ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് സ്വീകരണം നല്‍കി

 
കൊച്ചി: രാജസ്ഥാനില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്ക് വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വരാപ്പുഴ അതിമെത്രാസനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയികളെ അനുമോദിച്ചു. കായിക പ്രതിഭകളെ വേണ്ടവിധത്തില്‍ ആദരിക്കുവാന്‍ സമൂഹം തയ്യാറാകണമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. 57 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വല്ലാര്‍പാടം പള്ളേക്കാട്ട് ക്ലൈസന്‍ റിബല്ലോയുടെ മകള്‍ സെലസ്റ്റീന റിബല്ലോ, 84 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാക്കനാട് ചെമ്പുമുക്ക് സ്വദേശി മേരി ബീന, മാസ്റ്റേഴ്സ് 66 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃക്കാക്കര സ്വദേശി വി. എക്സ് സേവ്യര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
പ്രൊഫ. കെ. വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, കളമശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഗ്രേസി ജോസഫ്, ആന്‍സ ജെയിംസ്, മോണ്‍. ജോസഫ് തണ്ണിക്കോട്ട്, ചാന്‍സലര്‍ എബിജിന്‍ അറയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.