“Archbishops’ Care(AbC)” ചികിത്സാ പദ്ധതി

ആരോഗ്യ സംരക്ഷണത്തിൽ “Archbishops’ Care(AbC)” എന്ന പേരിൽ വരാപ്പുഴ അതിരൂപതാ അംഗങ്ങൾക്കു മാത്രമായി ചികിത്സാ പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുകയാണ്.

“Archbishops’ Care(AbC)” പദ്ധതിയിൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ അതിരൂപതയിലെ കുടുംബങ്ങളിൽ നിന്നുമുള്ള ഒരു മുതിർന്ന പൗരന് സൗജന്യ മെഡിക്കൽ ചെക്കപ്പ് നല്കുന്നതാണ്. കൂടാതെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വിവിധ ചികിത്സാ ചിലവുകളിൽ 25-30 ശതമാനം കിഴിവും നല്കുന്നതാണ്.


“Archbishops’ Care(AbC)” പദ്ധതിയിൽ അംഗങ്ങളാക്കുന്നതിന് പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷകൾ സൗജന്യ ഹെൽത്ത് ചെക്കപ്പിന് വരുമ്പോൾ ലൂർദിൽ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾ അപേക്ഷാ ഫോമിൽ ലഭ്യമാണ്.

ഫാ. വിൻസൻറ് വാരിയത്ത് എഴുതിയ പള്ളീലച്ചൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു

പൗരോഹിത്യത്തിൻ്റെ കൃപാപൂരിതമായ ചൈതന്യവും സുവിശേഷ ധ്യാനങ്ങളുടെ ആഴവും ജീവിച്ചുകാണിച്ച ശ്രേഷ്ഠ വൈദികരുടെ സംഭാവനകൾ വിവിധ മേഖലകളിലുള്ള കേരള സമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു.

റവ. ഡോ. വിൻസെൻ്റ് വാരിയത്തിൻ്റെ “പള്ളീലച്ചൻ” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു ആർച്ച്ബിഷപ്പ്. താൻ പ്രസംഗിക്കുന്നത് ജീവിക്കുക എന്ന് ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെയാണ് വാരിയത്ത് അച്ചൻ്റെ രീതി. വൈദികർക്കും, സന്യ സ്ത്ർക്കും വൈദികാർഥി കൾക്കും ധ്യാനഗുരു എന്ന നിലയിൽ കേരളത്തിൽ ഉടനീളം വിഖ്യാതനാണ് വിൻസെൻ്റ് അച്ചൻ.

സെമിനാരി പ്രവേശനം വൈദികന്റെ മരണം വരെയുള്ള ജീവിതമാണ് പുസ്തകത്തിന്റെ പ്രമേയം. പെരുമ്പടവം ശ്രീധരന്റെ അവതാരികയുമുണ്ട്.
കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കമ്പ് പാലയ്ക്കപ്പിള്ളി ആദ്യപുസ്തകം ഏറ്റുവാങ്ങി.

വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ.എബിജിൻ അറക്കൽ, ജെക്കോബി, ഡോ.ജോസ് തളിയത്ത്, ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രണതാ ബുക്സാണ് പ്രസാധകർ.

വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിനു തുടക്കമായി

ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു.

തൃപ്പൂണിത്തുറ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇതിനോടനുബന്ധിച്ച് കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി തൊഴിൽ കണ്ടെത്താനുള്ള ആപ്പും ഉദ്ഘാടനം ചെയ്തു. ഈ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും പരസ്പരം ബന്ധപ്പെടാനും സേവനം ലഭ്യമാക്കാനും കഴിയും.

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ആണ് ഇതിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യപ്പെട്ടു.

വികാർ ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ , ഫാ. നെൽസൺ ജോബ് OCD, ജനറൽ കൺവീനർ ഫാ. ആന്റണി അറക്കൽ ,ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. ജോളി തപ്പലോടത്ത്, ഫാ. ആന്റണി കോച്ചേരി എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ നടന്നത്.

വരാപ്പുഴ അതിരൂപതയുടെ അഭിമാനമായി റവ. ഡോ. വിൻസെൻറ് വാരിയത്ത്

കൊച്ചി: കെ സി ബി സി മാധ്യമ കമ്മീഷൻ ഇദംപ്രഥമമായി ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ഐക്കൺ അവാർഡിന് റവ.ഡോ. വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയ ചിന്തകൾ എന്ന പ്രോഗ്രാം അംഗീകാരം നേടി.സോഷ്യൽ മീഡിയയിലൂടെ നന്മ വിതയ്ക്കുകയും നല്ലതു പറയുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടെയാണ് കെ സി ബി സി അവാർഡ് ഏർപ്പെടുത്തിയത്.

വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള റവ. ഡോ. വിൻസൻറ് വാരിയത്ത് അഞ്ചു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും (MA ) സൈക്കോളജിയിൽ പി എച്ച് ഡി യും ഉള്ള വൈദികനാണ്. കൊറോണയുടെ നാളുകളിൽ ആളുകൾക്ക് സമാശ്വാസം ഏകാൻ ആരംഭിച്ചതാണ് എല്ലാ ശനിയാഴ്ചയും അപ്‌ലോഡ് ചെയ്യുന്ന അനുദിന ആത്മീയ ചിന്തകൾ.മുപ്പത്തി അഞ്ചു എപ്പിസോഡുകൾ പൂർത്തിയാക്കിയപ്പോൾ ആണ് കെ സി ബി സി യുടെ അംഗീകാരം അച്ചനെ തേടിയെത്തുന്നത്.

ഫിലിപ്പീൻസിലെ മനിലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഫാ. വിൻസെന്റ് മൈനർ സെമിനാരിയുടെ റെക്ടർ ആയും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.ജനുവരി എട്ടാം തിയ്യതി കെ സി ബി സി പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരിയും മീഡിയ കമ്മീഷൻ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും മുഖ്യാതിഥികളായി പി ഓ സി യിൽ വെച്ച് നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം

വത്തിക്കാൻ : ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിൻറെ ( Congregation for the Evangelization of Peoples) അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ നിയമിച്ചു . വരുന്ന അഞ്ചു വർഷത്തേക്കാണ് നിയമനം. വത്തിക്കാനിൽ നിന്നുള്ള നിയമന ഉത്തരവ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിച്ചു.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം
പുതിയ ചുമതല ഏറ്റെടുക്കുന്ന ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ പോപ്പ് ഫ്രാൻസിസ് അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യാനുള്ള എല്ലാ ദൈവാനുഗ്രഹങ്ങളും ആശംസിച്ചു.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് വത്തിക്കാനിൽ കുടിയേറ്റക്കാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ ( Pontifical Council for Migrants and Itinerant People ) സെക്രട്ടറി ആയി 6 വർഷത്തോളം സ്തുത്യർഹമായി സേവനം അനുഷ്ടിച്ച അദ്ദേഹത്തിന്റെ കർമശേഷിയും അനുഭവ സമ്പത്തും പരിഗണിച്ചാണ് പുതിയ ഉത്തരവാദിത്യം വത്തിക്കാൻ ഏല്പിച്ചിട്ടുള്ളത്.

ഡാനിയേൽ അച്ചാരുപറമ്പില്‍ പിതാവിനെ ഓർക്കുമ്പോൾ …

വരാപ്പുഴ അതിരൂപതയുടെ ശ്രേഷ്ഠ മെത്രാപോലിത്ത ആയിരുന്ന അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന്റെ ദേഹവിയോഗത്തിന്റെ 10 ആം വാർഷികമായിരുന്നു ഒക്ടോബർ 26 ന് . വരാപ്പുഴ അതിരൂപത നന്ദിയോടെ അദ്ദേഹത്തെ ഓർക്കുന്നു .

നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന പിതാവിന്റെ മുഖമാണ് ആദ്യം ഓർമയിൽ വരുക . ആതമീയതയിൽ നിന്നും രൂപം കൊണ്ട നിശ്ചയദാർഢ്യം ആയിരുന്നു അദ്ദേഹത്തിന്റെ കരുത്ത്‌ .14 വർഷങ്ങൾ അദ്ദേഹം വരാപ്പുഴ അതിരൂപതയുടെ ഇടയനായി സേവനം ചെയ്തു .കേരള സഭയുടെ തലവനായും തന്റെ ദൗത്യം നിർവഹിച്ചു .

പണ്ഡിതനും സാത്വകിനും ആയിരുന്നു അദ്ദേഹം . ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീൻ ക്രൈസ്തവരെ കെട്ടുറപ്പിലേക്കു കൊണ്ടുവരുന്നതിന് വേണ്ടി കെ .ആർ. എൽ .സി .സി. എന്ന മഹത്തായ സംവിധാനത്തിന് തുടക്കം കുറിച്ചു .ഇത് കേരള ലത്തീൻ സഭയെ കേരളത്തിലെ സാമൂഹിക – രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടപെടാൻ പ്രാപ്തമാക്കി .

വൈപ്പിൻ കരയിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ താൻ ഉപവാസം ആരംഭിക്കുമെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞപ്പോൾ ആ ദിവസങ്ങളിൽ തന്നെ അതിനു പരിഹാരം ലഭിച്ചു എന്നത് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് .

കോരിച്ചൊരിയുന്ന മഴയും വീശിയടിക്കുന്ന കാറ്റും വകവെയ്ക്കാതെ കടൽ ക്ഷോഭത്തിന്റെ നൊമ്പരം പേറുന്ന തീരദേശ വാസികളുടെ കുടിലുകൾക്കുമുന്പിൽ , അവരെ ആശ്വസിപ്പിക്കാൻ മഴക്കോട്ടും പ്ലാസ്റ്റിക് തൊപ്പിയും ധരിച്ചു നിൽക്കുന്ന ഡാനിയേൽ പിതാവിന്റെ മുഖം നമുക്ക് എളുപ്പം മറക്കാൻ കഴിയില്ല .

മൂലമ്പിള്ളി പദ്ധതിക്ക് വേണ്ടി ജനങ്ങളെ കുടിയിറക്കിയപ്പോൾ “എന്റെ മക്കളെ വഴിയാധാരമാക്കരുത് അവർക്കു മാന്യമായി ജീവിക്കാൻ മാർഗം ഉണ്ടാകണം” എന്ന് പറഞ്ഞുകൊണ്ട് അവർക്കു വേണ്ടി ആദ്യം ഉയർന്ന ശബ്ദം അദ്ദേഹത്തിന്റേതായിരുന്നു. അത് അധികാര സ്ഥാനത്തുള്ളവരുടെ കണ്ണ് തുറപ്പിച്ചു .മൂലമ്പിള്ളി പാക്കേജ് പുറത്തു വന്നു. എന്നാൽ ഇന്നും അത് പ്രാവർത്തികമാക്കാതെ സർക്കാരുകൾ ഉരുണ്ടുകളിക്കുന്ന കാഴ്ച ദയനീയമാണ് .

വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വളർച്ചയുടെ നാഴിക ക്കല്ലായ ‘ നവദർശൻ ‘ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ് . ഇത് മറ്റുപലരും മാതൃകയാക്കുകയും ഏറ്റെടുക്കുകയും ചെയ്തു

എത്ര നാൾ ജീവിച്ചു എന്നതിലല്ല ,എങ്ങനെ ജീവിച്ചു എന്നതിലാണ് ജീവിതത്തിന്റെ മഹത്വം എന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. പവിത്രമായ ആ ഓർമകൾക്ക് മുൻപിൽ ഒരായിരം ആദരാഞ്ജലികള്‍ സ്നേഹപൂർവ്വം അർപ്പിക്കുന്നു.

ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, മാനുഷിക മൂല്യങ്ങൾ മുറുകെപിടിച്ച ഇടയൻ: ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ

മാർത്തോമാ സഭാ തലവൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപോലിത്ത മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച വലിയ ഇടയൻ ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു . ഡോ. ജോസഫ് മാർത്തോമാ മെത്രാപോലിത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

തന്റെ ജീവിതകാലഘട്ടത്തിൽ പാവപ്പെട്ടവരോടും ദളിതരോടും പക്ഷം ചേരുകയും അവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു . ആത്മീയവും, സാമൂഹികവും,സാംസ്കാരികവുമായ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു .

മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന പ്രകൃതിയെയും ആവാസവ്യവസ്ഥകളെയും നശിപ്പിക്കുന്ന മനുഷ്യന്റെ സ്വാർത്ഥമായ പ്രവർത്തനങ്ങളെ അദ്ദേഹം എന്നും നിശിതമായി വിമർശിച്ചു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി മുന്നിട്ടിറങ്ങാനും അത് നടപ്പിലാകുന്നതുവരെ അക്ഷീണം പ്രയത്നിക്കാനും അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല .

നീണ്ട 13 വർഷക്കാലം മാർത്തോമാ സഭയെ മുന്നിൽനിന്നു നയിച്ച അദ്ദേഹം നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് ആർച്ച്ബിഷപ് പറഞ്ഞു

ഫാ.ജോർജ് വേട്ടാപ്പറമ്പിൽ ദൈവസന്നിധിയിലേക്ക് യാത്രയായി

വരാപ്പുഴ അതിരൂപത വൈദികനായിരുന്ന ഫാ. ജോർജ് വേട്ടാപ്പറമ്പിൽ തൻറെ നീണ്ട വർഷത്തെ വൈദിക ജീവിത സേവനത്തിനുശേഷം ദൈവസന്നിധിയിലേക്ക് യാത്രയായി.

ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937 ലാണ് അദ്ദേഹം ജനിച്ചത്.1965 മാർച്ച് 14 ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു.

തുടർന്ന് കുരിശിങ്കൽ,പാലാരിവട്ടം, മൂലമ്പിള്ളി, നെട്ടൂർ, വടുതല, കറുത്തേടം, വല്ലാർപാടം, തേവര, ഇളംകുളം, തോമസ്പുരം,ചിറ്റൂർ, വള്ളുവള്ളി, വെണ്ടുരുത്തി എന്നീ ഇടവകകളിലായി വരാപ്പുഴ അതിരൂപതയിൽ തൻറെ സേവനകാലം ഭംഗിയായി പൂർത്തിയാക്കി.

തൻറെ ജീവിതകാലം മുഴുവൻ അതിരൂപതക്കും നാടിനും അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു. 2012 മുതൽ കാക്കനാട്ആവിലഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം . അദ്ദേഹത്തിൻറെ വിയോഗം വരാപ്പുഴ അതിരൂപതയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിൻറെ ആത്മാവിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

‘സ്‌നേഹഭവനം’ സഹായധനം വിതരണം ചെയ്തു

വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ ഏറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (E.S.S.S), നാനാജാതി മതസ്ഥരായ 31 കുടുംബങ്ങള്‍ക്ക് ഭവന പൂര്‍ത്തീകരണത്തിനായുള്ള സഹായധനം ഇ.എസ്.എസ്.എസ്. ഹാളില്‍ വച്ച് വിതരണം ചെയ്തു. ആര്‍ച്ചിബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ പ്രത്യേക താല്‍പര്യപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സ്‌നേഹഭവനം’. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍, തൃക്കാക്കര, മരട്, കളമശ്ശേരി, ആലുവ എന്നീ മുന്‍സിപ്പാലിറ്റികളില്‍ നിന്നും, മുളവുകാട്, കടമക്കുടി, ചേരാനെല്ലൂര്‍, വരാപ്പുഴ, ആലങ്ങാട്, എടവനക്കാട്, നായരമ്പലം, എളങ്കുന്നപ്പുഴ, ഞാറക്കല്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഇ.എസ്.എസ്.എസ്. ഡയറക്റ്റര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ.എസ്.എസ്.എസ്. അസ്സി. ഡയറക്റ്റര്‍ ഫാ. ഫോസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഡൊമിനിക് സി.എല്‍., ലിജി ടി.ജെ, സ്റ്റെഫി സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.

വെണ്ടുരുത്തി പള്ളി: പോര്‍ച്ചുഗീസുകാര്‍ക്കും മുന്‍പേ നിലനിന്നിരുന്നതായി തെളിവുകള്‍. 1599 ന് മുന്‍പേ ദൈവാലയം പണിതുവെന്ന് സൂചന

അഞ്ചു നൂറ്റാണ്ടിലേറെ പഴക്കം ഉള്ള കൊച്ചി വെണ്ടുരുത്തി സെന്റ്. പീറ്റര്‍ ആന്റ് പോള്‍ പള്ളിയുടെ ആദിമ രൂപം പോര്‍ച്ചുഗീസ് കാലഘട്ടത്തിനും മുന്‍പു നിലനിന്നിരുന്നതായി ചരിത്ര സൂചനകള്‍. ആധുനിക കാലഘട്ടത്തിനു മുന്‍പ് വെണ്ടുരുത്തി ദ്വീപിലുണ്ടായിരുന്ന ജനവാസത്തിന്റെയും, രേഖയില്‍ പറയുന്ന 1599 ന് മുന്‍പു നിലനിന്ന പള്ളിയുടെയും തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചരിത്ര ഗവേഷണം അന്തിമഘട്ടത്തില്‍.

ആര്‍ക്കിടെക്ട് ലിയോ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷമായി പള്ളിയുടെ പുനരുദ്ധാരണ ജോലി നടക്കുകയാണ്. അള്‍ത്താര നവീകരിക്കാന്‍ തറ പൊളിച്ചപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങളും ഒരടി വ്യാസമുള്ള തൂണ്‍ നിന്നതിനു സമാനമായ കുഴിയുമാണ് പുരാതന ചരിത്രത്തിന്റെ സൂചന നല്കുന്നത്. അടിത്തട്ടിലെ മണ്ണ് നീക്കി പരിശോധിച്ചപ്പോള്‍ മധ്യകാലഘട്ടത്തില്‍ പള്ളിയും ക്ഷേത്രങ്ങളും മേയാന്‍ ഉപയോഗിച്ചിരുന്ന കൂരയോടുകളും പാത്തിയോടുകളും ചൈനീസ് പാത്രങ്ങള്‍ ഉള്‍പ്പെടെ മണ്‍പാത്ര കഷണങ്ങളും കണ്ടെത്തി. ഇവയ്ക്കൊപ്പം കാലഗണനയ്ക്കു സഹായകമായ സുര്‍ക്കി, കുമ്മായ മിശ്രിത സാം പിളുകളും ശേഖരിച്ചു.

കാലം വ്യക്തമല്ലെങ്കിലും 1599 നു മുന്‍പു തന്നെ തദ്ദേശീയരായ ക്രിസ്ത്യാനികള്‍ ഇവിടെ തടിയില്‍ ദൈവാലയം പണിതുവെന്നാണ് സൂചന. നിലവിലുള്ള അള്‍ത്താരയുടെ തറയ്ക്കു താഴെ നിര്‍മ്മിതിയുടെ മധ്യ ഭാഗത്തു തൂണിന്റെ സ്ഥാനത്ത് ആഴമേറിയ ദ്വാരം കാണപ്പെട്ടു. ദ്വീപില്‍ നിര്‍മ്മാണത്തിനു ചുടുകട്ടയും ചെങ്കല്ലും സൂര്‍ക്കി മിശ്രിതവും ഉപയോഗിക്കുന്നതിന് മുന്‍പുള്ള കാലത്തെ നിര്‍മ്മാണത്തിന്റെ തെളിവാണിതെന്നു ഗവേഷകര്‍ കരുതുന്നു. പോര്‍ച്ചുഗീസ് കാലത്ത് 1599 ല്‍ പള്ളി പണിതുവെന്നാണ് ഔപചാരികമായി കരുതുന്നത്. വെള്ളപ്പൊക്കത്തില്‍ പള്ളി തകര്‍ന്നതിനു ശേഷം 1788 ല്‍ ലൂക്കാ പാദ്രിയും മിഖായേല്‍ കപ്പിത്താനും ചേര്‍ന്ന് പണിത പള്ളിയാണ് നിലവില്‍ ഉള്ളത്. കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ അടിത്തട്ടില്‍ നിന്നു കിട്ടിയതു തിരിച്ചറിയാന്‍ വികാരി ഫാ. ഡോ. അല്‍ ഫോന്‍സ് പനക്കല്‍ ചരിത്ര പുരാവസ്തു ഗവേഷണ സ്ഥാപനമായ ‘പാമ’യുടെ സഹായം തേടി. പ്രൊഫ. ആര്‍. വി. ജി. മേനോന്‍ അദ്ധ്യക്ഷനായ ‘പാമ’ യിലെ ഗവേഷകരായ സത്യജിത്ത് ഇബ്ന്‍, ഡോ. ലിന്റോ ആലപ്പാട്ട്, ഡോ. പി.ജെ. ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷണം അന്തിമ ഘട്ടത്തിലാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പുരാരേഖകളില്‍ നിന്ന് കണ്ടെത്തലുകള്‍ക്ക് തെളിവു സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.