മാടവനയുടെ സ്നേഹവീട് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ആശീർവദിച്ചു

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പിൽ ജോസഫിന് മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളി ഇടവകയിൽ നിന്നും നിർമ്മിച്ചു നൽകിയ മാടവനയുടെ സ്നേഹവീട് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ആശീർവദിച്ചു.  മാടവന വികാരി ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, കോതാട് വികാരി ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, സഹവികാരി ഫാ.പോൾ നിധിൻകുറ്റിശ്ശേരി, ഇ.എസ്.എസ്.എസ്.ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത് എന്നിവർ ആശിര്‍വ്വാദ കര്‍മ്മത്തില്‍ പങ്കെടുത്തു.
 നിർമ്മാണ ജോലികൾ മാടവന ഇടവകയിലെ തൊഴിലാളികൾ ശ്രമദാനമായിട്ടാണ് ചെയ്തത്. കുഞ്ഞുങ്ങളുടെ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയും തിരുനാൾ ആഘോഷങ്ങൾ ചുരുക്കിയും ഇടവകാംഗങ്ങളുടെ സംഭാവനയിലൂടെയുമാണ് നിർമ്മാണത്തുക സ്വരൂപിച്ചത്. ഏഴ് ലക്ഷം രൂപ ബഡ്ജറ്റിൽ തുടങ്ങിയ രണ്ട് ശയനമുറിയും സ്വീകരണമുറിയും അടുക്കളയും അടക്കം 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് ശ്രമദാന ജോലികളിലൂടെ ആറ് ലക്ഷം രൂപയിൽ പൂർത്തിയാക്കാൻ സാധിച്ചു.