എറണാകുളം ഹൗസ് ഓഫ് പ്രൊവിഡന്‍സില്‍ ക്രിസ്തുമസ് ആഘോഷിച്ചു

മുതിര്‍ന്ന പൗരന്മാരുടെ എറണാകുളം ഹൗസ് ഓഫ് പ്രൊവിഡന്‍സില്‍ ക്രിസ്തുമസ് ആഘോഷം ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ഉത്ഘാടനം ചെയ്തു. കേക്ക് മുറിച്ചു മധുരം പങ്കുവച്ചു. ക്രിസ്തുമസ് സ്‌നേഹത്തിന്റെ ആഘോഷമാണെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ആ സ്‌നേഹം സ്വീകരിച്ച് പങ്കുവച്ചു ജീവിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പുല്ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ജീവിത മാതൃക പിന്തുടര്‍ന്ന് എളിമയില്‍ വളരാനും കൊച്ചു കൊച്ചു നന്മകളിലൂടെ നമുക്ക് ചുറ്റുമുള്ള പാവപ്പെട്ട  വ്യക്തികള്‍ക്ക്‌ വിഷമമനുഭവിക്കുന്ന ആശ്വാസമായി മാറാനും നമുക്ക് സാധിക്കണം എന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. അന്തേവാസികള്‍ക്ക് പിതാവ് ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്കി. ഗായക സംഘം കരോള്‍ ഗാനാലാപനം നടത്തി. ഫാ. മാര്‍ട്ടിന്‍ അഴിക്കകത്, ഫാ.ലെനീഷ് ജോസ് മനക്കില്‍,  സി. വിമല വര്‍ക്കി എന്നിവര്‍ സന്നിഹിതരായിരുന്നു.