കെ.ആര്‍.എല്‍.സി.സിയുടെ കര്‍മശ്രേഷ്ഠ പുരസ്‌കാരം ഷാജി ജോര്‍ജിന് സമ്മാനിച്ചു

കെ.ആര്‍.എല്‍.സി.സിയുടെ കര്‍മശ്രേഷ്ഠ പുരസ്‌കാരം സമുദായ വക്താവായ ഷാജി ജോര്‍ജിന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും കെ.ആര്‍.എല്‍.സി.സി ദുബായ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജും ചേര്‍ന്നു സമ്മാനിച്ചു. കെ.ആര്‍.എല്‍.സി.സി ദുബായ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യു.എ.ഇ ലത്തീന്‍ കത്തോലിക്കാ ദിന ആഘോഷപരിപാടികളുടെ ചടങ്ങില്‍ വച്ചാണ് ഷാജി ജോര്‍ജ്ജിന് കര്‍മശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചത്. ലത്തീന്‍ കത്തോലിക്കരുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. കെ.ആര്‍.എല്‍.സി.സി ദുബായ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യു.എ.ഇ ലത്തീന്‍ കത്തോലിക്കാ ദിന ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും മലയാളികളായ ലത്തീന്‍ കത്തോലിക്കരുടെ ഐക്യം പരമ പ്രധാനമാണ്. കൂട്ടായ്മയിലൂടെ മാത്രമേ നമ്മുടെ ശക്തി പ്രകടിപ്പിക്കാനും പൊതുസമൂഹത്തിന് അതു തിരിച്ചറിയാനും സാധിക്കുകയുള്ളൂ. ദുബായിലെ ലത്തീന്‍ കത്തോലിക്കരുടെ പരസ്പരസ്‌നേഹവും സഹകരണവും മാതൃകാപരമാണ്. ഇന്ത്യ എല്ലാ സംസ്‌കാരങ്ങളെയും എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന മഹത്തായ രാജ്യമാണ്. അവിടെ ചില വിഭാഗങ്ങളെ മാറ്റിനിര്‍ത്താനുള്ള ശ്രമം നല്ലതല്ലെന്നും ബിഷപ് വ്യക്തമാക്കി. നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയും നിരവധി സാംസ്‌കാരിക-കലാ പരിപാടികളോടെയുമാണ് യുഎഇയിലെ ലത്തീന്‍ കത്തോലിക്കാ ദിനം ആഘോഷിച്ചത്. ആലുവ എടത്തല എട്ടേക്കര്‍ സെന്റ്. ജൂഡ്‌ ഇടവകാംഗമാണ്‌ കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് .