ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം: പ്രാരംഭ അന്വേഷണത്തിന് തുടക്കം കുറിച്ചു

ഭാഗ്യസ്മരണാര്‍ഹനായ വരാപ്പുഴ അതിരൂപത പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ 49-ാം ചരമവാര്‍ഷികദിനമായ 2019 ജനുവരി 21-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30ന് എറണാകുളം സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍വച്ച് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട അനുസ്മരണാദിവ്യബലിയോടെ നാമകരണ നടപടികളുടെ അതിരൂപതാതല പ്രാഥമിക അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിന് തുടക്കം കുറിച്ചു. മോണ്‍. ജോസഫ് എട്ടുരുത്തില്‍ ദിവ്യബലിമധ്യേ അനുസ്മരണ സന്ദേശം നല്‍കി.
ജോസഫ് അട്ടിപ്പേറ്റി പിതാവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, രേഖകളും ശേഖരിച്ച് ചരിത്രപരമായ ഗവേഷണപഠനങ്ങള്‍ നടത്തി, അതിന്റെ സമ്പൂര്‍ണ്ണമായ റിപ്പോര്‍ട്ടും, ഈ പഠനങ്ങളെ ആസ്പദമാക്കിയുള്ള ചരിത്രപരമായ നിഗമനങ്ങളും, കണ്ടുപിടുത്തങ്ങളും ആധികാരികമായും ഔദ്യോഗികമായും സമര്‍പ്പിക്കുന്നതിന് ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍ രൂപികരിച്ചുകൊണ്ടുള്ള അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്തയുടെ കല്‍പന വികാരി ജനറല്‍ വെരി റവ. മോണ്‍. മാത്യു കല്ലിങ്കല്‍ ലത്തീന്‍ഭാഷയിലും ചാന്‍സലര്‍ വെരി റവ. ഫാ. എബിഞ്ചിന്‍ അറക്കല്‍ മലയാളത്തിലും വായിച്ചു. ഈ കമ്മീഷന്റെ പ്രസിഡന്റായി റവ. ഫാദര്‍ അഗസ്റ്റിന്‍ ലൈജു കണ്ടനാട്ടുതറയേയും, മറ്റ് അംഗങ്ങളായി റവ. ഫാദര്‍ ഫ്രാന്‍സിസ് മരോട്ടിക്കാപ്പറമ്പിലിനെയും, കോട്ടപ്പുറം രൂപതയിലെ റവ. ഫാദര്‍ ജോസഫ് തട്ടകത്തിനെയും പോസ്റ്റുലേറ്റര്‍ ആയി ഫാദര്‍ ആന്‍ഡ്രൂസ് അലക്‌സാണ്ടര്‍ ഛഎങ ഇമു. നെയും, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിയോഗിച്ചു.
1894 ജൂണ്‍ 25-ാം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ അട്ടിപ്പേറ്റി തറവാട്ടില്‍ മാത്യുവിന്റേയും റോസയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായിട്ടാണ് ജോസഫ് അട്ടിപ്പേറ്റി പിതാവ് ഭൂജാതനായത്. ഓച്ചന്തുരുത്ത് സ്‌കൂള്‍മുറ്റം സെന്റ് മേരീസ് സ്‌കൂളില്‍ പ്രാഥമീക വിദ്യാഭ്യാസം നടത്തിയ ജോസഫ് പിന്നീട് എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌ക്കൂളിലും തൃശ്ശിനാപ്പിള്ളിയില്‍ സെന്റ് ജോസഫ്‌സ് കോളേജിലും പഠിച്ചു.  ഈ കോളേജ് വിദ്യാഭ്യാസത്തിനുശേഷമാണ് യുവാവായ ജോസഫ് വരാപ്പുഴ അതിരൂപത സെമിനാരിയില്‍ ചേര്‍ന്നത്. സെമിനാരിയിലെ ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഉടനെ തന്നെ മേജര്‍ സെമിനാരി പഠനം റോമില്‍ നടത്തുവാന്‍ ബ്രദര്‍ ജോസഫിന് ഭാഗ്യം ലഭിച്ചു.  റോമില്‍ നിന്നും തത്വശാസ്ത്രത്തില്‍ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തില്‍ ബി.ഡി.യും കരസ്ഥമാക്കിയശേഷം കര്‍ദ്ദിനാള്‍ മോസ്റ്റ് റവ. ഡോ. പോംഫിലി 1926 ഡിസംബര്‍ 18-ാം തീയതി വൈദികപട്ടം സ്വീകരിച്ചു.
1932 നവംബര്‍ 29-ാം തീയതി വരാപ്പുഴ അതിരൂപതയുടെ കോ-അജ്യൂത്തോര്‍ ആര്‍ച്ച്ബിഷപ്പായി വെരി റവ. ഫാദര്‍ ജോസഫ് അട്ടിപ്പേറ്റി നിയമിതനായപ്പോള്‍ അത് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയിലെ തന്നെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തായായിട്ടുള്ള നിയമനമായിരുന്നു. 1933 ജൂണ്‍ 11-ാം തീയതി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിനെ വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായി റോമില്‍ വച്ച് പതിനൊന്നാം പീയൂസ് പാപ്പായാണ് മറ്റ് നാല് മെത്രാന്മാരോടൊപ്പം അഭിഷേകം ചെയ്തത്. 1934 ഡിസംബര്‍ 21-ാം തീയതി വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് സ്ഥാനം ഏറ്റെടുത്തു.
കോട്ടപ്പുറം രൂപത ഉള്‍പ്പെട്ടിരുന്ന അന്നത്തെ അതിവിശാലമായ വരാപ്പുഴ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിച്ചുകൊണ്ട് അചിന്തനീയമായ രീതിയില്‍ അതിരൂപതയുടെ ഐക്യവും കെട്ടുറപ്പും അട്ടിപ്പേറ്റി പിതാവ് പതിന്മടങ്ങു വര്‍ധിപ്പിച്ചു എന്ന സത്യം അഭിവന്ദ്യ പിതാവിന്റെ ശുശ്രൂഷയെ അസാധാരണമാക്കുന്നു.
അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് മുന്‍കൈയെടുത്ത് തന്റെ സുഹൃത്ബന്ധത്തിന്റെ സ്വാധീനം ഉപയോഗിച്ചതിലൂടെയാണ് ഇന്നത്തെ എറണാകുളം ഷണ്‍മുഖം റോഡ് ഒരു യാഥാര്‍ത്ഥ്യമായി തീര്‍ന്നത് എന്ന സത്യം നാം എന്നും ഓര്‍ക്കണം.വിദ്യാഭ്യാസത്തെക്കുറിച്ച്, പ്രത്യേകിച്ച് സമുദായവിദ്യാഭ്യാസത്തെക്കുറിച്ച് അഭിവന്ദ്യ പിതാവിന് വളരെ വ്യക്തമായ വീക്ഷണം ഉണ്ടായിരുന്നു. ഈ വീക്ഷണത്തിലൂന്നികൊണ്ടാണ് പിതാവ് തന്റെ വിവിധ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ മുമ്പോട്ടുകൊണ്ടു പോയത്.എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, കളമശ്ശേരിയിലെ സെന്റ് പോള്‍സ് കോളേജ്, ലിറ്റില്‍ ഫ്‌ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും, ലൂര്‍ദ് ആശുപത്രിയും സ്ഥാപിതമായത് അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ കാലത്താണ്.
വരാപ്പുഴ മെത്രാപ്പോലീത്ത ആയതിനുശേഷമുള്ള നീണ്ട മുപ്പത്തിയേഴു വര്‍ഷത്തെ അത്യുജ്വലങ്ങളായ സേവനങ്ങളിലൂടെ അന്ന് കോട്ടപ്പുറം രൂപത ഉള്‍പ്പെട്ടിരുന്ന വരാപ്പുഴ അതിരൂപതയുടെ നൂതന ശില്പി ആണെന്നുള്ള അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ കീര്‍ത്തി ഇന്ത്യയിലും പുറത്തും പരന്നു. ആദ്ധ്യാത്മികതക്ക് തീര്‍ത്തും മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഒരു ഭരണമായിരുന്നു അഭിവന്ദ്യ പിതാവിന്റേത്. പിതാവിന്റെ ജീവിതം വിശുദ്ധി നിറഞ്ഞതായിരുന്നു.
തിരക്കേറിയ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും ദിവസവും മണിക്കൂറുകള്‍ കുര്‍ബാനയ്ക്കും, ദിവ്യകാരുണ്യ ആരാധനയ്ക്കും, ധ്യാനത്തിനും, വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും, ജപമാലചൊല്ലുന്നതിനുംവേണ്ടി പിതാവ് ചിലവഴിച്ചിരുന്നു. ഇതെല്ലാം പിതാവിന്റെ ആദ്ധ്യാത്മീക ജീവിതത്തിന്റെ നട്ടെല്ലായിരുന്നു. അഭിവന്ദ്യ പിതാവിന്റെ വളരെ ചിട്ടയായ പ്രാര്‍ത്ഥനാജീവിതം അസംഖ്യം പേര്‍ക്ക് അതിശക്തമായ പ്രചോദനമായിരുന്നു. മരിയഭക്തി പിതാവിന്റെ ആദ്ധ്യാത്മീകതയുടെ പ്രത്യേകം എടുത്തു പറയേണ്ട ഒരു സുപ്രധാനഭാഗം തന്നെയാണ്. എല്ലാ വെള്ളിയാഴ്ചകളിലും നോമ്പ്കാലങ്ങളിലെ ഞായറാഴ്ചകളില്‍ ഒഴികെയുള്ള എല്ലാ ദിവസവും അട്ടിപ്പേറ്റി പിതാവ് ഉപവാസം എടുക്കുമായിരുന്നു.
1970 ജനുവരിയില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ കോണ്‍ഫറന്‍സ് എറണാകുളത്തു നടന്നപ്പോള്‍ അഭിവന്ദ്യപിതാക്കന്മാര്‍ക്ക് വരാപ്പുഴ അതിരൂപതയില്‍ ജോസഫ് അട്ടിപ്പേറ്റി പിതാവ് ആതിഥ്യമരുളി. ആ ബിഷപ്‌സ് കോണ്‍ഫെറെന്‍സിന്റെ സമാപന ദിവസങ്ങളിലേക്ക് കടന്നുകൊണ്ടിരുന്നപ്പോഴാണ് അത്യന്തം ജോലിത്തിരക്കുകള്‍ക്കിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി പിതാവിന് പനി ബാധിക്കുന്നത്. 1970 ജനുവരി 21-ാം തീയതി രാത്രി 9.30ന് ദിവംഗതനായ പുണ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ നാമകരണത്തിന്റെ തുടര്‍നടപടികള്‍ റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ അനുമതിക്ക് വിധേയമായി സജീവമായി മുന്നോട്ടുപോകുമെന്ന് വരാപ്പുഴ അതിരൂപതാ കാര്യാലയത്തില്‍ നിന്നും അറിയിച്ചു.