‘ജൂബിലി ദമ്പതി സംഗമം – 2018’ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ഉല്‍ഘാടനം ചെയ്തു

                      വരാപ്പുഴ അതിരൂപത ഫാമിലികമ്മീഷന്‍ ‘ജൂബിലി ദമ്പതി സംഗമം – 2018’ ആഘോഷിച്ചു. അതിരൂപതയില്‍ ഈ വര്‍ഷം വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന 984 ദമ്പതികളെ ഡിസംബര്‍ 8 ശനി, 9 ഞായര്‍ എന്നീ ദിനങ്ങളില്‍ ഉച്ച തിരിഞ്ഞ് 3.30 ന് എറണാകുളം ആശിര്‍ ഭവനില്‍ വച്ച് ആദരിച്ചു. 114 പേര്‍ സുവര്‍ണ്ണ ജൂബിലിക്കാരും 870 പേര്‍ രജത ജൂബിലിക്കാരുമായിരുന്നു. സംഗമം അഭിവന്ദ്യ മെത്രപ്പോലീത്ത മോസ്റ്റ്. റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉല്‍ഘാടനം ചെയ്തു. വിവാഹ ജീവിതത്തില്‍ 25 ഉം 50 ഉം വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതികള്‍ ദാമ്പത്യ ജീവിത ദൈവവിളിക്കു സജീവ സാക്ഷ്യം നല്കുന്നവരാണെന്നും അവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങളും പക്വതയും ഭദ്രമായ കുടുംബ ജീവിതം നയിക്കാന്‍ ഇളം തലമൂറയിലെ ദമ്പതികള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നും അഭിവന്ദ്യ പിതാവ് ഉല്‍ബോധിപ്പിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി എടുത്തുപറഞ്ഞ് അഭിവന്ദ്യ പിതാവ് പ്രശംസ രേഖപ്പെടുത്തുകയും ഏറ്റം അടുത്ത കാലത്ത് ഫ്രാന്‍സിസ് പാപ്പ കുടുംബത്തിലെ സ്‌നേഹത്തെക്കുറിച്ച് പുറപ്പെടുവിച്ച ‘ സ്‌നേഹത്തിന്റെ സന്തോഷം’ എന്ന അപ്പസ്‌തോലിക പ്രബോധനം കുടുംബത്തിന്റെ മേഖലയില്‍ സഭ പുലര്‍ത്തുന്ന ജാഗ്രത എത്ര മാത്രമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് അഭിപ്രായപ്പെടുകയും ജൂബിലി ദമ്പതികള്‍ക്കോരോരുത്തര്‍ക്കും സ്മരണിക നല്കി അവരെ ആദരിക്കുകയും ചെയ്തു.
                   സമാപന സമ്മേളനം കെ.സി.ബി.സി ഡെപ്യുട്ടിസെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് ഉല്‍ഘാടനം ചെയ്തു. വെരി. റവ. മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ ആദ്ധ്യക്ഷ്യം വഹിച്ചു. റവ. ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി മുഖ്യ പ്രഭാഷകനായിരുന്നു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ റവ. ഫാ. ആന്റെണി കോച്ചേരി സ്വാഗതമാശംസിച്ചു. സെക്രട്ടറിശ്രീ. ജോണ്‍സണ്‍ പള്ളത്തുശ്ശേരി, ജോയിന്റ് സെക്രട്ടറി ശ്രീ എന്‍.വി. ജോസ്, അവതാരകന്‍ ശ്രീ.ജോബി തോമസ്,ശ്രീ. റോയ് പാളയത്തില്‍, ശ്രീ. മാത്യൂ ലിഞ്ചന്‍ റോയ്, ശ്രീ. ബാബു കൊമരോത്ത്, ശ്രീ.ജോര്‍ജ്ജ് കൊമരോത്ത്, ആനിമേറ്റര്‍ സിസ്റ്റര്‍ജോസഫിന്‍ O’carm എന്നിവര്‍ സന്നിഹിതരായിരുന്നു.പൊതുയോഗത്തിനു മുമ്പ് ശ്രീ. ജോഷി ജോര്‍ജ്ജ് കിഴക്കമ്പലം ദമ്പതികള്‍ക്ക് ക്ലാസ്സ് നയിച്ചു.