വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 9 ന്. പന്തലിന്റെ കാല്‍നാട്ടു കര്‍മം നടത്തി

ഈ വര്‍ഷത്തെ വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 9 ന്. ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വല്ലാര്‍പാടം കാരുണ്യമാതാ ബസിലിക്കയിലെ മധ്യസ്ഥ തിരുനാളിനു മുന്നോടിയായി സെപ്റ്റംബര്‍ എട്ടിന് വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വാര്‍ഷിക തീര്‍ത്ഥാടനത്തിനായുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ നിര്‍വഹിച്ചു.
അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ബസിലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ തലക്കെട്ടി, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, കെഎല്‍സിഎ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോള്‍, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി,  ഫാ. ജിബിൻ കൈമലത്ത്, ഫാ. ഡിനോയ് റിബേര, സി. ക്രിസ്റ്റീന, ഫാ. ഷൈൻ കാട്ടുപറമ്പിൽ, ഫാ. ലെനീഷ് മനക്കിൽ, ജസ്റ്റിൻ കരിപ്പാട്ട്, പി. എം. ബെഞ്ചമിൻ, വി. എ. ജെറോം, റോയ് പാളയത്തിൽ, റോയ്  ഡിക്കൂഞ്ഞ എന്നിവരും വിവിധ സംഘാടക സമിതികളുടെയും അതിരൂപതാ ശുശ്രൂഷാ സമിതിയുടെയും അല്മായ സംഘടനകളുടെയും നേതാക്കളും പങ്കെടുത്തു.
ബസിലിക്കാ അങ്കണത്തിലെ റോസറി പാര്‍ക്കിലാണ് മേഖലയിലെ ഏറ്റവും ബൃഹത്തായ തീര്‍ത്ഥാടനത്തിനും അഞ്ചു ദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷനും വല്ലാര്‍പാടത്തമ്മയുടെ മധ്യസ്ഥ തിരുനാള്‍ ആഘോഷത്തിനുമായി 40,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തല്‍ ഒരുക്കുന്നത്.  സെപ്റ്റംബര്‍ 9 ന് അതിരൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള വിശ്വാസിഗണം വൈദികര്‍ക്കും സന്ന്യസ്തര്‍ക്കുമൊപ്പം അതിരൂപതയുടെ ഭദ്രാസന ദേവാലയമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍, പടിഞ്ഞാറന്‍ മേഖലയിലെ വൈപ്പിനില്‍ ഗോശ്രീ കവല എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് വിശ്വാസചൈതന്യത്തിന്റെ ദീപശിഖകളുമായി വിമോചകനാഥയായ വല്ലാര്‍പാടത്തമ്മയുടെ സവിധത്തിലേക്ക് ഭക്തിപ്രകര്‍ഷത്തിന്റെ കൃപാധാരകള്‍ തീര്‍ത്ത് സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം 4.30ന് വല്ലാര്‍പാടത്ത് എത്തിച്ചേരും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്ന്യസ്തരും സഹകാര്‍മികരായിരിക്കും.
കാരുണ്യമാതാവിന്റെ സവിധത്തിലേക്ക് അതിരൂപതയിലെ വിശ്വാസിഗണം ഒത്തൊരുമിച്ച് നടത്തുന്ന തീര്‍ത്ഥാടനം കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നടത്താനായില്ല. ഇക്കുറി കൂടുതല്‍ ജനപങ്കാളിത്തത്തോടെ വിപുലമായ തോതിലാണ് തീര്‍ഥാടനവും അഞ്ചു ദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നതെന്ന് ബസിലിക്ക റെക്ടര്‍ ഫാ. മൈക്കില്‍ തലക്കെട്ടി പറഞ്ഞു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നിന്ന് മൂന്നിനും വൈപ്പിനിലെ ഗോശ്രീ കവലയില്‍ നിന്ന് നാലിനും പുറപ്പെടുന്ന പദയാത്രകള്‍ വല്ലാര്‍പാടം ബസിലിക്കാ റോഡില്‍ ഒത്തുചേര്‍ന്ന് ബസിലിക്കാ അങ്കണത്തിലെ റോസറി പാര്‍ക്കിലേക്കു നീങ്ങും. വല്ലാര്‍പാടം തിരുനാളിന് മുന്നോടിയായി ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒത്തുകൂടുന്ന ബൃഹദ് തീര്‍ത്ഥാടനമാണിതെന്ന് ഫാ. തലക്കെട്ടി പറഞ്ഞു.
വയനാട്ടിലെ മക്കിയാട് ബെനഡിക്‌റ്റൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജോയ് ചെമ്പകശേരി നയിക്കുന്ന അഞ്ചുദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒന്‍പതാം തീയതി രാവിലെ 9.30ന് ആരംഭിക്കും. അതിരൂപതയിലെ ബിസിസി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ 15ന് വല്ലാര്‍പാടത്ത് സംഘടിപ്പിക്കുന്ന സിംഫോണിയ സമ്മേളനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം കുടുംബ യൂണിറ്റ് യോഗങ്ങളില്‍ മുടങ്ങാതെ പങ്കെടുത്ത 1150 മാതൃകാ ദമ്പതിമാരെ ആദരിക്കും. 16ന് കൊടിയേറുന്ന ബസിലിക്കയിലെ മധ്യസ്ഥ തിരുനാള്‍ 24ന് സമാപിക്കും. ഒക്‌ടോബര്‍ ഒന്നിനാണ് എട്ടാമിടം. വല്ലാര്‍പാടത്തമ്മയുടെ മഹാകാരുണ്യത്തിന്റെ മാധ്യസ്ഥ്യം യാചിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അടിമനേര്‍ച്ചയ്ക്കായ പതിനായിരങ്ങള്‍ ഈ തിരുനടയില്‍ വന്നണയുന്നു.