ആഹ്വാനം കൂടി ഇവിടെ നടപ്പാവുകയാണ് .

പരിപാടിയുടെ ഉത്ഘാടനം വരാപ്പുഴ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ . ഹരിലാൽ , വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടർ ഫാ . സെബാസ്റ്യൻ കറുകപ്പിള്ളിക്ക് തക്കാളിച്ചെടിയുടെ ഗ്രോ ബാഗ് നൽകിക്കൊണ്ട് നിർവഹിച്ചു .

ഈ പദ്ധതി പരിപൂർണ വിജയത്തിലെത്താൻ മുട്ടിനകം പ്രദേശത്തെ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് വികാരി , ഫാ . സെബാസ്റ്യൻ മൂന്നുകൂട്ടുങ്കൽ അഭ്യർത്ഥിച്ചു. 

പ്രത്യകിച്ചു കുട്ടികളിലേക്ക് ഈ നന്മയുടെ സന്ദേശം പകരാൻ കുട്ടികൾ വീട്ടിലിരുന്നുകൊണ്ടു ഇതിൽ പങ്കെടുക്കാൻ വീഡിയോ പ്രോഗ്രാം സജ്ജമാക്കി . പരിസ്ഥിതി പ്രവർത്തകൻ ശ്രീ. സ്വരൂപ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു .

ഗ്രീൻ മിഷൻ കുരിശിങ്കൽ

ഗ്രീൻ മിഷൻ കുരിശിങ്കൽ 

കുരിശിങ്കൽ പള്ളിയെന്ന ഞങ്ങളുടെ ഇടവക ദേവാലയം കേരളത്തിലെ തന്നെ പുരാതന ദേവാലയങ്ങളിൽ ഒന്നാണ്. അതിമനോഹരമായ ദേവാലയപരിസരം ഹരിതാഭമാക്കാൻ ഉദ്ദേശിച്ചുകൊണ്ട്  ഫാമിലി യൂണിറ്റ്  സെൻട്രൽ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ ഒരു കൂട്ടം യുവാക്കൾ ആവിഷ്കരിച്ചു നടപ്പാക്കിയ  പദ്ധതിയാണ് ‘ഗ്രീൻ മിഷൻ കുരിശിങ്കൽ’.

ഇടവക തലത്തിൽ പരിസ്ഥിതി ദിനാഘോഷങ്ങൾ നടന്ന 2019 മെയ് 26-) ആം തീയതി (ഞായറാഴ്ച) ഓരോ കുടുംബ യൂണിറ്റിന്റെയും സംഘടനയുടേയും നേതൃത്വത്തിൽ പള്ളിയങ്കണത്തിലും ചർച്ഛ് ലെയിനിന്റെ  ഇരുവശങ്ങളിലുമായി വൃക്ഷത്തൈകൾ നടുകയും നട്ട വൃക്ഷതൈക്കുചുറ്റും സംരക്ഷണ ഭിത്തി വയ്ക്കുകയും ചെയ്തു. വൃക്ഷത്തൈകൾ പള്ളിയിൽ നിന്നും നൽകുകയുണ്ടായി.

അന്നേദിവസം രാവിലെ 7 മണിക്ക് നടന്ന കുർബാനയിൽ ഫാ. അനിൽ പേരേപ്പിള്ളി OSJ  കാർമ്മികത്വം വഹിച്ചു.   കാഴ്ചവയ്‌പ്പിൽ ഓരോ കുടുംബ യൂണിറ്റിൽ നിന്നും സംഘടനയിൽ നിന്നും ഓരോ പ്രതിനിധി വീതം പങ്കെടുക്കുകയും  തങ്ങൾ നാട്ടു പിടിപ്പിക്കുന്ന തൈകൾ കാഴ്ചയായി സമർപ്പിക്കുകയും ചെയ്തു.  

ദിവ്യബലിക്കു ശേഷം ബഹുമാനപ്പെട്ട വികാരി ആന്റണി ചെറിയകടവിലച്ചൻ പള്ളിമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതി ഉത്ഘכടനം ചെയ്തു. അതിനു ശേഷം ഓരോ കുടുംബയൂണിറ്റും സംഘടനയും തങ്ങൾക്കു അനുവദിച്ചിട്ടുള്ള സ്ഥലത്തു കൂട്ടമായി ചെന്ന് വൃക്ഷത്തൈ നടുകയാണ് ഉണ്ടായത്. ഇടവക ജനങ്ങൾക്ക്‌ സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

തങ്ങൾ നട്ട വൃക്ഷത്തൈ ഏതാണ്ട് വളർച്ചയെത്തുന്നതുവരെ പരിപാലിക്കണ്ട ചുമതല അതാതു കുടുംബ യൂണിറ്റിനും സംഘടനയ്ക്കും ആണ് നൽകിയിരിക്കുന്നത്.

ഇത് അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള ഒരു സൽകൃത്യമായിക്കണ്ട് ഇടവക ജനങ്ങൾ ഒന്നായി, ഒരേ മനസ്സായി ഏറ്റെടുത്തു.  

ഇപ്പോൾ കുരിശിങ്കൽ ഇടവകയിലേക്ക് വന്നാൽ പള്ളിപ്പരിസരത്തും റോഡിൻറെ വശങ്ങളിലും വളർന്നു തുടങ്ങിയ വൃക്ഷത്തൈകൾ കാണാം.

ശിശുപരിപാലനത്തിൽ സർവകാല റെക്കോർഡുമായി എറണാകുളം ലൂർദ് ആശുപത്രി

കൊച്ചി : ഇന്ത്യയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞിന്റെ ജനനം എറണാകുളം ലൂർദ് ആശുപത്രിയിൽ . കൊടുങ്ങല്ലൂർ സ്വദേശി തൻസീമിന്റെ ഭാര്യ സുഹൈനയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് . അതിൽ ഒരാളായ സായ് യുടെ ഭാരം ജനിച്ചപ്പോൾ ഭാരം വെറും 350 ഗ്രാം , കൂടെ ജനിച്ച സോയയുടെ ഭാരം 400 ഗ്രാം ആയിരുന്നു .വെറുമൊരു കൈപ്പത്തിയുടെ വലിപ്പം .

ഇതിനു മുൻപ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞു ജനിച്ചത് 375 ഗ്രാം ഭാരത്തോടെയാണ് . അതുകൊണ്ടു തന്നെ 350 ഗ്രാം ഭാരത്തോടെ ജനിച്ച സായ് , ഇന്ത്യൻ മെഡിക്കൽ സയൻസിന്റെ സർവകാല റെക്കോർഡിലേക്കാണ് ജനിച്ചു വീണു , ആരോഗ്യവതിയായി ആശുപത്രി വിടുന്നത് .

ശിശു രോഗ പരിപാലനത്തിൽ ഒരു പൊൻ തൂവൽ കൂടി വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം ലൂർദ് ആശുപത്രി സ്വന്തമാക്കുകയാണ് .ലൂർദ് ആശുപത്രിയിലെ നവജാത ശിശു രോഗ വിദഗ്ദൻ ഡോ . റോജോ ജോയ് യും ടീമും ആണ് ഇതിനു നേതൃത്വം നൽകിയത് .

ആശുപത്രയിലെ വിദഗ്ദരായ ഡോക്ടര്സിന്റെ ഒരു സംഘം  സർവപിന്തുണയുമായി കൂടെ ഉണ്ടായിരുന്നു എന്ന് ആശുപത്രി ഡയറക്ടർ ഫാ . ഷൈജു തോപ്പിൽ പറഞ്ഞു .ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ഒരു കുഞ്ഞിന് 2 കി.ഗ്രാം , രണ്ടാമത്തെയാൾക്കു 1.5 കി .ഗ്രാം ഭാരം ഉണ്ടായിരുന്നു .

നവദർശൻ ലോക്ക്ഡൗൺ ക്വിസ് മത്സരത്തിൽ ആയിരത്തോളം കുട്ടികൾ

നവദർശൻ ലോക്ക്ഡൗൺ ക്വിസ് മത്സരത്തിൽ ആയിരത്തോളം കുട്ടികൾ !     കൊച്ചി :  വരാപ്പുഴ അതിരൂപത നവദർശന്റെ നേതൃത്വത്തിൽ ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളുടെ സമയം  ക്രിയാത്മകമാക്കുവാൻ വേണ്ടി നടത്തിയ online ക്വിസ്സ് മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തംകൊണ്ട്  ഏറെ ശ്രേദ്ധേയമായി. 

  അഞ്ചു്  മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഏപ്രിൽ 18 മുതൽ മെയ്‌ 3 വരെ നടത്തിയ മത്സരത്തിൽ അതിരൂപതയിലെ 1200 കുട്ടികൾ പങ്കെടുത്തു.       GK, Basic Science, History, English, Geography, Liturgy, sports  എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഇവർക്ക് നൽകിയത്. ഓരോ ദിവസത്തെയും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിക്കളിൽ നിന്ന് ഒരാളെ വിജയിയായി  തിരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

ലോക് ഡൗണിലും കർമനിരതനായി ഷൈനച്ചൻ , വരാപ്പുഴ അതിരൂപതക്ക് അഭിമാനമായി

കൊച്ചി : ഇന്ന് അഖണ്ട ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് അന്വേഷിക്കാനായി ഞാൻ  ഷൈൻ കാട്ടുപറമ്പിൽ അച്ചനെ വിളിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ നമ്മുടെ ഒരച്ചന് എത്തിച്ചു കൊടുക്കുന്ന കാര്യം കൂടി തിരക്കാനാണ് വിളിച്ചത്. സംസാരത്തിനിടയിൽ അച്ചൻ മരുന്നു കൊടുക്കാൻ പോകുന്ന കാര്യം പറഞ്ഞു.അതിനെപ്പറ്റി കൂടുതൽ അന്വഷിച്ചു അറിഞ്ഞപ്പോഴാണ് മനസ്സിലായത് ,അച്ചൻ കേരള ഗവർൺമെന്റ് ആപ്പിലൂടെ രജിസ്റ്റർ ചെയ്ത് ഒരു വോളന്റിയറായി സേവനം ചെയ്യുകയാണെന്ന് .വരാപ്പുഴ അതിരൂപതയിലെ യുവ വൈദീകനായ ഷൈൻ കാട്ടുപറമ്പിലച്ചൻ അങ്ങനെ ഈ ലോക് ഡൗൺ കാലത്തു ക്രിസ്തുവിൻറെ നന്മയുടെ സുവിശേഷത്തിന്റെ പരിമിളമായി മാറുകയാണ് . ഒപ്പം വരാപ്പുഴ അതിരൂപതക്ക് അഭിമാനവും. .അച്ചനിപ്പോൾ തേവർകാട് തിരുഹൃദയ പള്ളി വികാരിയായും വരാപ്പുഴ അതിരൂപത കരിസ്മാറ്റിക് കമ്മീഷൻ ഡയറക്ടർ ആയും പ്രശംസനീയമായ സേവനം ചെയ്തു കൊണ്ടിരിക്കുന്നു .കഴിഞ്ഞ ദിവസം ഏഴിക്കര ആശ്രയഭവനിൽ മരുന്നുമായി അച്ചനെത്തിയപ്പോൾ അവർക്കുണ്ടായ സന്തോഷം അച്ചൻ മറ്റെന്തിനെക്കാളും വലിയ സമ്മാനമായി കാണുന്നു.