ആര്‍ച്ച്ബിഷപ്പ് ബച്ചിനെല്ലിക്ക് ദേശീയ അംഗീകാരമുദ്ര: പോസ്റ്റല്‍ കവര്‍ ഇറക്കി

                   മലയാളക്കരയില്‍ ആധ്യാത്മിക നവീകരണത്തിനും സാമൂഹിക വികസനത്തിനും സാംസ്‌കാരിക നവോത്ഥാനത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ വരാപ്പുഴ വികാരിയാത്തിലെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറി ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടെ 150-ാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യ പോസ്റ്റ് സ്‌പെഷല്‍ കവര്‍ ഇറക്കി.
              ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഇടയലേഖനത്തിലൂടെ കേരളത്തിലെ എല്ലാ ഇടവകകളിലും ഗ്രാമങ്ങളിലും പള്ളിയോടു ചേര്‍ന്ന് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ കല്പന പുറപ്പെടുവിച്ച ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി ജാതി, മത, ലിംഗ ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി സാര്‍വത്രിക വിദ്യാഭ്യാസത്തിനായി വ്യവസ്ഥാപിത സംവിധാനത്തിന് അടിത്തറ പാകിയതായി വിശേഷ പോസ്റ്റല്‍ കവറില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയുടെ പ്രത്യേക സ്റ്റാമ്പു സഹിതമുള്ള സ്‌പെഷല്‍ കവര്‍ പ്രകാശനം എറണാകുളം ആശിര്‍ഭവനില്‍ എറണാകുളം പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പ്രതീക് നിര്‍വഹിച്ചു. രാജ്യത്ത് സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ വികസന മുന്നേറ്റത്തില്‍ ക്രൈസ്തവ മിഷണറിമാര്‍ വഹിച്ച പങ്കിനുള്ള രാഷ്ട്രത്തിന്റെ അംഗീകാരമാണിതെന്ന് അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തെ ചരിത്രനായകരെ ആദരിച്ചുകൊണ്ട് തപാല്‍ വകുപ്പ് ഇത്തരം സ്‌പെഷല്‍ കവറും സ്റ്റാമ്പും ഇറക്കാറുണ്ട്. ബച്ചിനെല്ലിയുടെ 150-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ രാജ്യം നന്ദിയോടെ സ്മരിക്കുന്നതായി പ്രതീക് പറഞ്ഞു. 
               ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി കേരളത്തിനു മാത്രമല്ല ഭാരതത്തിനുതന്നെ വിദ്യാഭ്യാസ രംഗത്തും സാമൂഹിക പരിഷ്‌കരണത്തിനും നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്ന് ആദ്യകവര്‍ ഏറ്റുവാങ്ങിയ പ്രഫ. കെ.വി. തോമസ് എംപി പറഞ്ഞു. കേരളസഭയുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും തദ്ദേശീയ സന്യസ്ത സമൂഹങ്ങളുടെ സമാരംഭത്തിനും അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി കേരള സമൂഹം കൈവരിച്ച സാംസ്‌കാരിക മുന്നേറ്റത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നേതൃത്വം നല്‍കിയ, രാജ്യത്തിനുതന്നെ മാര്‍ഗദര്‍ശിയായ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രാതഃസ്മരണീയനാണെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഹെരിറ്റേജ് കമ്മീഷന്‍ ചെയര്‍മാനും കണ്ണൂര്‍ ബിഷപ്പുമായ ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു. 
               സമൂഹത്തിന്റെ വികസനത്തിനും വ്യക്തിയുടെ മാനവിക വികാസത്തിനും വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എടുത്തുകാട്ടി കേരള സമൂഹത്തെ ദീര്‍ഘവീക്ഷണത്തോടെ നയിച്ച ക്രാന്തദര്‍ശിയായിരുന്നു ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഉത്തമ പൗരന്മാരായി വളരാനും സമൂഹത്തില്‍ തങ്ങളുടെ സര്‍ഗാത്മക പങ്കുവഹിക്കാനും യുവതലമുറയെ പ്രാപ്തരാക്കുന്നതിന് വിദ്യാഭ്യാസത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് ആ ശ്രേഷ്ഠ ആചാര്യന് ബോധ്യമുണ്ടായിരുന്നു. പ്രത്യേക തപാല്‍ കവറിലൂടെ അദ്ദേഹത്തിന്റെ അനന്യ സംഭാവനകളെ ആദരിച്ച ഇന്ത്യ ഗവണ്‍മെന്റിന്റെ തപാല്‍ വകുപ്പിന് നന്ദി അര്‍പ്പിക്കുന്നു. ചരിത്രപ്രധാനമായ ഈ ഔദ്യോഗിക അംഗീകാരം സാധ്യമാക്കുന്നതിന് പ്രവര്‍ത്തിച്ച മോണ്‍. ജോസഫ് പടിയാരംപറമ്പിലിനെയും ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പിലിനെയും അഭിനന്ദിക്കുന്നതായും ആര്‍ച്ച്ബിഷപ് പറഞ്ഞു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചു.
                ഇറ്റലിയിലെ റോമില്‍ ജനിച്ച ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി 1833ല്‍ കേരളത്തിലെത്തി. കൊല്ലം വികാരിയാത്തിന്റെ ആദ്യ പ്രോ-വികാരി അപ്പസ്‌തോലിക്കയും വരാപ്പുഴ, മംഗലാപുരം, കൊല്ലം പ്രവിശ്യകളിലെ കര്‍മലീത്താ സമൂഹത്തിന്റെ വികാര്‍ പ്രൊവിന്‍ഷ്യലും വരാപ്പുഴ വികാരിയാത്തിന്റെ അഡ്മിനിസ്‌ട്രേറ്റും വികാരി അപ്പസ്‌തോലിക്കയുമൊക്കെയായി 35 വര്‍ഷം കേരളത്തില്‍ സേവനം ചെയ്ത അദ്ദേഹം ഇവിടെ വൈദികപരിശീലനത്തിന് പരമ്പരാഗത മല്പാന്‍ പാഠശാലകള്‍ക്കു പകരം റീജനല്‍ അപ്പസ്‌തോലിക സെമിനാരി സ്ഥാപിക്കുകയും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി രാജ്യത്തെ ആദ്യത്തെ തദ്ദേശീയ സന്യാസസമൂഹങ്ങള്‍ കാനോനികമായി സ്ഥാപിക്കുന്നതിനും അവയുടെ നിയമാവലി ക്രമപ്പെടുത്തുന്നതിനും മുന്‍കൈ എടുക്കുകയും, കേരളസഭയുടെ ഐക്യത്തിനു ഭീഷണി ഉയര്‍ത്തിയ റോക്കോസ് ശീശ്മയെ ശക്തമായി നേരിടുകയും, വിശ്വാസികളുടെ ആധ്യാത്മിക പരിപോഷണത്തിന് നിരവധി നവീകരണ പ്രസ്ഥാനങ്ങള്‍ക്കും ഭക്തിഅനുഷ്ഠാനങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്തു. 1868 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു അന്ത്യം. വരാപ്പുഴ മൗണ്ട് കാര്‍മല്‍ സെന്റ് ജോസഫ് ആശ്രമദേവാലയത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം അടക്കം ചെയ്തത്. അദ്ദേഹത്തിന്റെ 150-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബറില്‍ നടത്താനിരുന്ന പൊതുചടങ്ങുകള്‍ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.