മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു ആർച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

പത്തു വര്‍ഷമായിട്ടും പൂർണ്ണമായും നടപ്പാക്കാനാകാത്ത മൂലമ്പിള്ളി പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കത്ത് നൽകി. മൂലമ്പിള്ളി പദ്ധതിക്കുവേണ്ടി കുടിയിറക്കപെട്ടവരുടെ ദുരിതങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം പ്രശ്നത്തിന് ഉടനെ പരിഹാരം കാണാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
കത്തിന്റെ പ്രസക്ത ഭാഗങ്ങൾ :
1. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെഒരാള്‍ക്കുവീതം പദ്ധതിയില്‍ തൊഴില്‍ നല്കാമെന്ന ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല.
2. കാക്കനാടു വില്ലേജില്‍ (കരുണാകരപിള്ള റോഡ്) പുനരധിവാസഭൂമിയില്‍ 56 കുടുംബങ്ങള്‍ക്ക് 4 സെന്‍റ് ഭൂമിയുടെ പട്ടയം നല്കിയിട്ടുണ്ടെങ്കിലും മൂന്നേമുക്കാല്‍ സെന്‍റ് വീതമാണ് നല്കിയിട്ടുള്ളത്.  ചതുപ്പും, വെള്ളക്കെട്ടും നിറഞ്ഞ ഈ പ്രദേശത്ത് പണിത രണ്ടുവീടുകള്‍ക്കും ചരിവും വിള്ളലും സംഭവിച്ചിട്ടുണ്ട്.   സ്ഥലം വാസയോഗ്യമാക്കിത്തരണം.
3. വാഴക്കാല വില്ലേജില്‍ തുതിയൂര്‍ ഇന്ദിരാനഗറില്‍ 113 പ്ലോട്ടുകള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അളന്നു തിരിച്ചെങ്കിലും സ്കെച്ച് തയ്യാറാക്കാത്തതിനാല്‍ ഉടമകള്‍ക്ക് സ്ഥലം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്.  ഈ പ്രദേശങ്ങളും വാസയോഗ്യമല്ലെന്ന് പിഡബ്ല്യൂഡി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
4.  സിആര്‍ഇസഡ് പരിധിയില്‍ വരുന്ന കടമക്കുടി, മുളവുകാട് പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണഅനുമതികള്‍നിഷേധിക്കപ്പെട്ടത് മാറ്റിത്തരണം.
5.  6/6/2011-ല്‍ ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാനപ്രകാരം ഡിഎല്‍പിസി ഓപ്റ്റ് ചെയ്ത ഏതാനും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക പൊന്നും വില മാത്രമാണ് നല്കിയത്.  ഇത് പരിഹരിക്കണം.
6. മുടങ്ങിക്കിടക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി വിളിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഒരു മുഴുവന്‍ സമയ നോഡല്‍ ഓഫീസറെ നിയമിക്കുകയും ചെയ്യണം.