മറിയം ത്രേസ്യ വിശുദ്ധപദം ചൂടി

കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന സമൂഹബലിയര്‍പ്പണത്തിന് ആമുഖമായി ഫ്രാന്‍സിസ് പാപ്പാ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി. ഇംഗ്ലണ്ടിലെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ബ്രസീലിലെ പാവങ്ങളുടെ അമ്മ സിസ്റ്റര്‍ ദൂള്‍ചെ ലൊപെസ് പോന്തെസ്, ഇറ്റലിക്കാരി രോഗീപരിചാരികയായ സിസ്റ്റര്‍ ജുസെപ്പീന വന്നീനി, സ്വിറ്റ്‌സര്‍ലന്‍ഡുകാരി മാര്‍ഗ്രറ്റ് മെയ്‌സ് എന്നിങ്ങനെ ആഗോള സഭയിലെ മറ്റു നാലു വാഴ്ത്തപ്പെട്ടവരെയും പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുകയുണ്ടായി.