സന്ന്യസ്ത സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു

കെസിബിസിയുടെയും കേരള കത്തോലിക്കാ സമര്‍പ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍  സന്ന്യസ്ത സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു. സംഗമം ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.
സന്യാസത്തിലെയും സഭയിലെയും സഹനകാലങ്ങള്‍ കടന്നുപോകുമെന്നും എല്ലാവരും ഒരുപോലെ ശോഭിക്കുന്ന നല്ല നാളെ രൂപപ്പെടുമെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. ഏതാനും ഇടങ്ങളിലും ചില വ്യക്തികളിലും മാത്രമാണ് അപചയം എന്നു പറഞ്ഞു നിസാരവത്കരണം നടത്താതെ പൂര്‍ണമായും ശരിയാകാനാണ് നാം പരിശ്രമിക്കേണ്ടത്. എന്തെല്ലാം വെല്ലുവിളികള്‍ ഉണ്ടായാലും നന്മ ചെയ്യുന്നതില്‍നിന്നു നാം ഒരിക്കലും പിന്മാറരുത്. ഏതാനും പേരുടെ അപഭ്രംശങ്ങളുടെ പേരില്‍ സന്ന്യസ്ത സമൂഹത്തെയാകെ അവഹേളിക്കുന്നവരുണ്ട്. ചില മാധ്യമങ്ങളും അക്കൂട്ടത്തിലുണ്ട്. ആരെല്ലാം അവഹേളിച്ചാലും ശക്തമായി മുന്നോട്ടുപോകാന്‍ സന്ന്യസ്ത സമൂഹത്തിനൊപ്പം സഭയാകെ ഉണ്ടാകും. സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മികശക്തിയാണു സന്ന്യാസവും സന്ന്യസ്തരുമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. സന്ന്യാസത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എതിര്‍പ്പുകളിലും വെല്ലുവിളികളിലും തളരുന്നവളല്ല സഭ. ചരിത്രത്തില്‍ പല ഘട്ടങ്ങളിലും ഈ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. കേരള സമൂഹത്തിന്റെ ധാര്‍മിക, മൂല്യാധിഷ്ഠിത വളര്‍ച്ചയില്‍ സന്ന്യസ്തര്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാവുന്നതല്ല. തങ്ങളുടെ ഭൗതികമായ സന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരാണു സന്ന്യസ്തര്‍. എവിടെയെല്ലാം സന്ന്യസ്തരുണ്ടോ അവിടെയെല്ലാം നിസ്വാര്‍ഥമായ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുഭവങ്ങള്‍ സ്വന്തമാക്കാന്‍ സമൂഹത്തിനു സാധിക്കുന്നു. കൂട്ടായ്മയുടെ കരുത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ നമുക്കു സാധിക്കും. പ്രകോപനങ്ങളുണ്ടാകുമ്പോള്‍ ഉള്ളിലെ വെളിച്ചം കൂടുതല്‍ ഉജ്വലമായി പ്രകാശിപ്പിക്കുകയാണു നാം ചെയ്യേണ്ടതെന്നും ജസ്റ്റിസ് എബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.
സഭയില്‍ നിന്നു പുറത്തുപോകുന്നവര്‍ പറയുന്നതിലല്ല, ക്രിസ്തീയമായ ആനന്ദത്തോടെ അകത്തുകഴിയുന്നവര്‍ പറയുന്നതാണു സന്ന്യാസമെന്നു മുഖ്യപ്രഭാഷണം നടത്തിയ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. സന്ന്യാസത്തെ സംരക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ആവശ്യമില്ല. സംരക്ഷണം സഭയ്ക്കു സാധിക്കും. സഭയില്‍നിന്നു പുറത്തുപോകുന്നവരെ മറയാക്കി സഭയെ അവഹേളിക്കുന്നവരെ തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും സാധിക്കണം. വലിയവരാകാനല്ല ചെറുതാകാന്‍ ശ്രമിക്കുന്നവരാണു സന്ന്യസ്തര്‍. വലിയവരെ നോക്കാനല്ല, ചെറിയവരെ പരിചരിക്കുന്നവരാണ് അവര്‍. ഇതാണ് സന്ന്യാസത്തിന്റെ സൗരഭ്യം. ഈ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ അന്ധമായി വിമര്‍ശിക്കുന്നവരെ തിരിച്ചറിയണം. സന്ന്യസ്തരുടെ അച്ചടക്കത്തെ അടിമത്തമെന്നു വിളിക്കരുത്. വിശ്വാസവും വിശ്വസ്തതയും ഇല്ലാത്തവര്‍ക്കു സമര്‍പ്പിതജീവിതം അസാധ്യമാണെന്നും ഫാ. ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.
ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സിസ്റ്റര്‍ ഡോ. ജയ സിടിസി, ഡോ. കൊച്ചുറാണി ജോസഫ്, സിസ്റ്റര്‍ ഡോ. വിനീത സിഎംസി, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ്, സിസ്റ്റര്‍ ഡോ. നോബിള്‍ തെരേസ് ഡിഎം, സിറിയക് ചാഴിക്കാടന്‍, റോസ് മരിയ, മരിയ ജെസ്‌നീല മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളിലെ സന്ന്യാസ സമൂഹങ്ങളില്‍നിന്ന് മൂവായിരത്തോളം സന്ന്യസ്തരും വൈദിക, അല്മായ പ്രതിനിധികളും പങ്കെടുത്തു.