ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ പൗരോഹിത്യസമര്‍പ്പണത്തിന്റെ സുവര്‍ണ ജൂബിലി നിറവില്‍

കത്തോലിക്കാ സഭയ്ക്കും ലത്തീന്‍സമുദായത്തിനും ദിശാബോധവും പങ്കാളിത്ത സഭയുടെ വിശാല കാഴ്ചപ്പാടുകളും നല്‍കിയ വലിയ ഇടയന് പൗരോഹിത്യസമര്‍പ്പണത്തിന്റെ സുവര്‍ണ ജൂബിലി. അമ്പതാണ്ടുകള്‍ക്കു മുമ്പ് 1968 ജൂണ്‍ 29ന്, വത്തിക്കാനില്‍ സുവിശേഷപ്രഘോഷണ തിരുസംഘത്തിന്റെ (പ്രൊപ്പഗാന്ത ഫീദെ) അധ്യക്ഷനും അര്‍മീനിയന്‍ പാത്രിയാര്‍ക്കുമായിരുന്ന കര്‍ദിനാള്‍ ഗ്രിഗോറിയോ പിയെത്രോ അഗജിയാനിയനില്‍ നിന്നാണ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ പൗരോഹിത്യം സ്വീകരിച്ചത്. 1987ല്‍ കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 2010 ഫെബ്രുവരിയില്‍ മാതൃ അതിരൂപതയായ വരാപ്പുഴയുടെ മെത്രാപ്പോലീത്തയായി നിയുക്തനായി. 2016 ഒക്‌ടോബറില്‍ മെത്രാപ്പോലീത്താ സ്ഥാനത്തുനിന്നു വിരമിച്ചു. ഇപ്പോള്‍ കാക്കനാട് വില്ലാ സൊക്കോര്‍സോയില്‍ വിശ്രമമറിയാത്ത വിശ്രമജീവിതത്തിലാണ് ആര്‍ച്ച്ബിഷപ് എമരിറ്റസ്. 
തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്ത് കല്ലറക്കല്‍ ഔസോയുടെയും(ജോസഫ്) ബ്രിജിത്തിന്റെയും മകനായി 1941 ഒക്ടോബര്‍ 10നാണ് ഫ്രാന്‍സിസ് കല്ലറക്കലിന്റെ ജനനം. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പ്രിയപ്പെട്ട കുഞ്ഞുപാഞ്ചി. ബാല്യത്തില്‍ തന്നെ യേശുവിന്റെ സ്‌നേഹവും കരുണയും ജീവിതത്തിലെ വെളിച്ചമായി ഫ്രാന്‍സിസ് സ്വീകരിച്ചു. പാവപ്പെട്ടവരോടു പക്ഷംചേരാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജമായത് മാതാപിതാക്കളുടെ സ്‌നേഹവും കരുണയും നിറഞ്ഞ നിലപാടുകള്‍.  കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് എല്‍പി സ്‌കൂള്‍, ഗോതുരുത്ത് സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂള്‍, ചേരാനല്ലൂര്‍ ലിറ്റില്‍ ഫഌവര്‍ യുപി സ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. 1956 മേയ് 9ന് എറണാകുളം സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ പ്രവേശനം. 1962 മേയ് 30 മുതല്‍ ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ്‌സ് സെമിനാരിയില്‍ തത്വശാസ്ത്ര പഠനം. 1964 ഒക്ടോബര്‍ 7ന് ദൈവശാസ്ത്രപഠനത്തിനായി റോമിലേക്ക്. 1968ല്‍ റോമിലെ പ്രൊപ്പഗാന്ത സര്‍വകലാശാലയില്‍ നിന്ന് എസ്റ്റിഎല്‍ ബിരുദം നേടി.
പൗരോഹിത്യസ്വീകരണത്തിനുശേഷം അമേരിക്കയില്‍ ഉപരിപഠനം. 1971 ജനുവരി മുതല്‍ ജൂലൈ വരെ വരാപ്പുഴ അതിരൂപതയിലെ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പള്ളി സഹവികാരി. 1971 ജൂലൈ മുതല്‍ 1978 വരെ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കേളന്തറയുടെ സെക്രട്ടറി. 1978 ജൂണ്‍ ഒന്നു മുതല്‍ സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍. 1982 മാര്‍ച്ച് മുതല്‍ 1986 വരെ അമ്പലമുകള്‍ ദൈവാലയ പ്രീസ്റ്റ് ഇന്‍-ചാര്‍ജ്, 1986ല്‍ ബാംഗളൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. 1987 ഓഗസ്റ്റ് ഒന്നിനാണ് കോട്ടപ്പുറം രൂപതാ മെത്രാനായി നിയമിതനായത്. ഒക്ടോബര്‍ നാലിന് മെത്രാഭിഷേകം. 2008 ഒക്ടോബറില്‍ ജീവനാദത്തിന്റെ ചെയര്‍മാനായി സ്ഥാനമേറ്റു. 2010 ഫെബ്രുവരി 20ന് വരാപ്പുഴ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള പാപ്പായുടെ ഉത്തരവ്. ഏപ്രില്‍ 11ന് സ്ഥാനാരോഹണം. വരാപ്പുഴയുടെ അഞ്ചാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹം. ദൈവത്തില്‍ സര്‍വതും സമര്‍പ്പിച്ച ദീര്‍ഘമായ തീര്‍ത്ഥാടനം. എന്തുകൊണ്ട് സ്ഥാനത്തുനിന്നു വിരമിച്ച ശേഷവും വിശ്രമമില്ലാതെ ഓടിനടക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം.
2004 ഒക്ടോബറില്‍ കോട്ടപ്പുറത്തും 2015 ഏപ്രിലില്‍ വരാപ്പുഴയിലും സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയ സിനഡ് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി ആദ്ധ്യാത്മികവും ഭൗതികവും അജപാലനപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടിയത് കല്ലറക്കല്‍ പിതാവിന്റെ കിരീടത്തിലെ പൊന്‍തൂവലുകള്‍. 23 വര്‍ഷം ബിഷപ് എന്ന നിലയില്‍ കോട്ടപ്പുറത്തും ആറു വര്‍ഷം മെത്രാപ്പോലീത്ത എന്ന നിലയില്‍ വരാപ്പുഴയിലും നടത്തിയ ഇടപെടലുകള്‍ ജാതിമത വിഭാഗീയതകള്‍ക്ക് അതീതമായി നാടിന്റെ മുഴുവന്‍ സ്‌നേഹാദരങ്ങളും ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിനു സഹായകരമായി. കോട്ടപ്പുറത്തുനിന്ന് രണ്ടര പതിറ്റാണ്ടോളം നീണ്ട അനുഭവസമ്പത്തുമായി വരാപ്പുഴയിലെത്തുമ്പോള്‍ ഭാഗ്യസ്മരണാര്‍ഹരായ ജോസഫ് അട്ടിപ്പേറ്റി, ജോസഫ് കേളന്തറ, കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, ഡാനിയല്‍ അച്ചാരുപറമ്പില്‍ എന്നീ മഹാരഥന്മാരുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് പൈതൃകസമ്പന്നമായ അതിരൂപതയെ ആഴമേറിയ ദൈവവിശ്വാസത്തിലേക്കു നയിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.
ദൈവത്തിനും ദൈവജനത്തിനും വേണ്ടി എന്ന തന്റെ ആപ്തവാക്യം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുവാന്‍ തീവ്രപ്രയത്‌നം തന്നെ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ചെയ്തു. അല്മായരോടുള്ള അദ്ദേഹത്തിന്റെ അടുപ്പത്തിന് അതിരുകളുണ്ടായിരുന്നില്ല. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ചുവടുപിടിച്ച് സഭയില്‍ അല്മായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ തന്റെ കഴിവുകളും അധികാരവും ഉപയോഗിച്ച് അദ്ദേഹം ശ്രമിച്ചു. സഭയിലെ ധനകാര്യ ഇടപാടുകളില്‍ അല്മായ പങ്കാളിത്തം വേണമെന്നും ധനവിനിയോഗത്തെകുറിച്ച് അല്മായര്‍ക്ക് അറിവ് നല്‍കണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. തന്റെ മുന്‍ഗാമി, കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവ് സംഗീതരചയിതാവായിരുന്നെങ്കില്‍ ഗായകനായാണ് ഫ്രാന്‍സിസ് പിതാവ് അറിയപ്പെടുന്നത്.
സ്ത്രീകളെയും യുവാക്കളെയും ശക്തീകരിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു; അവരുടെ സംഘടനകളെ നിര്‍ലോപം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോട്ടപ്പുറം രൂപതാദ്ധ്യക്ഷനായിരിക്കെ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) എന്ന സാമൂഹ്യസേവന സംഘടന രൂപീകരിച്ച് പ്രദേശത്തിന്റെ വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞത് ഇന്നും ആ രൂപതയിലെയും പരിസരപ്രദേശങ്ങളിലെയും ജനത നന്ദിപൂര്‍വം സ്മരിക്കുന്നു. ജാതി, മത വ്യത്യാസമില്ലാതെ സ്ത്രീകളുടെയും തൊഴിലാളികളുടെയും ശാക്തീകരണത്തില്‍ കിഡ്‌സ് വഹിച്ച പങ്ക് ദേശീയതലത്തില്‍ തന്നെ അംഗീകാരങ്ങള്‍ നേടിയിരുന്നു. വരാപ്പുഴയില്‍ വിദ്യാഭ്യാസ സമിതിയായ നവദര്‍ശനും സാമൂഹ്യസേവന സംഘടനയായ ഇഎസ്എസ്എസും കല്ലറക്കല്‍ പിതാവിന്റെ പ്രത്യേക പരിലാളനയില്‍ വളര്‍ന്നു പന്തലിച്ചു.പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന വേളയിലും മനുഷ്യന്‍ മനുഷ്യനെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന നല്ല നാളുകള്‍ തന്നെയാണ് പിതാവ് സ്വപ്‌നം കാണുന്നത്.