എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു

പ്രകൃതിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യവുമായി വര്‍ഷന്തോറും ലൂര്‍ദ് ആശുപത്രി നടത്തിവരുന്ന ‘ഹരിത ലൂര്‍ദ്’ പദ്ധതിയുടെ ഭാഗമായി വിവിധതരം വൃക്ഷങ്ങളുടെ വിത്തുകള്‍ അടങ്ങിയ പ്രകൃതി സൗഹൃദ പേപ്പര്‍ ബാഗുകളില്‍ രോഗികള്‍ക്ക് മരുന്നുകള്‍ നല്കി ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണം ലൂര്‍ദ് ആശുപത്രി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസെര്‍ച്ച് ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു.
ഉപയോഗശേഷം വലിച്ചെറിയുന്ന വിത്തുകള്‍ അടങ്ങിയ ഈ പേപ്പര്‍ ബാഗുകള്‍ ഒരു മരമായി വരുംതലമുറയ്ക്ക് തണലേകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഭൂമിയുടെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ നമുക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ഈ ഭൂമി വരുംതലമുറകള്‍ക്ക് കൈമാറാനുളള ചുമതല നാമോരോരുത്തര്‍ക്കും ഉണ്ടെന്ന്’പരിസ്ഥിതി ദിനാചരണ ചടങ്ങില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പ്രകൃതി സൗഹൃദ അന്തരീക്ഷം ഓപ്പറേഷന്‍ തീയറ്ററുകളില്‍ നിലനിര്‍ത്തുന്നതിനുളള ‘ഗ്രീന്‍ ഓ.റ്റി അന്തര്‍ദേശീയ അംഗീകാരവും, കെ. എസ്.ഇ.ബിയുടെ ഗ്രീന്‍ ഇനിഷ്യേറ്റീവ്’ പുരസ്‌കാരവും ലൂര്‍ദ് ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനം, സോളാര്‍ പാനല്‍, മാലിന്യ സംസ്‌കരണ പദ്ധതി തുടങ്ങി നിരവധി പ്രകൃതി സൗഹൃദ സംവിധാനങ്ങള്‍ ലൂര്‍ദ് ആശുപത്രി മികവോടെ പാലിക്കുന്നുണ്ട്.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പോള്‍ പുത്തൂരാന്‍, പ്രൊമോഷന്‍സ് മാനേജര്‍ നവിത ലിജിത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അസ്സോസിയേറ്റ് ഡയറക്ടര്‍ ഫാ. മേരിദാസ് കോച്ചേരി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ സോണി കളത്തില്‍, നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സെരിറ്റ ഫിലിപ്പ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.