വരാപ്പുഴ അതിരൂപതയിലെ വൈദികരുടെ ക്രിസ്തുമസ് സംഗമം ആഘോഷിച്ചു

വരാപ്പുഴ അതിരൂപതയിലെ വൈദികരുടെ ക്രിസ്തുമസ് സംഗമം ആഘോഷിച്ചു. ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെയും ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവിന്റെയും അനുഗ്രഹിത സാന്നിധ്യത്തില്‍ വൈദികരുടെ ക്രിസ്തുമസ് സംഗമം ഡിസംബര്‍ 17 തിങ്കളാഴ്ച്ച  വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഹൗസില്‍ വച്ചു നടന്നു. റവ. ഡോ. ജേക്കബ് പ്രസാദ് ക്രിസ്തുമസ് സന്ദേശം നല്കി. സത്രത്തില്‍ ഇടം ലഭിക്കാതിരുന്ന ദൈവപുത്രന്റെ ജനനം നാം ആഘോഷിക്കുമ്പോള്‍ നമുക്ക് ചുറ്റും കഷ്ടപ്പെടുന്ന,പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരരോട് അനുകമ്പയും കാരുണ്യവും സഹാനുഭൂതിയും നാം കാണിക്കണമെന്ന്  ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. ജലപ്രളയ സമയത്ത് അതിരൂപതയിലെ വൈദികരുടെ കീഴില്‍ വിവിധ ഇടവകകള്‍ നടത്തിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ അത്യന്തം സ്തുത്യര്‍ഹമാണെന്ന്  അദ്ദേഹം പറഞ്ഞു. ക്രിസ്തുനാഥന്റെ ജനനം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വക്താക്കളാകുവാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു എന്ന് ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപത്തിയഞ്ചും അന്‍പതും വര്‍ഷങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കിയ വൈദികരെ അനുമോദിച്ചു. കെ. സി. വൈ. എം. ന്റെ നേതൃത്വത്തില്‍ പുതുതായി രൂപികരിച്ച മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ സംഗമത്തിന് മോടി കൂട്ടി. വരാപ്പുഴ  അതിരൂപതയിലെ വൈദികരും സന്യാസ വൈദികരും ക്രിസ്തുമസ് സംഗമത്തില്‍ പങ്കെടുത്തു.