ഗോവയിൽ നടന്ന ദേശീയ നൈപുണ്യ മത്സരത്തിൽ കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

നിമിഷങ്ങൾക്കകം ഏതു സൈക്കിളും ഇലക്ട്രിക് സൈക്കിളാക്കി മാറ്റുന്ന വിദ്യയുമായി തുഷാറും ജെർഫിനും. സമയാധിഷ്ഠിതവും ഉയർന്ന കായികശേഷിയും വേണ്ട മത്സരത്തിൽ തങ്ങൾ പിന്നിലല്ലെന്ന് തെളിയിച്ചു ദിവ്യയും ടിഷാനയും. ഇവരുൾപ്പെടെയുള്ള ഒമ്പതംഗ സംഘം ഗോവയിൽ നടന്ന ദേശീയ നൈപുണ്യ മത്സരത്തിൽ കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കൊടുത്തു.
വാഹന സംബന്ധിയായ ഏതു വെല്ലുവിളിയും നേരിട്ടു പരിഹരിക്കുന്നതിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് ഇവർ നൈപുണ്യ മത്സരത്തിൽ തെളിയിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ലിറ്റിൽ ഫ്ലവറിലെ മിടുക്കർ ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞവർഷം കൊൽക്കത്തയിലാണ് ആദ്യം ലിറ്റിൽ ഫ്ലവർ വിജയക്കൊടി പാറിച്ചത്. അഴിച്ചു പണിയാനും ടയർ മാറ്റിയിടാനും തകരാർ കണ്ടുപിടിച്ചു പരിഹാരം കാണാനും തങ്ങൾ മുന്നിലാണെന്നു തെളിയിച്ചു ടിഷാന തമ്പിയും ദിവ്യ തോമസും മത്സരത്തിനെത്തിയവരുടെ കയ്യടി നേടി. 30 ടീമുകളെ പിന്തള്ളി മികച്ച സമയം കുറിച്ച് ഇവർ ഒന്നാം സ്ഥാനം നേടി. സാധാരണ സൈക്കിളിനെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് സൈക്കിളാക്കി മാറ്റുന്ന കിറ്റ് നിർമിച്ചാണ് തുഷാർ സത്യജിത്തും ജെർഫിൻ ജേക്കബും പ്രൊജക്ട് എക്സ്പോയിലെ താരങ്ങളായത്. 20,000 രൂപയുടെ കിറ്റാണ് ഇവർ തയ്യാറാക്കിയത്. വ്യവസായ അടിസ്ഥാനത്തിലാവുമ്പോൾ 8,000 രൂപ മാത്രമേ വേണ്ടിവരികയുള്ളൂവെന്ന് ഇവർ വ്യക്തമാക്കി.
സർവീസ് പോയിൻറ്, ഓട്ടോ സർവീസ്, ഓട്ടോ ഡോക്ടർ തുടങ്ങി വാഹനവും അതിലെ ഭാഗങ്ങളുമായും ബന്ധപ്പെട്ട എല്ലാ ഇനങ്ങളിലും കൃത്യതയിലും സമയനിഷ്ഠയിലും ഗുണമേന്മ പരിരക്ഷിക്കുന്നതിലും മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെകാൾ മുൻപന്തിയിലായിരുന്നു ഇമ്മാനുവൽ ജൂഡിനൻെറയും പിഎൻ മുഹമ്മദിൻെറയും പ്രകടനം ലിറ്റിൽ ഫ്ലവറിനെ പ്രതിനിധീകരിച്ചു. തുഷാർ സത്യജിത്, പി. എൻ. മുഹമ്മദ്, ഇമ്മാനുവൽ ജൂഡ്, ജെർഫിൻ ജേക്കബ്, ടിഷാന തമ്പി, ദിവ്യ തോമസ്, ട്രെയിനർ മാരായ ജേക്കബ് ജെവിൻ, ജിനേഷ് വിനയചന്ദ്രൻ, നിൻെറാ ആൻറണി എന്നിവരടങ്ങിയ 9 അംഗ ടീമാണ് പങ്കെടുത്തത്. 40 ടീമുകളിൽ നിന്നായി 140 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ടാറ്റയും ഐടിഐകളുടെ ദേശീയ സംഘടനയായ സ്കിപും ചേർന്നാണ് ഓട്ടോ സ്കിൽ ഫെസ്റ്റ് നടത്തുന്നത്. 2014 മുതൽ ടാറ്റയും ലിറ്റിൽ ഫ്ലവറും ചേർന്നു സംയോജിത കോഴ്സുകൾ നടത്തുന്നുണ്ട്. പ്രായോഗിക പരിശീലനത്തിനും ലിറ്റിൽ ഫ്ലവർ ഊന്നൽ നൽകുന്നുവെന്ന് ഡയറക്ടർ ഫാ. ജോബി ആശീതുപറമ്പിൽ പറഞ്ഞു.