ചാത്യാത്ത് മൗണ്ട് കാർമൽ ഇടവക മുൻ വികാരി ധന്യൻ ഫാ.ജോൺ വിൻസന്റിന്റെ 76-മത് ചരമ വാര്‍ഷികം ആചരിച്ചു

ചാത്യാത്ത് മൗണ്ട് കാർമൽ ഇടവക മുൻ വികാരി ധന്യൻ ഫാ.ജോൺ വിൻസന്റിന്റെ 76-മത് ചരമ വാർഷികാനുസ്മരണ ദിവ്യബലിയും ധന്യപദവിയുടെ സ്മാരകശിലാഫലക അനാഛാദനവും ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.
 

വിദേശത്തു നിന്നും ഉപനിഷത്തുകളുടെ നാട്ടിലെത്തി പ്രേഷിത ചൈതന്യത്തിന്റെ വിശുദ്ധ പരിമളം ചാർത്തിയ ഇടയശ്രേഷ്ഠനാണ് ഈ കർമലീത്താ മിഷണറി. സ്പെയിനിലെ സമ്പന്ന കുടുംബത്തിലാണ് ഭൂജാതനായതെങ്കിലും ക്ഷണികങ്ങളായ സുഖസന്തോഷാധികളെ പരിത്യജിക്കാനും അനശ്വരമായ ജീവിതം നയിക്കാനും വ്യഗ്രത പൂണ്ട ഈ പുണ്യപുരുഷൻ സന്യാസത്തിന്റെ മേലങ്കിയണിഞ്ഞ് ഉപവിയുടെ ആൾരൂപമായിത്തീർന്നു. പാരമ്പര്യങ്ങളും ആചാരനുഷ്ഠാനങ്ങളും കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിലാണ് വിൻസൻറ് മൂപ്പച്ചൻ മത സൗഹാർദ്ദത്തിന്റെ വട്ടമേശയൊരുക്കിയത്.  നീട്ടി വളർത്തിയ ദീക്ഷയ്ക്കുള്ളിലെ പുഞ്ചിരിക്കുന്ന മുഖവും സാന്ത്വന വചസ്സുകളും കടന്നു പോയ വിൻസന്റ് മൂപ്പച്ചന്റെ ഓർമകളെ നിത്യഹരിതമാക്കുകയാണ്.
പത്തൊൻപതാം ശതകത്തിന്റെ രണ്ടാം പകുതിയിൽ ഉദിച്ച് ഇരുപതാം ശതകത്തിന്റെ ആദ്യ പകുതിയിൽ അസ്തമിച്ച ഫാ.ജോൺ വിൻസൻറ് 1862 ജൂലൈ 19ന്സ്പെയിനിൽ ഡോൺ ഫ്രാൻസിസ്ക്കോ – ഡോണാഡൊമിനിക്കപെട്രാ ദമ്പതിമാരുടെ മകനായാണ് ജനനം. ചാൾസ് അഞ്ചാമൻ രാജാവിന്റെ സൈന്യത്തിലെ ലഫ്റ്റനന്റ് കേണലായിരുന്ന പിതാവിന് മകനെ ഒരു സൈന്യാധിപനാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ, മകൻ തിരഞ്ഞെടുത്തത് കർമല സൈന്യത്തിലെ ഭടനാകാനാണ്. 1878 ഡിസംബർ പത്തിന് ജോൺ വിൻസന്റ് കർമ ലീത്താ സഭയിൽ ചേർന്നു വൈദിക പരിശീലനമാരംഭിച്ചു. പൗരോഹിത്യ സ്വീകരണാനന്തരം സ്പെയിനിലെ നവാ റെപ്രോവിൻസിൽ നിന്നും മിഷണറിയായി ഭാരതത്തിലെത്തി സേവനമാരംഭിച്ചു.
വരാപ്പുഴ ദ്വീപിലെ ആത്മീയ സന്നിധാനത്തിലായിരുന്നു കേരളത്തിലെ ആദ്യ കർമമേഖല. നാലു വർഷക്കാലം അവിടെ സേവനമനുഷ്ഠിച്ച വിൻസൻറച്ചൻ 1911 ജനുവരി 16ന് ചാത്യാത്ത് ഇടവക വികാരിയായി നിയമിതനായി. ഈ ഇടവകയിലെ അജപാലന ശുശ്രൂഷ സുദീർഘമല്ലായിരുന്നെങ്കിലും ചുരുങ്ങിയ ഒന്നര വർഷക്കാലം സംഭവബഹുലമായിരുന്നു. ഒരു നൂറ്റാണ്ടിന്റെ സ്മരണകൾ സമ്മാനിച്ചുകൊണ്ടാണ് ഈ ഇടയശ്രേഷ്ഠൻ വിടവാങ്ങിയത്.സെൻറ് ആൽബർട്സ് വിദ്യഭ്യാസ സമുച്ചയങ്ങളുടെ ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം മൂന്നു വർഷം അവിടെയും സേവനമനുഷ്ഠിച്ചു.തുടർന്ന് മാത്യ രാജ്യത്തേക്ക് മടങ്ങിപ്പോയി. യേശുവിന്റെ സദ് വാർത്താവാഹകനും മരിയൻ സൈന്യാധിപനുമായി 80 വർഷവും 7 മാസവും ഈ ഭൂമിയിൽ ജീവിച്ച ഈ സന്യാസ വര്യൻ 1943 ഫെബ്രുവരി 27ന് സ്വർഗീയ ഗേഹത്തിലേക്ക് യാത്രയായി.സ്പെയിനിലെ സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ അടക്കം ചെയ്ത ഈ പുണ്യപുരുഷനിലൂടെ ദൈവം അത്ഭുതങ്ങൾ വർഷിക്കാൻ തുടങ്ങിയപ്പോൾ 1978ൽ വി.ജോൺ പോൾ രണ്ടാമ്മൻ പാപ്പ വിൻസൻറച്ച നെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. അനുഗ്രഹങ്ങൾ വരമാരിയായി പെയ്തിറങ്ങാൻ തുടങ്ങിയതോടെ 1996 ൽ പരിശുദ്ധ പിതാവ്’ കുയൂസ് ലിബത്ത് ഇൻസ് തുത്തൂത്തി സൊദാലസ്’ എന്ന ഡി ക്രിവഴി ഈ ദൈവദാസനെ ധന്യ പദവിക്കർഹനാക്കി.