പ്രളയാനന്തര നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപത

ശബരിമല പോലുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപത കുറ്റപ്പെടുത്തി. ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച കണ്ണീരോര്‍മ്മ അനുസ്മരണ പരിപാടിയിലാണ് പ്രതിഷേധം ഉയര്‍ന്നത്. ഓഖി ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്ന ദുരിതാശ്വാസ തുക ഇനിയും പൂര്‍ണ്ണമായും നല്‍കിയിട്ടില്ല. പ്രളയാനന്തര നടപടികളുടെ ഭാഗമായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാന്‍ പോലും ഇനിയും സര്‍ക്കാരിനായിട്ടില്ല. ചീനവല ഉള്‍പ്പെടെ തൊഴില്‍സാമഗ്രികളും തൊഴില്‍ സ്ഥാപനങ്ങളും നഷ്ടമായ നിരവധി ദുരിതബാധിതരുടെ അപേക്ഷകളില്‍ നാളിതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പ്രളയകാലത്ത് വാഗ്ദാനം ചെയ്ത താല്‍ക്കാലിക ധനസഹായത്തില്‍ ഒതുക്കാതെ സമഗ്രമായ പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. അതിരൂപതാ പ്രസിഡന്റ് സി ജെ പോള്‍ അധ്യക്ഷത വഹിച്ച യോഗം അതിരൂപത ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപറമ്പില്‍ ഉദ്ഘാടനം ചെയ്തു. 
അഡ്വ. ഷെറി ജെ. തോമസ്, എം. സി ലോറന്‍സ്, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, അഡ്വ. ഹെന്റി ഓസ്റ്റിന്‍, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, റോയ് ഡീക്കൂഞ്ഞ, റോയ് പാളയത്തില്‍, ബാബു ആന്റണി, ആന്‍സാ ജയിംസ്, മേരി ജോര്‍ജ്, മോളി ചാര്‍ലി, ടോമി കുരിശുവീട്ടില്‍, സോണി സോസാ, എന്‍. ജെ പൗലോസ്, ജ. ജ ജോസഫ്, സാബു പടിയാംഞ്ചേരി, അഡ്വ. സ്റ്റെര്‍വിന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.