യുവജനങ്ങൾ നന്മയുടെ ആൾരൂപങ്ങളാകണം : ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

യുവജനങ്ങൾ സമൂഹത്തിൽ നന്മയുടെ ആൾരൂപങ്ങളാകണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപതയുടെ യുവജന വർഷ സമാപനത്തോടനുബന്ധിച്ച് യൂത്ത് കമ്മീഷൻെറ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന യുവജനസംഗമം – റെജോവിനേററ് – ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ നീതി നിഷേധിക്കപ്പെട്ടവർ, പാർശ്വവത്കരിക്കപ്പെട്ടവർ, അടിച്ചമർത്തപ്പെട്ടവർ എന്നിവർക്കെല്ലാം ഇടപെടാൻ യുവജനങ്ങൾക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് യുവജനങ്ങൾ സമൂഹത്തിനു നൽകിയ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജോൺ ക്രിസ്റ്റഫർ വടശേരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ നടൻ ബിബിൻ ജോർജ് മുഖ്യാതിഥിയായിരുന്നു.
വർണ്ണാഭമായ ബൈക്ക് റാലിയോടെയാണ് സംഗമത്തിനു തുടക്കം കുറിച്ചത്. സംഗമത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ ആർച്ച് ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. വിബിൻ ചൂതംപറമ്പിൽ വചനസന്ദേശം നൽകി. യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഇടവകകളിൽനിന്നായി ആയിരത്തിൽപ്പരം യുവജനങ്ങൾ പങ്കെടുത്തു.