യുവസംരംഭകര്‍ക്ക് പ്രതീക്ഷയേകി ഐസാറ്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്‌ തുടക്കമായി

സാങ്കേതികവിദ്യയുടെ സഹായത്തോടെ യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ്. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് അവരുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്ന് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. കളമശേരിയിലെ ഐസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതുതായി ആരംഭിച്ച ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.  വിദ്യാര്‍ഥികള്‍ പഠനത്തോടപ്പം മികച്ച സംരംഭകരാകാനുള്ള സഹചര്യമാണ് ഐസാറ്റില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയുടെ സഹായത്തോടെ യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയും പരിചയ സമ്പന്നരുടെ സേവനം ലഭ്യമാക്കുകയുമാണ് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യൂബേഷന്‍ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം തൊഴില്‍ദാതാക്കാളായി സംരംഭകരെ മാറ്റുകയാണ് സെന്റര്‍ ലക്ഷ്യമിടുന്നതെന്ന് ഐസാറ്റ് ഐഇഡിസി നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് പ്രൊഫ. നോബിന്‍ പോള്‍ വ്യക്തമാക്കി. കെഎസ്‌ഐഡിസി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഐസാറ്റ് മാനേജര്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, അസോസിയേറ്റ് മാനേജര്‍ ഫാ. ജോസഫ് രാജന്‍ കിഴവന, പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് കുര്യന്‍, ഡയറക്ടര്‍ ഡോ. ബാബു ടി. ജോസ്, അസിസ്റ്റന്റ് പ്രൊഫ. നോബിന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.